സൗത്ത് അമേരിക്കയിൽ നിന്ന് എത്തിയ ഈ അധിനിവേശ സസ്യം നിമിത്തം സ്വാഭാവിക വനം പൂർണമായും നശിച്ചുകൊണ്ടിരിക്കുകയാണ്. 20 അടിയോളം ഉയരം വയ്ക്കുന്ന മരത്തിനു കീഴിൽ പുല്ല് പോലും മുളയ്ക്കില്ല. ദിവസങ്ങൾക്കുള്ളിൽ പ്രദേശം മുഴുവൻ മഞ്ഞക്കൊന്ന ചെടി കൊണ്ട് നിറയുകയും ചെയ്യും. മൃഗങ്ങൾക്ക് ഭക്ഷ്യ യോഗ്യമല്ലാത്തതിനാൽ ആനയും മാനും പ്രദേശത്തേക്ക് എത്തി നോക്കുക പോലും ഇല്ല. ഇരകൾ ഇല്ലാതാവുന്നതോടെ മാംസഭുക്കുകളും പ്രദേശത്തു നിന്നു പതിയെ മാറും.
ഏറ്റവും കൂടുതൽ വന്യ മൃഗങ്ങളെ േനരിൽ കാണാൻ സാധിക്കും എന്നതായിരുന്നു തോൽപ്പെട്ടി വന്യ ജീവി സങ്കേതത്തിന്റെ പ്രത്യേകത. അതുകൊണ്ടു തന്നെ അവിടത്തെ ജീപ്പ് സഫാരി പ്രസിദ്ധമായി. പത്തു കിലോമീറ്ററോളം വനത്തിനുള്ളിൽ സഞ്ചരിക്കുന്ന സഫാരിക്ക് പുലർച്ചെ പോയാൽ, ഒട്ടുമിക്ക വന്യമൃഗങ്ങളെയും സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണാൻ സാധിക്കും. വഴിയുടെ ഇരുവശങ്ങളിലും ഏതാണ്ട് 200–500 മീറ്ററോളം അകലേക്ക് മരങ്ങൾക്കിടയിലൂടെ കാഴ്ച ലഭിക്കും എന്നതായിരുന്നു ഇവിടുത്തെ പ്രത്യേകത. പുല്ലു മേഞ്ഞ് നടക്കുന്ന മാനും കാട്ടുപോത്തും മളംകൂട്ടങ്ങൾക്കിടയിൽ ആനകളും ഇവിടെ സ്ഥിരം കാഴ്ചകളായിരുന്നു. ഭാഗ്യമുണ്ടെങ്കിൽ കടുവകളെയും പുള്ളിപ്പുലികളെയും കാണാൻ സാധിക്കും.
അതിവേഗത്തിലാണ് മഞ്ഞക്കൊന്ന പടരുന്നതെന്ന് വനം വകുപ്പ് ജീവനക്കാർ വ്യക്തമാക്കി. കർണാടക വനങ്ങളുടെ തുടർച്ചയായതിനാൽ അവിടെ നിന്നാണ് മഞ്ഞക്കൊന്ന കേരളത്തിലേക്കും എത്തിപ്പെട്ടത്. വിറകിനും മറ്റും ഉപയോഗിക്കാം എന്ന പ്രതീക്ഷയിൽ 1998 സമയത്ത് കേരളത്തിലെ റോഡരികിൽ വച്ചു പിടിപ്പിക്കുകയാണ് ഉണ്ടായതെന്നും അധികൃതർ സൂചിപ്പിക്കുന്നു. വിറകിനൊന്നും ഇത് ഉപയോഗിക്കാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും പ്രദേശം മുഴുവൻ ഈ അധിനിവേശ സസ്യം വ്യാപിച്ചു കഴിഞ്ഞിരുന്നു. വന വ്യാപ്തി വർധിപ്പിക്കാൻ വനം വകുപ്പ് തന്നെ കണ്ടെത്തിയ കുറുക്കു വഴിയാണ് മഞ്ഞക്കൊന്നയും അക്കേഷ്യയും വച്ചു പിടിപ്പിക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇത് പിന്നീട് വനം വകുപ്പിന് തന്നെ വിനയായി മാറി.
