Pages

*"കെട്ടിട നിർമ്മാണവും വസ്തു നികുതിയും"*


*1) നിയമാനുസൃതമല്ലാതെ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ കെട്ടിട നമ്പർ ലഭിക്കുമോ?*

പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 235 AA പ്രകാരം മേൽപ്പറഞ്ഞ കെട്ടിടങ്ങൾക്ക് UA എന്ന ഇംഗ്ലീഷ് അക്ഷരവും ടി കെട്ടിടം നിർമ്മിച്ച വർഷവും ചേർത്ത് പഞ്ചായത്ത്‌/ മുൻസിപ്പൽ നമ്പർ ലഭിക്കുവാൻ സാധ്യതയുണ്ട്. പ്രസ്തുത വകുപ്പ് പ്രകാരം പഞ്ചായത്ത്‌ വസ്തു നികുതി ചുമത്തുമ്പോൾ കെട്ടിടനിർമ്മാണം ക്രമവൽക്കരിക്കപ്പെട്ടതായി കണക്കാക്കരുത്. ടി കെട്ടിടം എന്നുവേണമെങ്കിലും പൊളിച്ചു മാറ്റുവാൻ കെട്ടിട ഉടമ ബാധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞ കെട്ടിടനമ്പർ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാനും സാധിക്കുകയില്ല. ആയതുകൊണ്ട് വീടും സ്ഥലവും വാങ്ങുവാൻ ആഗ്രഹിക്കുമ്പോൾ കെട്ടിടത്തിന്റെ നമ്പർ ശ്രദ്ധിക്കേണ്ടതാണ്.
..............................................................
*2) നിലവിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറിയത്തിന് ശേഷം ആ വിവരം പഞ്ചായത്ത്/ മുൻസിപ്പാലിറ്റി സെക്രട്ടറിയെ ഉടമ അറിയിക്കേണ്ടതുണ്ടോ?*

കൈമാറ്റത്തിന് ശേഷം മൂന്നു മാസത്തിനുള്ളിൽ വിവരം സെക്രട്ടറിയെ ആദ്യത്തെ ഉടമയോ, നിലവിലുള്ള ഉടമസ്ഥനോ അറിയിക്കേണ്ടതാണ്.
..............................................................
*3) വസ്തു നികുതി കൊടുക്കാൻ ബാധ്യസ്ഥനായ വ്യക്തി മരണപ്പെടുകയാണെങ്കിൽ, ആരായിരിക്കും വസ്തു നികുതി അടക്കേണ്ടത്?*

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം അവകാശി എന്ന നിലയിൽ ആർക്കാണോ ലഭിക്കുന്നത്, ആ വ്യക്തി ഒരു വർഷത്തിനുള്ളിൽ വിവരം സെക്രട്ടറിയെ രേഖാമൂലം അറിയിക്കേണ്ടതും വസ്തുനികുതി ഒ ടുക്കേണ്ടതുമാണ്. അത്തരത്തിൽ സെക്രട്ടറിയെ അറിയിച്ചില്ലെങ്കിൽ പോലും അവകാശം ലഭിച്ച ആൾ വസ്തുനികുതി കൊടുക്കാൻ ബാധ്യസ്ഥനാണ്.
..............................................................
*4) കെട്ടിടത്തിലെ ഉടമസ്ഥാവകാശം സംബന്ധിച്ച് വസ്തു നിർണയ രജിസ്റ്ററിൽ മാറ്റം വരുത്തുമ്പോൾ നിലവിലെ വസ്തു ഉടമയെ പഞ്ചായത്ത് അറിയിക്കേണ്ടതുണ്ടോ?*

അറിയിക്കേണ്ടതാണ്.
..............................................................
*5) ഉപയോഗിക്കാതെ ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവു ലഭിക്കുമോ?*

കെട്ടിടം ഒരു അർദ്ധ വർഷത്തിൽ 60 ദിവസമോ അതിൽ കൂടുതലോ ഉപയോഗിക്കാതെ കിടക്കുകയാണെന്ന വിവരം സെക്രട്ടറിയെ മുൻകൂട്ടി രേഖാമൂലം അറിയിക്കുകയാണെങ്കിൽ ഒഴിഞ്ഞുകിടന്ന ദിവസങ്ങളുടെ എണ്ണത്തിന് ആനുപാതികമായി നികുതി ഇളവു ചെയ്തു കിട്ടുവാനുള്ള അർഹതയുണ്ട്.
..............................................