തിരികെ സ്‌കൂളിലേക്ക്; ഒന്നര വർഷത്തിനു ശേഷം സ്കൂളുകള്‍ ഇന്ന് തുറക്കുന്നു


1 Nov 2021

കോഴിക്കോട്: ഒന്നരെ വര്‍ഷത്തെ തുടര്‍ച്ചയായ അടച്ചിടലിനു ശേഷം കേരളപ്പിറവി ദിനത്തില്‍ വിദ്യാലയങ്ങള്‍ വീണ്ടും ഉണരുകയാണ്. അവിടെ കരുതലിന്റെ പുതിയ പാഠങ്ങള്‍ക്കൂടി അവിടെയിനി വിദ്യാര്‍ഥികള്‍ക്ക് പഠിക്കേണ്ടിയിരിക്കുന്നു. കാത്തിരിപ്പിന്റെ വിരസനാളുകള്‍ തീര്‍ന്ന സന്തോഷത്തിലെത്തുന്ന കുരുന്നുകള്‍ക്ക് പുത്തന്‍ അനുഭവം പകരാന്‍ സജ്ജമായിക്കഴിഞ്ഞു എല്ലാ സ്‌കൂളുകളും. അക്ഷരമരവും വര്‍ണഭംഗിയുള്ള ചിത്രച്ചുമരുകളും കളിമുറ്റങ്ങളും തോരണങ്ങളും ഒക്കെയുണ്ട്. അധ്യാപകരും രക്ഷിതാക്കളും സന്നദ്ധസംഘടനകളും ചേര്‍ന്നാണ് ക്ലാസ്മുറികളും വിദ്യാലയങ്ങളുടെ പരിസരവും വൃത്തിയാക്കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചും ഷിഫ്റ്റുകള്‍ ഏര്‍പ്പെടുത്തിയുമാണ് ക്ലാസുകള്‍ നടത്തുക.

അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വിശദമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. അധ്യാപകര്‍ക്കുള്ള പരിശീലനങ്ങളും പൂര്‍ത്തിയായി. കോവിഡ് അനുയോജ്യ പെരുമാറ്റരീതികള്‍ വിവരിക്കുന്ന ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ അധ്യാപകരുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം ലഭ്യമാകുന്ന സ്ഥലം, കൈ കഴുകുന്ന സ്ഥലം, ശുചിമുറി തുടങ്ങിയിടങ്ങളില്‍ നിശ്ചിത അകലത്തില്‍ അടയാളപ്പെടുത്തലുകളും ഉണ്ട്.

ആദ്യ രണ്ടാഴ്ച ഉച്ചവരെയാണ് ക്ലാസുകള്‍. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവൃത്തിദിവസമാണ്. 1000 കുട്ടികളില്‍ കൂടുതലുണ്ടെങ്കില്‍ ആകെ കുട്ടികളുടെ 25 ശതമാനംമാത്രം ഒരുസമയത്ത് സ്‌കൂളില്‍വരുന്ന രീതിയിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളെ ബാച്ചുകളായി തിരിച്ചാണ് ക്ലാസുകള്‍ നടക്കുക. ഓരോ ബാച്ചിനും തുടര്‍ച്ചയായി മൂന്നുദിവസം സ്‌കൂളില്‍ വരാം. അടുത്തബാച്ച് അടുത്ത മൂന്നു ദിവസം സ്‌കൂളിലേക്കെത്തും.

