പ്രൊഫഷണൽ / സാങ്കേതിക കോഴ്സിനു പഠിക്കുന്ന ( 2021-22) ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥിയാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കു ലഭിക്കും കേന്ദ്ര സർക്കാറിന്റെ പഠന സഹായം.
∙മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിൽപ്പെടുന്നവർക്കാണ് മെറിറ്റ് - കം - മീൻസ് സ്കോളർഷിപ്പിനുള്ള അർഹത. അപേക്ഷകർ ഇന്ത്യയിലുള്ള സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിലോ കോളജുകളിലോ പഠിക്കുന്നവരായിരിക്കണം. മുൻ വാർഷിക / ബോർഡ് പരീക്ഷയിൽ 50% മാർക്ക് ഉണ്ടായിരിക്കണമെന്ന നിബന്ധന ഉണ്ട്. പഠിക്കുന്ന കോഴ്സിനു ചുരുങ്ങിയത് ഒരു വർഷമെങ്കിലും കാലാവധി ഉണ്ടായിരിക്കണം.
www.scholarships.gov.in എന്ന നാഷണൽ സ്കോളർഷിപ് പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. www.minorityaffairs.gov.in എന്ന വെബ് സൈറ്റിലും ഈ ലിങ്ക് ലഭ്യമാണ്. അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നാഷണൽ സ്കോളർഷിപ് പോർട്ടലിന്റെ ഹോം പേജിൽ ലഭ്യമാണ്.
അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി: 2021 നവംബർ 30
ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്:
ക്രിസ്ത്യൻ, മുസ്ലിം,സിഖ്,പാഴ്സി, ബുദ്ധ, ജൈന വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.സർക്കാർ / എയ്ഡഡ്/അംഗീകാരമുള്ള വിദ്യാലയങ്ങളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ റഗുലർ ആയി പഠിക്കുന്നവർ ആയിരിക്കണം.വാർഷിക വരുമാന പരിധി 1 ലക്ഷം രൂപയിൽ കൂടാൻ പാടില്ല. ഒരു കുടുംബത്തിലെ 2 കുട്ടികൾക്ക് അപേക്ഷിക്കാം.
ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്:
ഇപ്പോൾ 9 ,10 ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.വാർഷിക വരുമാന പരിധി 2.5 ലക്ഷം രൂപ. 40 ശതമാനത്തിലധികം ഭിന്നശേഷിക്കാരായിരിക്കണം.
നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ് (എൻ.എം.എം.എസ് ):
9,11 ക്ലാസുകളിൽ 55 ശതമാനം മാർക്കും പത്താം ക്ലാസിൽ 60 ശതമാനം മാർക്കും നേടിയവർക്ക് അപേക്ഷിക്കാം. SC/ST വിഭാഗക്കാർക്ക് 5 ശതമാനം മാർക്ക് ഇളവ് ഉണ്ട്. സർക്കാർ എയ്ഡഡ്/അംഗീകാരമുള്ള വിദ്യാലയങ്ങളിൽ റഗുലറായി പഠിക്കുന്നവരായിരിക്കണം. വാർഷിക വരുമാന പരിധി 1.5 ലക്ഷം രൂപയിൽ കൂടാൻ പാടില്ല. NM MS യോഗ്യതാ പരീക്ഷയിൽ അർഹത നേടിയിരിക്കണം.
വിശദ വിവരങ്ങൾ www.education.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നു ലഭിക്കും .ഫോൺ: 9496304015, 8330818477, 0471-3567564
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2021 നവംബർ 15.
ഭിന്നശേഷിക്കാരുടെ മക്കൾക്ക് ആശ്വാസമായി വിദ്യാകിരണം
ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായവുമായി സാമൂഹ്യനീതി വകുപ്പ്. വിദ്യാകിരണം പദ്ധതിയിലൂടെ മാതാപിതാക്കൾ രണ്ടു പേർക്കുമോ ഒരാൾക്കോ 40 ശതമാനത്തിനു മുകളിൽ അംഗ പരിമിതി ഉണ്ടെങ്കിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ധനസഹായം ലഭിക്കും.
ഒന്നു മുതൽ അഞ്ചു വരെ ക്ലാസിലുള്ളവർക്ക് ( 300 രൂപ ), ആറു മുതൽ പത്തുവരെ ( 500 രൂപ ), ഹയർ സെക്കണ്ടറി (750 രൂപ), ഡിഗ്രി മുതൽ മുകളിലോട്ട് ( 1000 രൂപ) എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് സഹായം നൽകുന്നത്. പത്തു മാസത്തേക്ക് ഇപ്രകാരം ലഭിക്കും. ഒരു ജില്ലയിൽ പരമാവധി 25 പേർക്കാണ് ധനസഹായം അനുവദിക്കുന്നത്. മറ്റു വിദ്യാഭ്യാസ ധനസഹായ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് അപേക്ഷിക്കാൻ അർഹതയില്ല. പാരലൽ കോളേജുകളിൽ പഠിക്കുന്നവർക്കും പാർടൈം കോഴ്സുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാനാവില്ല.
ബി പി എൽ റേഷൻ കാർഡ് / വരുമാന സർട്ടിഫിക്കറ്റ്, രക്ഷാകർത്താവിന്റെ അംഗ പരിമിത സർട്ടിഫിക്കറ്റ്, ഐ ഡി കാർഡ് തുടങ്ങിയ രേഖകളുടെ പകർപ്പുകൾ സഹിതം അപേക്ഷ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ഉടൻ സമർപ്പിക്കണം.