ഓല ഇ സ്കൂട്ടർ: ബുക്കിങ്ങിന്റെ വിലയുടെ ബാക്കി സ്വീകരിക്കുക നവംബർ മുതൽ


ola-electric-scooter
   

വാഹന വിൽപനയുമായി ബന്ധപ്പെട്ട തുടർനടപടിക്രമങ്ങളിലെ അവ്യക്തത തിരിച്ചടി സൃഷ്ടിക്കുമോയെന്ന് റൈഡ് ഹെയ്‌ലിങ് രംഗത്തു നിന്നു വൈദ്യുത ഇരുചക്രവാഹന നിർമാണ മേഖലയിൽ പ്രവേശിച്ച ഓല ഇലക്ട്രിക്കിന് ആശങ്ക. ബുക്കിങ്, ഡെലിവറി, ടെസ്റ്റ് റൈഡ് തുടങ്ങിയ കാര്യങ്ങളിൽ അനിശ്ചിതത്വം നിലനിർക്കുന്നതിനാൽ എസ് വൺ, എസ് വൺ പ്രോ വൈദ്യുത സ്കൂട്ടറുകളുടെ അവശേഷിക്കുന്ന വില സ്വീകരിക്കുന്നതു കമ്പനി അടുത്ത മാസത്തേക്കു നീട്ടി. 

സെപ്റ്റംബർ മധ്യത്തിൽ  499 രൂപ അഡ്വാൻസ് ഈടാക്കിയാണ് ഓല ഇലക്ട്രിക് എസ് വൺ, എസ് വൺ പ്രോ ഇ സ്കൂട്ടറുകൾക്കുള്ള ബുക്കിങ് സ്വീകരിച്ചത്. സ്കൂട്ടറിന്റെ ബാക്കി വില നവംബർ 10 മുതൽ അടയ്ക്കണമെന്നാണ് കമ്പനി ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്. നവംബർ 10 മുതൽ എസ് വൺ, എസ് വൺ പ്രോ ഇ സ്കൂട്ടറുകൾ പരീക്ഷണ സവാരിക്കു ലഭ്യമാക്കുമെന്നും കമ്പനിയുടെ വാഗ്ദാനമുണ്ട്. നവംബർ 10നു ശേഷം വാഹനവില പൂർണമായും അടയ്ക്കുന്നവർക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ പുതിയ സ്കൂട്ടർ കൈമാറുമെന്നും ഓല ഇലക്ട്രിക് ഉറപ്പു നൽകുന്നു. 

ടെസ്റ്റ് റൈഡ് തുടങ്ങുന്നതു സംബന്ധിച്ചും ഡെലിവറിയുടെ സമയക്രമത്തെ ചൊല്ലിയും ചോദ്യങ്ങളുടെ പ്രവാഹമാണ് ഓല ഇലക്ട്രിക് നേരിട്ടത്. ഇ സ്കൂട്ടറുകൾ ഡെലിവറി ഒക്ടോബർ 15ന് ആരംഭിക്കുമെന്നും എസ് വണ്ണിന്റെയും എസ് വൺ പ്രോയുടെയും വില ഒക്ടോബർ 18 മുതൽ സ്വീകരിച്ചു തുടങ്ങുമെന്നും കമ്പനി നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാൽ ദീപാവലിക്കു മുമ്പ് ‘എസ് വൺ’, ‘എസ് വൺ പ്രോ’ സ്കൂട്ടർ കൈമാറ്റം സംഭവിക്കില്ലെന്നാണ് ഇപ്പോൾ കമ്പനി വ്യക്തമാക്കുന്നത്. അതേസമയം, ബുക്കിങ് റദ്ദാക്കുന്നവർക്ക് അഡ്വാൻസ് പൂർണമായും മടക്കി നൽകുമെന്ന വാഗ്ദാനം കമ്പനി ആവർത്തിക്കുന്നുണ്ട്. 

കഴിഞ്ഞ സ്വാതന്ത്യ്ര ദിനത്തിലാണ് ഓല ഇലക്ട്രിക് പുതിയരണ്ട്  വൈദ്യുത സ്കൂട്ടറുകൾ അനാവരണം ചെയ്തത്. അടിസ്ഥാന പതിപ്പായ എസ് വണ്ണിന് 99,999 രൂപയും മുന്തിയ വകഭേദമായ എസ് വൺ പ്രോയ്ക്ക് 1,29,999 രൂപയുമായിരുന്നു വില. സെപ്റ്റംബർ 15 മുതൽ രണ്ടു ദിവസമാണ് 499 രൂപ അടച്ച് സ്കൂട്ടർ ബുക്ക് ചെയ്യാൻ ഓല ഇലക്ട്രിക് അവസരം ഒരുക്കിയത്. വെറും 48 മണിക്കൂറിനിടെ 1100 കോടി രൂപ മൂല്യമുള്ള ബുക്കിങ് ലഭിച്ചതായും ഓല അവകാശപ്പെട്ടിരുന്നു. ദീപാവലിക്കു മുന്നോടിയായി നവംബർ ഒന്നു മുതൽ സ്കൂട്ടറുകൾക്കുള്ള ബുക്കിങ് വീണ്ടും സ്വീകരിക്കുമെന്നും ഓല ഇലക്ട്രിക് പ്രഖ്യാപിച്ചിട്ടുണ്ട്.