ഭിന്നശേഷിയുള്ള കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ട. കുട്ടികള്‍ക്കൊപ്പമെത്തുന്ന രക്ഷിതാക്കള്‍ സ്‌കൂളില്‍ പ്രവേശിക്കാതിരിക്കുന്നതിനും കൂട്ടം കൂടാതിരിക്കുന്നതിനുമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അസുഖമുള്ള കുട്ടികളും രോഗികളുമായി സമ്പര്‍ക്കമുള്ള കുട്ടികളും സ്‌കൂളില്‍ വരേണ്ട. രോഗലക്ഷണം, പ്രാഥമികസമ്പര്‍ക്കം, പ്രാദേശികനിയന്ത്രണം എന്നിവയുള്ള സ്ഥലങ്ങളില്‍നിന്നുള്ള കുട്ടികളും ജീവനക്കാരും സ്‌കൂളില്‍ ഹാജരാകേണ്ടതില്ല. രണ്ടുഡോസ് കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്കും സ്‌കൂളില്‍ പ്രവേശനമില്ല.

വീണ്ടും സ്കൂള്‍ തുറക്കുമ്പോള്‍ ഏറെയുണ്ട് ശ്രദ്ധിക്കാന്‍-

  • രക്ഷിതാക്കളുടെ സമ്മതത്തോടെയാകണം കുട്ടികള്‍ സ്‌കൂളിലേക്ക് വരേണ്ടത്
  • കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം
  • ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ പരമാവധി രണ്ടു കുട്ടികള്‍
  • ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് ഒരുസമയം പകുതികുട്ടികള്‍ മാത്രം
  • സ്‌കൂളുകളുടെ സൗകര്യാര്‍ഥം രാവിലെ ഒമ്പതുമുതല്‍ 10വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസുകള്‍ ആരംഭിക്കാം
  • ആദ്യ രണ്ടാഴ്ച ക്ലാസുകള്‍ ഉച്ചവരെമാത്രം
  • ആയിരം കുട്ടികളില്‍ കൂടുതലുണ്ടെങ്കില്‍ ആകെ കുട്ടികളുടെ 25 ശതമാനം മാത്രം ഒരുസമയത്ത് സ്‌കൂളില്‍ വരുന്ന രീതിയില്‍ ക്ലാസുകള്‍ ക്രമീകരിക്കണം
  • കുട്ടികളുടെ എണ്ണം ക്രമീകരിച്ച് ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കാം
  • ഓരോ ബാച്ചിനും തുടര്‍ച്ചയായി മൂന്നുദിവസം (വിദ്യാര്‍ഥികള്‍ അധികമുള്ള സ്‌കൂളുകളില്‍ രണ്ടുദിവസം) വരാം. അടുത്ത ബാച്ച് അടുത്ത മൂന്നുദിവസമായിരിക്കും
  • ഒരു ബാച്ചില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥി സ്ഥിരമായി അതേ ബാച്ചില്‍ത്തന്നെ തുടരണം
  • ഒരുപ്രദേശത്തുനിന്നുവരുന്ന കുട്ടികളെ കഴിവതും ഒരു ബാച്ചില്‍ ഉള്‍പ്പെടുത്തണം
  • ഭിന്നശേഷിയുള്ള കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ടതില്ല
  • ഏതെങ്കിലുംതരത്തിലുള്ള അസുഖമുള്ളവരും വീട്ടിലെ രോഗികളുമായി സമ്പര്‍ക്കമുള്ളവരും സ്‌കൂളില്‍ ഹാജരാകരുത്.
  • രോഗലക്ഷണമുള്ളവര്‍ (ചുമ, പനി, ജലദോഷം, തൊണ്ടവേദന, മറ്റു കോവിഡ് അനുബന്ധ ലക്ഷണം) പ്രാഥമിക സമ്പര്‍ക്കം ഉള്ള/സംശയിക്കുന്ന കുട്ടികള്‍/ജീവനക്കാര്‍, സമ്പര്‍ക്കവിലക്കില്‍ ഇരിക്കുന്ന കുട്ടികള്‍/ജീവനക്കാര്‍, കോവിഡ് വ്യാപനംമൂലം പ്രാദേശികനിയന്ത്രണമുള്ള സ്ഥലങ്ങളില്‍നിന്നുള്ളവര്‍ എന്നിവര്‍ ഹാജരാകേണ്ടാ
  • സ്‌കൂളില്‍ വായുസഞ്ചാരമുള്ള മുറികള്‍/ഹാളുകള്‍ തിരഞ്ഞെടുക്കണം