തോൽപ്പെട്ടി ഉൾപ്പെടുന്ന നോർത്ത് വയനാട്ടിലാണ് ഏറ്റവും കൂടുതൽ മഞ്ഞക്കൊന്ന വ്യാപിച്ചിരിക്കുന്നത്. തിരുനെല്ലി ഭാഗത്തും അടുത്തിെട ഇത് പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. സൗത്ത് വയനാട്, വയനാട് വന്യ ജീവി വിഭാഗം എന്നിവയുടെ കീഴിലുള്ള വന പ്രദേശങ്ങളിലും വ്യാപകമായിക്കഴിഞ്ഞു. നിലമ്പൂർ പ്രദേശങ്ങളിലേക്കും എത്തിപ്പെട്ടിട്ടുണ്ട്. നിയന്ത്രണ പ്രവർത്തനങ്ങൾ സജീവമാക്കിയില്ലെങ്കിൽ കേരളത്തിലെ വനങ്ങളെ മഞ്ഞക്കൊന്ന അപ്പാടെ വിഴുങ്ങാൻ സാധ്യതയുണ്ടെന്ന് വനം അധികൃതർ തന്നെ സൂചിപ്പിച്ചു.
∙ മഞ്ഞക്കൊന്ന
വരണ്ടതും ആർദ്ര ഇല പൊഴിയും കാടുകളിലും വളരുന്നു. സ്വദേശം മധ്യ ദക്ഷിണ അമേരിക്ക. ഏഷ്യയിലേക്കെത്തിയിട്ട് ഏതാനും ദശാബ്ദങ്ങൾ മാത്രം. സെന്നയുടെ വിത്തിനു കണിക്കൊന്നയുടെ വിത്തിനോടു സാദൃശ്യം. വളർച്ചയെത്തുമ്പോൾ ഒരു മരത്തിൽ ഇത്തരത്തിൽ 6000 കായകൾ. ഒരോ കായയിലും 120 വിത്ത് വീതം. ഇപ്രകാരം ഒരു മരം വിതറുന്നത് 7,20,000 വിത്തുകൾ. ഇതിൽ 95% വിത്തുകളും മുളയ്ക്കും. പത്തു വർഷത്തിനു ശേഷവും ഈ വിത്തുകൾ മുളയ്ക്കാറുണ്ടെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. ചെറുമരമായി വളരുന്ന ചെടി രണ്ടു വർഷം കൊണ്ടു പുഷ്പിച്ചു പ്രത്യുത്പാദനത്തിനു പ്രാപ്തമാകും. ഈ ചെടിയിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന അലോപതിക് ഇഫട്ക് കൊണ്ടാണ് മറ്റു തനത് സസ്യങ്ങൾ ചുറ്റുവട്ടത്തും മുളച്ചു വരാതിരിക്കുന്നത്. ഇതേ കാരണം കൊണ്ടാകാം മൃഗങ്ങൾ ഭക്ഷണമാക്കാത്തതും.. ഒരു കിലോമീറ്റർ ചുറ്റളവിൽ വരെ ഒരു മരത്തിന്റെ വിത്ത് എത്തുമെന്നാണ് പഠനങ്ങൾ.
