24-Oct-2021
പഴയങ്ങാടി ∙ റിവർ ക്രൂസ് ടൂറിസം പദ്ധതി പ്രകാരം പഴയങ്ങാടി പാലത്തിനരികിൽ കോടികൾ ചെലവഴിച്ചു നിർമിച്ച ബോട്ട് ടെർമിനൽ പ്രയോജനമൊന്നും ഇല്ലാതെ നിൽക്കുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടും ഒരു ബോട്ടും ഇവിടേക്കു വന്നില്ല. ബോട്ട് ടെർമിനലിൽ ഒരുക്കിയ ഇതര സൗകര്യങ്ങളും ആർക്കും പ്രയോജനപ്പെടുന്നില്ല. ചുരുക്കത്തിൽ 3.30 കോടി രൂപ വെളളത്തിൽ കിടക്കുകയാണെന്നു പറയാം.
ഈ പുഴക്കരയിൽ ഒരു ബോട്ട് ജെട്ടി ഉണ്ടായിരുന്നിട്ടും ടൂറിസം സാധ്യതകളുടെ പേരിൽ പുതിയൊരു ബോട്ട് ടെർമിനൽ ഒരുക്കുകയായിരുന്നു. പല സ്ഥലങ്ങളിലും ബോട്ട് സർവീസുകൾ സജീവമായിട്ടും ഇവിടേക്ക് മാത്രം ഒരു ബോട്ട് പോലും വന്നില്ല. 2020 ഒക്ടോബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന വേളയിൽ പോലും ജലഗതാഗത വകുപ്പിന്റെ ബോട്ട് കൊണ്ടുവന്നിരുന്നില്ല. പകരം സ്വകാര്യ വഞ്ചിവീട് എത്തിച്ചാണ് ഉദ്ഘാടനം നടത്തിയത്. ഇവിടെ എന്നു വരും ഒരു ബോട്ട് എന്നാണു നാട്ടുകാർ ചോദിക്കുന്നത്.
➖️➖️➖️➖️➖️➖️➖
കടപ്പാട് : *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*