  • സാധ്യമാകുന്ന ഘട്ടങ്ങളില്‍ തുറന്നസ്ഥലത്ത് അധ്യയനം നടത്താം
  • കുട്ടികളെ എത്തിക്കാനും തിരികെ കൊണ്ടുപോകാനുമായി വരുന്ന രക്ഷിതാക്കള്‍ സ്‌കൂളില്‍ പ്രവേശിക്കാനും കൂട്ടംകൂടാനും പാടില്ല
  • കാഴ്ച/ശ്രവണ പരിമിതിയുള്ള കുട്ടികള്‍മാത്രമുള്ള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ തുറക്കാം
  • എല്ലാ അധ്യാപക-അനധ്യാപക ജീവനക്കാരും രണ്ടു ഡോസ് വാക്‌സിന്‍ എടുക്കണം
  • കുട്ടികളെ സ്‌കൂളിലെത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍, സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍, മറ്റ് താത്കാലിക ജീവനക്കാര്‍ എന്നിവര്‍ രണ്ടു ഡോസ് വാക്‌സിന്‍ എടുക്കണം.
  • കോവിഡ് വ്യാപനംമൂലം പ്രാദേശികനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രദേശങ്ങളില്‍ ഡി.ഡി.എം.എ., ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ് എന്നിവരുടെ നിര്‍ദേശാനുസരണം സ്‌കൂള്‍മേധാവികള്‍ ക്ലാസുകള്‍ ക്രമീകരിക്കണം
  • മാസ്‌ക്, സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍, ബക്കറ്റ്, സോപ്പ്, വെള്ളം എന്നിവ സ്‌കൂളില്‍ ഉറപ്പാക്കണം
  • സ്‌കൂള്‍തലത്തില്‍ ഹെല്‍പ് ലൈന്‍ ഏര്‍പ്പെടുത്തണം
  • സ്‌കൂളില്‍ സിക് റൂം സജ്ജീകരിക്കണം
  • ഡോക്ടറുടെ സേവനം ഉറപ്പുവരുത്തണം
  • പോലീസ് സബ് ഇന്‍സ്‌പെക്ടറുടെ സേവനം തേടാം
  • കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കാം
  • കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിയാം. പ്രോത്സാഹിപ്പിക്കാം.
  • സര്‍ഗാത്മക കഴിവുകള്‍ക്കും ആശയങ്ങള്‍ക്കും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും അവസരം നല്‍കാം
  • മറ്റുള്ളവരെ കേള്‍ക്കാന്‍, തന്റെ അവസരത്തിനായി കാത്തിരിക്കാന്‍, മികച്ച ആശയവിനിമയശേഷി വികസിപ്പിക്കാന്‍, യുക്തിപൂര്‍വം ചിന്തിക്കാന്‍, സര്‍ഗാത്മകപ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ പരിശീലിപ്പിക്കാം
  • ചെറിയ കളികളും ലഘുവ്യായാമങ്ങളും ചെയ്യിക്കാം
  • വായന പ്രോത്സാഹിപ്പിക്കാം. ഇഷ്ടമുള്ള പുസ്തകങ്ങള്‍ നല്‍കാം. പത്രവായന ശീലമാക്കുക
  • ശാസ്ത്രതാത്പര്യം ഉണര്‍ത്തുന്ന പരീക്ഷണങ്ങളും പരിശീലനങ്ങളും നടത്താം
  • ലോകശാസ്ത്രദിനവുമായി ബന്ധപ്പെട്ട് നവംബര്‍ ഏഴുമുതല്‍ 10വരെ ലഘുപരീക്ഷണങ്ങള്‍ ചെയ്യിക്കാം.
  • ചെറിയ ക്ലാസിലെ കുട്ടികള്‍ക്ക് ക്ലാസ് റൂം പരിചയപ്പെടാന്‍ സമയം നല്‍കാം. അവര്‍ക്ക് താത്പര്യമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരമൊരുക്കാം
  • പഠനമികവ് വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ പ്രാപ്തരാക്കണം
  • സ്‌കൂള്‍ കൗണ്‍സലര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താം

