നേരത്തെ തന്നെ യുഡിഎഫും ബിജെപിയും എതിർപ്പ് ശക്തമാക്കിയിരുന്നു. കെ റെയിൽ പദ്ധതിയെന്നാൽ കമ്മീഷൻ റെയിൽ പദ്ധതിയെന്നാണെന്നും ബംഗാളിൽ നിന്നുള്ള ഫണ്ട് വരവ് നിലച്ചതിനാൽ അടുത്ത 25 വർഷത്തേക്കുള്ള ഫണ്ടിനായി മാത്രം സിപിഎം പടച്ചു വിട്ട പദ്ധതിയാണ് കെ റെയിലെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞിരുന്നു
കെ റെയിൽ വലിയ ദുരൂഹതകൾ നിലനിൽക്കുന്നുണ്ടെന്നും വലിയ തുക വായ്പയെടുത്ത് പദ്ധതി നടപ്പാക്കുമ്പോൾ കടം തിരിച്ചടക്കാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് സർക്കാർ വ്യക്തമാക്കുന്നില്ലെന്നുമായിരുന്നു വിഷയത്തിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രതികരണം. പദ്ധതി ആവശ്യമില്ലെന്നാണ് റെയിൽവേ മന്ത്രാലയത്തിൻ്റെ നിലപാടെന്നാണ് മനസ്സിലാവുന്നതെന്നും എന്നിട്ടും സർക്കാർ പദ്ധതിക്കായി വാശി പിടിക്കുന്നത് എന്തിനാണെന്നറിയില്ലെന്നും പറഞ്ഞ മുരളീധരൻ പക്ഷേ പദ്ധതിക്കെതിരെ കേ ന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തില്ലെന്നും വ്യക്തമാക്കി. അതേസമയം കെ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ അറിയിച്ചു.
കഴിഞ്ഞ ദിവസം ദില്ലിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന റെയിൽവേക്ക് കെ റെയിൽ പദ്ധതിയുടെ അധികബാധ്യതയേറ്റെടുക്കാനാവില്ലെന്ന് മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. കേരളത്തിന് സ്വന്തം നിലയിൽ വിദേശ വായ്പയുടെ അധികബാധ്യതയേറ്റെടുക്കാനാവുമോയെന്നും കേന്ദ്ര മന്ത്രി ആരാഞ്ഞു. ഇക്കാര്യം പരിശോധിച്ച് മറുപടി നൽകാമെന്നാണ് മുഖ്യമന്ത്രി റെയിൽവേ മന്ത്രിക്ക് മറുപടി നൽകിയത്.
കെ റെയിൽ പദ്ധതിക്കായി സ്ഥലമേറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം നൽകുന്നതിൽ ഉദാരമായ സമീപനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചിട്ടുണ്ട്. വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും കടുത്ത പാരിസ്ഥിതിക നാശം വരുത്തുന്നതും സാധാരണക്കാർക്ക് പ്രയോജനകരമല്ലാത്തതുമായ കെ റെയിൽ പദ്ധതി നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷം കൊണ്ടു അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകിയപ്പോഴായിരുന്നു മുഖ്യമന്ത്രി പ്രതികരണം.
കടപ്പാട് : ഏഷ്യനെറ്റ് ന്യൂസ്