Pages

*നീണ്ട ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ ഇന്ന് തുറക്കുന്നു*


01-11-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്കൂളുകള്‍ തുറക്കുന്നു. കര്‍ശനമായ സുരക്ഷാ പാഠങ്ങളുമായി 42 ലക്ഷത്തോളം കുട്ടികളാണ് ഇന്ന് സ്കൂളുകളിലെത്തുന്നത്. ഇന്ന് രാവിലെ 8.30ന് തിരുവനന്തപുരം ഗവ: കോട്ടണ്‍ഹില്‍ യു.പി സ്കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവം. ഒന്നു മുതല്‍ ഏഴ് വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളുമാണ് ഇന്ന് ആരംഭിക്കുന്നത്. ഇന്ന് സ്കൂളുകളില്‍ നേരിട്ടെത്താത്തത് അയോഗ്യതയായി കണക്കാക്കില്ല. നേരിട്ട് വരാന്‍ തയാറല്ലാത്തവര്‍ക്ക് ഡിജിറ്റല്‍ പഠനം തുടരാം. തിരക്ക് ഒഴിവാക്കാന്‍ 8, 9 ക്ലാസുകള്‍ ഈ മാസം 15-നാണ് തുടങ്ങുക. പ്ലസ് വണ്‍ ക്ലാസുകളും 15നു തുടങ്ങും.

*സുരക്ഷ അതീവപ്രധാനം*

സ്കൂളുകള്‍ തുറക്കുന്നതോടെ വിദ്യാലയങ്ങളില്‍ നേരിട്ട് നടക്കേണ്ട വിദ്യാഭ്യാസത്തിന്റെ അഭാവം സൃഷ്ടിച്ചിരുന്ന വെല്ലുവിളിക്ക് പരിഹാരമാവുകയാണെന്നും സുരക്ഷിതമായ രീതിയില്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോവേണ്ടത് അതീവപ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്കൂളുകള്‍ പൂര്‍ണ സജ്ജമായെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.

*ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍*

സ്‌കൂള്‍ തുറന്നാല്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും ആദ്യ രണ്ടാഴ്ചയിലെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. രാവിലെ 9 മുതല്‍ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസുകള്‍ തുടങ്ങണം. സ്‌കൂളുകളില്‍ ആകെ കുട്ടികളുടെ എണ്ണം 25% ആയി ക്രമീകരിക്കണം. ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ വീതം ആയിരിക്കണം ഇരിക്കേണ്ടത്. കുട്ടികള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഒന്നിച്ചിരുന്ന് കഴിക്കാതെ രണ്ട് മീറ്റര്‍ അകലംപാലിക്കണം.

ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകള്‍. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച്‌ കുട്ടികള്‍ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാകും ക്ലാസുകള്‍ നടത്തുക. ബാച്ചുകള്‍ സ്കൂളുകള്‍ക്ക് തിരിക്കാം. ഒരോ ബാച്ചിനും തുടര്‍ച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാകും പഠനം.

*വാക്‌സിന്‍ മസ്റ്റ്*

2282 അധ്യാപകര്‍ വാക്‌സിന്‍ എടുക്കാത്തതായുണ്ട്. ഈ അധ്യാപകരോട് സ്‌കൂളുകളില്‍ വരേണ്ടതില്ലെന്ന് വാക്കാല്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്. അവര്‍ വീടുകളില്‍ ഇരുന്ന് ഓണ്‍ലൈന്‍ ആയി കുട്ടികളെ പഠിപ്പിച്ചാല്‍ മതി. ഡെയ്‌ലി വേജസില്‍ വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുണ്ടെങ്കില്‍ അവര്‍ ഇനി ജോലിയ്ക്ക് വരേണ്ടതില്ല. കുട്ടികളെ കൊണ്ട് വരുന്ന രക്ഷിതാക്കള്‍ സ്കൂളില്‍ പ്രവേശിക്കരുത്. ഇതൊക്കെയാണ് പൊതു നിര്‍ദ്ദേശങ്ങള്‍. ആദ്യരണ്ടാഴ്ചക്ക് ശേഷം ക്ലാസിലെത്തേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് എന്നിവയിലടക്കമുള്ള മാറ്റമുണ്ടാകും.
➖️➖️➖️➖️➖️➖️➖
കടപ്പാട് : *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*