പഠനം എളുപ്പമാക്കാം

  • സ്‌കൂളിലെത്തുന്നവരെയും എത്താന്‍ കഴിയാത്തവരെയും പ്രത്യേകം ശ്രദ്ധിക്കാം
  • അസൈന്‍മെന്റുകളുടെ അവതരണത്തിനും ഫീഡ്ബാക്കിനും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉപയോഗപ്പെടുത്താം
  • സ്‌കൂളിലെത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് പഠിക്കാന്‍ വീഡിയോ ക്ലാസുകളും ഓണ്‍ലൈന്‍ പഠനവും തുടരണം
  • പ്രായോഗികപാഠങ്ങള്‍, സംഘങ്ങളായുള്ള പ്രവര്‍ത്തനങ്ങള്‍ നല്‍കാം
  • പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകള്‍, സംവാദം എന്നിവയിലൂടെ ആശയം രൂപവത്കരിക്കാം
  • പാഠഭാഗങ്ങള്‍ മനസ്സിലാക്കാന്‍ വീഡിയോ ക്ലാസുകള്‍ ഉപയോഗിക്കാം
  • ക്ലാസ് കഴിഞ്ഞതിനുശേഷം ചെറിയ കുറിപ്പുകള്‍ തയ്യാറാക്കാം
  • പാഠഭാഗത്തിനാവശ്യമായ സന്ദര്‍ഭങ്ങളും ഉദാഹരണങ്ങളും പരിചയപ്പെടുത്താനും പരീക്ഷണങ്ങള്‍ കാണിക്കാനും ഡിജിറ്റല്‍ ക്ലാസുകള്‍ ഉപയോഗപ്പെടുത്താം
  • സ്മാര്‍ട്ട് ക്ലാസ് റൂം, ലാബുകള്‍, മള്‍ട്ടീമീഡിയാ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാം
  • വീട്ടിലും പരിസരത്തും ലഭ്യമായ സാധനസാമഗ്രികള്‍ ഉപയോഗിച്ച് പരീക്ഷണ-നിരീക്ഷണങ്ങള്‍ നടത്താം
  • വാഹനത്തിലെ ഒരുസീറ്റില്‍ ഒരുകുട്ടി മാത്രം
  • ഒരുസീറ്റില്‍ ഒരുകുട്ടി മാത്രം യാത്രചെയ്യുന്ന രീതിയില്‍ ക്രമീകരിക്കണം
  • നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല
  • വാഹനത്തില്‍ എ.സി.യും തുണികൊണ്ടുള്ള സീറ്റ് കവറും കര്‍ട്ടനും പാടില്ല
  • ഓരോ ദിവസവും അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് വാഹനങ്ങള്‍ വൃത്തിയാക്കണം
  • വാഹനങ്ങള്‍ മോട്ടോര്‍വാഹന വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സ്‌കൂളധികൃതര്‍ ഉറപ്പുവരുത്തണം
  • വാഹനങ്ങളില്‍ തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും കരുതണം
  • ഡോര്‍ അറ്റന്‍ഡര്‍ ബസില്‍ പ്രവേശിക്കുന്ന കുട്ടിയുടെ ഊഷ്മാവ് രേഖപ്പെടുത്തണം
  • സാനിറ്റൈസര്‍ ഉപയോഗിച്ചശേഷം ബസിലേക്ക് പ്രവേശനം
  • വാഹനത്തില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സ്‌കൂളുകള്‍ രക്ഷിതാക്കള്‍ക്ക് പ്രിന്റ് ചെയ്ത് നല്‍കണം
കടപ്പാട് : മാതൃഭൂമി ന്യൂസ്