∙ വെട്ടും, ഇരട്ടി വേഗത്തിൽ വളരും
മൂടോടെ വെട്ടി നശിപ്പിക്കൽ മാത്രമാണ് ഇപ്പോൾ തുടരുന്ന രീതി. പക്ഷെ, വെട്ടുന്നതിനു പിന്നാലെ പുതിയ മുളകൾ പൊട്ടി കൂടുതൽ വ്യാപിക്കാൻ മാത്രമേ ഈ രീതി ഉപകരിക്കുന്നുള്ളൂ. തിരുെനല്ലി പ്രദേശത്ത് മരങ്ങൾ പൂക്കാൻ അനുവദിക്കാതെ വെട്ടിയൊതുക്കുന്നുണ്ട്. വിത്തു മുളച്ച് പുതിയ ചെടികൾ വരുന്നത് തടയാൻ ഈ രീതി പ്രയോജനപ്പെടുന്നുണ്ട്. പക്ഷേ, അപ്പോഴും വേരിൽ നിന്ന് പുതിയ സസ്യങ്ങൾ വളരുന്നത് തടയാൻ സാധിക്കുന്നില്ല. മുളങ്കാട് പോലെ ഒരു പ്രദേശത്തു തന്നെ കുറമെ മരങ്ങൾ വളരാൻ ഇത് ഇടയാക്കുന്നു.
∙ ജീവനക്കാർക്ക് അലർജി
വെട്ടാൻ തയ്യാറാവുന്ന ജീവനക്കാർക്ക് മറ്റൊരു ഭീഷണിയാണ് മഞ്ഞക്കൊന്നയുടെ തണ്ടിൽ നിന്ന് വരുന്ന കറ ഉയർത്തുന്ന ഭീഷണി. കറ തെറിച്ചു വീഴുന്ന ശരീരഭാഗങ്ങൾ ചൊറിഞ്ഞ് തടിച്ച് ഒരാഴ്ചയോളം അവധിയെടുത്ത് വീട്ടിൽ ഇരിക്കേണ്ടി വന്ന കഥകളാണ് ജീവനക്കാർക്ക് പറയാനുള്ളത്.
∙ വേണം പുതു രീതികൾ
വേര് പൊട്ടുന്ന രീതിയിൽ മരം പിഴുതെടുത്താൽ പുതിയ മുളകൾ ദിവസങ്ങൾക്കുള്ളിൽ വരും എന്നതിനാൽ മഞ്ഞക്കൊന്നയെ നശിപ്പിക്കാൻ പുതു രീതികൾ വേണമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. വ്യാപനം തടയാനുള്ള വഴികളെ കുറിച്ച് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടീലെ വിദഗ്ധർ വിവിധ പഠനങ്ങൾ നടത്തുന്നുണ്ട്. വലിയ മരത്തെ വെട്ടി നശിപ്പിക്കാതെ അതിനു ചുറ്റും വളർന്നു വരുന്ന ചെറിയ സസ്യങ്ങൾ നശിപ്പിക്കുകയാണ് ഒരു രീതി. ഇതു മഴക്കാലത്ത് പ്രയോജനപ്പെടും. രാസ വസ്തുക്കൾ തെളിച്ചും പുതിയ സസ്യങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. വലിയ മനുഷ്യ പ്രയത്നം വേണ്ടി വരുന്ന ജോലിയാണ് ഇത്.
പത്തു കോടി രൂപയുെട പദ്ധതിയാണ് മഞ്ഞക്കൊന്ന നശിപ്പിക്കുന്നതിനു വേണ്ടി വയനാട് വന്യജീവി വിഭാഗം സമർപ്പിച്ചിരിക്കുന്നത്. നബാർഡിൽ നിന്ന് ഫണ്ട് ലഭ്യമാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് ഈ ശുപാർശ. ഇതിനു പുറമെ, റീബിൽഡ് കേരളയിൽ നിന്നും ഫണ്ട് അനുവദിക്കുമെന്ന് സൂചനയുണ്ട്. ഇതുപയോഗിച്ച് എത്രയും പെട്ടെന്ന് നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ കേരളത്തിലെ വനങ്ങൾക്ക് വലിയ ഭീഷണിയാവുന്ന തോതിലേക്ക് മഞ്ഞക്കൊന്ന പടരും