*ഒരിക്കൽ സ്നേഹത്തിനും വാത്സല്യത്തിനും പ്രതിഫലമായി ഇഷ്ടധാനം എഴുതികൊടുത്ത വസ്തു വകകൾ Maintenance and Welfare of Parents and Senior Citizens Act, 2007 പ്രകാരം മുതിർന്ന പൗരന്മാർക്ക് തിരികെ കിട്ടുമോ?*

____________________________

റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥനും മുതിർന്ന പൗരനുമായ ആന്റണിക്കും, ഭാര്യക്കും ആകെ ഒരു മകളാണ് ഉള്ളത്. മകളുമായി അവർ നല്ല ബന്ധത്തിലല്ല. മകളോടുള്ള വാശി കാരണം ആന്റണി ആകെയുള്ള വീടും സ്ഥലവും തങ്ങളെ ഭാവിയിൽ സംരക്ഷിക്കാമെന്നു ഉറപ്പ് നൽകിയ തന്റെ തന്നെ പെങ്ങളുടെ മകനും സർവ്വോപരി സ്നേഹ സമ്പന്നനുമായ സെബാസ്റ്റ്യന് ഇഷ്ടധാനമായി എഴുതികൊടുത്തു.

മൂന്നു കൊല്ലം കഴിയുന്നതിനു മുൻപ് തന്നെ സെബാസ്റ്റ്ൻ വാഗ്ദാനം ചെയ്ത സുഖസൗകര്യങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തി...കേറി കിടക്കുവാനുള്ള വീടാണെങ്കിൽ സെബാസ്റ്റ്യൻറെ ഉടമസ്ഥതയിലുമായി.

ഈ സന്ദർഭത്തിൽ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുള്ള നിയമം സെക്ഷൻ 5 പ്രകാരം സെബാസ്റ്റ്യനിൽ നിന്നും ക്ഷേമ സംവിധാനങ്ങൾ ആവശ്യപ്പെട്ടുകൊണ്ടും, സെക്ഷൻ 23 പ്രകാരം തന്റെ സ്വത്തു കൈമാറ്റം ചെയ്ത പ്രമാണം റദ്ദാക്കണമെന്നുമു ള്ള
ഹർജി ആന്റണി സബ്ഡിവിഷൽ മജിസ്ട്രേറ്റിന് മുമ്പാകെ സമർപ്പിച്ചു. 

എന്നാൽ സെക്ഷൻ 23(1) പ്രകാരം സ്വത്ത്‌ കൈമാറ്റം ചെയ്ത വ്യക്തിയുടെ അടിസ്ഥാന ഭൗതിക ആവശ്യങ്ങളും, സുഖസൗകര്യങ്ങളും സ്വത്ത്‌ കൈമാറ്റം ചെയ്യപ്പെട്ടു കിട്ടിയ വ്യക്തി നോക്കി നടത്തണമെന്ന കരാർ പ്രമാണത്തിൽ എഴുതി വ്യക്തമായി ചേർത്തിട്ടില്ലെങ്കിൽ, കൈമാറ്റപ്രമാണം റദ്ദാക്കുവാൻ സാധിക്കുകയില്ല. അതായത് മുതിർന്ന പൗരൻ വസ്തു കൈമാറി നൽകിയ വ്യക്തിയെ പൂർണ്ണമായി ആശ്രയിക്കുന്ന ആളാണെന്ന് പ്രമാണത്തിൽ വ്യക്തമായി എഴുതി ചേർക്കേണ്ടതാണ്. സ്നേഹത്തിനും വാത്സല്യത്തിനും പകരമായി ഇഷ്ടദാനം നൽകിയാൽ, ഭാവിയിൽ പ്രമാണം റദ്ദാക്കി കിട്ടുവാൻ നിയമപരമായി ബുദ്ധിമുട്ടാണ്.

മാത്രവുമല്ല സെക്ഷൻ 4 പ്രകാരം സ്വയം സംരക്ഷിക്കാൻ പ്രാപ്തിയില്ലാത്ത, വരുമാനമില്ലാത്ത മുതിർന്ന പൗരന് മാത്രമേ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് മുമ്പാകെ ജീവനാംശത്തിന് വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കുവാൻ യോഗ്യതയും ഉളളൂ...

ഇനി നിങ്ങൾ പറയുക... ആന്റണിയുടെ കൈമാറ്റം ചെയ്ത വസ്തുവകകൾ തിരിച്ചു കിട്ടുമോ?
..............................................