*ആതുരാലയങ്ങളും വിദ്യാലയങ്ങളും തുടങ്ങാന്‍ ആലോചന വഖ്ഫ് ബോര്‍ഡ് സ്വത്തുക്കള്‍ വീണ്ടെടുക്കും: മന്ത്രി വി അബ്ദുറഹ്മാന്‍*



സംസ്ഥാനത്തെ കോടിക്കണക്ക് രൂപയുടെ വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുന്നത് അനുവദിക്കില്ലെന്നും വഖ്ഫ് സര്‍വ്വെ പൂര്‍ത്തിയായാല്‍ വീണ്ടെടുക്കാന്‍ കഴിയുന്ന സ്വത്തുക്കള്‍ വീണ്ടെടുക്കുമെന്നും വഖ്ഫ്-ഹജ്ജ് തീര്‍ത്ഥാടനം-കായികം-റെയില്‍വെ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. സ്വത്തുക്കള്‍ വീണ്ടെടുത്ത് ആശുപത്രികള്‍, വിദ്യാലയങ്ങള്‍ തുടങ്ങി നാട്ടിലെ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഉപകാരപ്പെടുന്ന പല പദ്ധതികളും ആരംഭിക്കാന്‍ വഖ്ഫ് ബോര്‍ഡിന് ആലോചനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന വഖ്ഫ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ സംഘടിപ്പിച്ച വഖ്ഫ് രജിസ്‌ട്രേഷന്‍ അദാലത്തും സര്‍ട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വഖ്ഫിന്റെ സ്വത്തുക്കള്‍ പൊതു സ്വത്താണ്. അവ വീണ്ടെടുക്കുകയാണ് ലക്ഷ്യം. അതിനാണ് വഖ്ഫ് സര്‍വ്വെ നടത്തുന്നത്. സര്‍വ്വെ ഏഴ് ജില്ലകളില്‍ പൂര്‍ത്തിയായി. ബാക്കി ജില്ലകളില്‍ സര്‍വ്വെ കമ്മീഷണറായി പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷിന് ചുമതല നല്‍കി. സര്‍വ്വേ നടപടികള്‍ പുരോഗമിക്കുകയാണ്. വഖ്ഫ് സ്വത്തുക്കള്‍ വീണ്ടെടുക്കുക തന്നെ ചെയ്യും. മന്ത്രി പറഞ്ഞു. വഖ്ഫ് രജിസ്‌ട്രേഷനില്‍ പലര്‍ക്കും താല്‍പര്യമില്ലാത്ത സ്ഥിതിയുണ്ട്. ആ നില മാറണം. വരുമാനം വര്‍ധിപ്പിച്ച് സ്വയം പര്യാപ്തതയിലേക്ക് വഖ്ഫ് ബോര്‍ഡിനെ ഉയര്‍ത്തുകയാണ് ലക്ഷ്യം. വഖ്ഫിന്റെ പ്രയോജനം താഴെ തട്ടിലേക്കെത്തണം. അതിനുള്ള നടപടികളുമായാണ് വഖ്ഫ് ബോര്‍ഡ് മുന്നോട്ട് പോകുന്നത്. മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. രജിസ്ട്രര്‍ ചെയ്ത 40 സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു. അദാലത്തില്‍ 12 അപേക്ഷകള്‍ പരിഗണിച്ചു. പൂര്‍ണ്ണരേഖകള്‍ ഹാജരാക്കിയ ഏഴ് അപേക്ഷകളിന്മേല്‍ രജിസ്‌ടേഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.ടി കെ ഹംസ അധ്യക്ഷത വഹിച്ചു. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ, പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, സംസ്ഥാന വഖ്ഫ് ബോര്‍ഡ് അംഗങ്ങളായ അഡ്വ പി വി സൈനുദ്ദീന്‍, അഡ്വ എം ഷറഫുദ്ദീന്‍, റസിയ ഇബ്രാഹിം, വഖ്ഫ് ബോര്‍ഡ് സി ഇ ഒ ബി എം ജമാല്‍, ഡിവിഷണല്‍ ഓഫീസര്‍ എന്‍ റഹീം എന്നിവര്‍ പങ്കെടുത്തു

➖➖➖➖➖➖➖➖➖➖

*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*