സ്കോട്ട്‌ലൻഡിനെ എട്ടു വിക്കറ്റിന് തകർത്താണ് ഇന്ത്യ സൂപ്പർ 12ലെ രണ്ടാം ജയം സ്വന്തമാക്കിയത്.
ജയത്തോടെ ഗ്രൂപ്പിൽ റൺറേറ്റിൽ ഇന്ത്യ അഫ്ഗാനിസ്ഥാന് മുകളിലായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സ്കോട്‌ലൻഡ് 17.4 ഓവറിൽ 85 റൺസിന് പുറത്തായി. നെറ്റ് റൺറേറ്റിൽ മുന്നിലുണ്ടായിരുന്ന അഫ്ഗാനെ മറികടക്കാൻ 7.1 ഓവറിൽ വിജയലക്ഷ്യം മറികടക്കേണ്ടിയിരുന്ന ഇന്ത്യ, വെറും 39 പന്തിൽ ലക്ഷ്യത്തിലെത്തി.
ഈ ലോകകപ്പിലെ അതിവേഗ അർധസെഞ്ചുറി കുറിച്ച ഓപ്പണർ കെ.എൽ. രാഹുലാണ് ഇന്ത്യയുടെ ചേസിങ് അനായാസമാക്കിയത്.
19 പന്തിൽ ആറു ഫോറും മൂന്നു പടുകൂറ്റൻ സിക്സറും സഹിതം രാഹുൽ നേടിയത് 50 റൺസ്. 18 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് രാഹുൽ പുറത്തായത്.
16 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 30 റൺസെടുത്ത രോഹിത് ശർമയും ഇന്ത്യയുടെ അതിവേഗ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
ഇരുവരും പുറത്തായെങ്കിലും രണ്ടു പന്തിൽ രണ്ടു റൺസെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റൻ വിരാട് കോലിയും രണ്ടു പന്തിൽ ആറു റൺസുമായി പുറത്താകാതെ നിന്ന സൂര്യകുമാർ യാദവും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. രാഹുലിനെ മാർക്ക് വാട്ടും രോഹിത്തിനെ ബ്രാഡ്‌ലി വീലും പുറത്താക്കി