Pages

*ദീപാവലി ആഘോഷത്തിന് നിയന്ത്രണം; സംസ്ഥാനത്ത് രാത്രി 10 മണിക്ക് ശേഷം പടക്കം പൊട്ടിച്ചാല്‍ നിയമ നടപടി*


03-Nov-2021

തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലി ആഘോഷത്തിന്(diwali celebration ) നിയന്ത്രണം ഏര്‍പ്പെടുത്തി ആഭ്യന്തരവകുപ്പിന്‍റെ ഉത്തരവ്. ദീപാവലി ദിനമായ നാളെ രാത്രി 8 മുതല്‍ 10 വരെയാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള സമയം. പത്ത് മണിക്ക് ശേഷം പടക്കം(fireworks) പൊട്ടിച്ചാല്‍ നിയമനടപടി സ്വീകരിക്കാന്‍ ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് ദീപാവലി ആഘോഷങ്ങളില്‍ സമയ ക്രമീകരണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പത്തുമണിക്ക് ശേഷം പടക്കം പൊട്ടിക്കരുതെന്നാണ് ഉത്തരവില്‍ പറയുന്നത്. നിര്‍ദ്ദേശം ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കുന്നതിന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ രാജ്യവ്യാപകമായി ദീപാവലി ആഘോഷങ്ങള്‍ നടക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം ആഘോഷള്‍ നടത്തേണ്ടതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു.

അതേസമയം, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങള്‍ ഉണ്ടാക്കാത്തതുമായ ഹരിത പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നേരത്തെ നിര്‍ദേശിച്ചിരുന്നു. ആഘോഷവേളകളില്‍ ഉപയോഗിക്കാന്‍ അനുമതിയുള്ള പടക്കങ്ങളാണ് ഹരിത പടക്കങ്ങള്‍. 

സാധാരണ പടക്കങ്ങളേക്കാള്‍ 30 ശതമാനം വായു മലിനീകരണ തോത് കുറഞ്ഞ പടക്കങ്ങളാണ് ഇവ. ബേരിയം നൈട്രേറ്റ് ഉപയോഗിക്കാതെയാണ് ഹരിത പടക്കങ്ങള്‍ നിര്‍മ്മിക്കുന്നത്. ലിഥിയം ആര്‍സെനിക് തുടങ്ങിയവയും ഹരിത പടക്കങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കാറില്ല. ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ 100 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ വലിയ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

➖️➖️➖️➖️➖️➖️➖
കടപ്പാട*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*