*മൈനറുടെ പേരിലുള്ള സ്വത്തു തീറു വില്‍ക്കുവാന്‍ ജില്ലാ കോടതിയുടെ മുന്‍‌കൂര്‍ അനുമതി (G.O.P) നിര്‍ബന്ധമാണോ?*




ഉത്തരം: നിര്‍ബന്ധമല്ല 

മനുഷ്യ സ്നേഹിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു ജേക്കബ്‌ ജോണ്‍ (പേര് യഥാര്‍ത്ഥമല്ല). ദീര്‍ഘ കാലം വൃക്ക രോഗത്തിന് ചികിത്സയില്‍ ആയിരുന്ന അദ്ദേഹം 2021 ജനുവരിയില്‍ ഭാര്യയെയും രണ്ട് മൈനർ കുട്ടികളെയും വിട്ട് നിത്യതയിലേക്ക് യാത്രയായി. പരേതന്റെ കട ബാധ്യതകള്‍ തീര്‍ക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിൻറെ സ്വത്തിന്റെ ഒരു ഭാഗം വിൽക്കുവാൻ ഭാര്യയും മക്കളും ശ്രമിച്ചപ്പോഴാണ് ഒരു വലിയ തടസ്സം അവർക്ക് മുന്നിൽ വന്നു പെട്ടത്. മൈനറുടെ അവകാശത്തിലുള്ള സ്വത്ത് വിൽക്കാൻ ജില്ലാ കോടതിയുടെ മുൻകൂർ അനുമതി വേണം. വസ്തു തീറു വാങ്ങാൻ അവരുടെ കുടുംബസുഹൃത്ത്‌ തയ്യാറാണ്. എന്ത് ചെയ്യും.

ഈ പ്രശ്നത്തിന് താഴെ പറയുന്ന പ്രകാരം പരിഹാരം കാണാം.

വസ്തു തീറു വിൽക്കുവാൻ ജില്ലാ കോടതിയുടെ മുൻകൂർ അനുമതി നിർബന്ധമല്ല. സ്വാഭാവിക രക്ഷിതാവ് എന്നുള്ള നിലയിൽ അമ്മയ്ക്ക് തന്നെ കുട്ടിക്കുവേണ്ടി ഒപ്പിട്ട് ആധാരം രജിസ്റ്റർ ചെയ്യാം.

18 വയസ്സ് തികയുന്ന മുറയ്ക്ക് കുട്ടിക്ക് ഈ ഇടപാടിനെ അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. അംഗീകരിക്കുകയാണെങ്കിൽ കേരള മുദ്രപത്ര നിയമം നാലാം വകുപ്പു പ്രകാരം 500 രൂപ മുദ്രപത്രത്തിൽ "എനിക്കുവേണ്ടി എൻറെ അമ്മ മുൻപ് നടത്തിയ ഇടപാടിനെ ഞാൻ അംഗീകരിക്കുന്നു" എന്ന് ഒരു സമ്മതപത്രം അഥവാ റാറ്റിഫിക്കേഷൻ ഡീഡ് എഴുതി രജിസ്റ്റർ ചെയ്താൽ മതി. മൈനർ അപ്രകാരം സമ്മതപത്രം എഴുതി കൊടുക്കാൻ വിസമ്മതിക്കുകയും ഇടപാടിനെ തർക്കിക്കുകയും ആണെങ്കിൽ അത് വസ്തു വാങ്ങിയ ആൾ സഹിക്കേണ്ടിവരും. മൈനർ നിങ്ങളെ ചതിക്കില്ല എന്ന് ഉത്തമ വിശ്വാസമുണ്ടെങ്കിൽ ഈ മാർഗ്ഗം സ്വീകരിക്കാം. സമാനമായ കേസിൽ ഉണ്ടായ ഒരു വിധി WP(C)28948 of 2017 KHC.
..............................................