മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട് മന്ത്രി; പുതിയ ഡാം എന്ന ആവശ്യം തള്ളി


5 Nov 2021

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്നാട്. അണക്കെട്ട് സന്ദർശിക്കാനെത്തിയ  തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകനാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യവും തമിഴ്നാട് തള്ളി.

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസുകളില്‍ സുപ്രീം കോടതി വിവിധ സമിതികള്‍ രൂപവത്കരിച്ചിരുന്നു. ആ സമിതികള്‍ നല്‍കിയ റിപ്പോര്‍ട്ട് ഡാം സുരക്ഷിതമാണ് എന്നതാണ്. അതുകൊണ്ടു തന്നെ പുതിയ ഡാമിന്റെ ആവശ്യമില്ലെന്നും തമിഴ്‌നാട് മന്ത്രി ദുരൈ മുരുകൻ പറഞ്ഞു.

ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയർത്തും. എന്നാൽ ബേബി ഡാം ബലപ്പെടുത്താൻ കേരള സർക്കാരിന്റെ അനുമതി ആവശ്യമുണ്ട്. ബേബി ഡാമിന് താഴെ മൂന്ന് മരങ്ങളുണ്ട്. അവ നീക്കം ചെയ്താൽ മാത്രമേ ഡാം ബലപ്പെടുത്താൻ സാധിക്കു.

എന്നാൽ ഇക്കാര്യങ്ങള്‍ കേരള സർക്കാരിനോട് ചോദിച്ചപ്പോൾ അത് വനം വകുപ്പുമായി സംസാരിക്കണമെന്നാണ് അറിയിച്ചത്. വനംവകുപ്പ് അത് റിസർവ് ഫോറസ്റ്റിനോട് ചോദിക്കണമെന്നും പറയുകയാണ്. ഇതെല്ലാം വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഈ തടസങ്ങൾ മാറ്റിക്കഴിഞ്ഞാൽ ബേബി ഡാം പെട്ടെന്ന് തന്നെ പുതുക്കും. അതിനുശേഷം അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്നും ദുരൈ മുരുകൻ പറഞ്ഞു.

അതേസമയം മുല്ലപ്പെരിയാർ വിഷയത്തിൽ ഒ. പനീർശെൽവവും എടപ്പാടി പളനി സാമിയും സംസാരിക്കുന്നതിൽ ഒരു ധാർമ്മികതയും ഇല്ലെന്നും 10 വര്‍ഷത്തിനിടെ ഒരു മന്ത്രി പോലും മുല്ലപ്പെരിയാര്‍ നേരിട്ട് സന്ദര്‍ശിച്ച് പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഷട്ടറുകൾ ഉയർത്തിയതോടെ ഡാമിലെ ജലനിരപ്പ് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. മുല്ലപ്പെരിയാർ വിഷയത്തിൽ എഐഎഡിഎംകെ ഈ മാസം ഒൻപതിന് തമിഴ്നാടിൽ വ്യാപക സമരത്തിന് ഒരുങ്ങവെയാണ് മന്ത്രിയുടെ പരാമര്‍ശം.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് ഉണ്ടാക്കുന്ന മഹാദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറമാണെന്ന് കേരളം സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. ഒരു ഘട്ടത്തിലും ജലനിരപ്പ് 142 അടിയായി ഉയര്‍ത്തരുതെന്നും കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയായി ഉയര്‍ത്താം എന്നാണ് മേല്‍നോട്ട സമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. 2012ല്‍ വിദഗ്ധ സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടി വരെയായി ഉയര്‍ത്താം എന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, നിലവില്‍ ഈ വാദം കേരളം അംഗീകരിക്കുന്നില്ല എന്ന് സംസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് ജലനിരപ്പ് 152 അടിയക്കുമെന്ന തമിഴ്‌നാട് ജലവിഭവ മന്ത്രിയുടെ പ്രസ്താവന.

കടപ്പാട് മാതൃഭൂമി ന്യൂസ്