6 Nov 2021
കോഴിക്കോട്: വാക്‌സിന്‍ ചലഞ്ചുവഴി സമാഹരിച്ചതുള്‍പ്പെടെ കോവിഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച പണത്തില്‍ കൂടുതലും ചെലവഴിച്ചത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിനെന്ന് വിവരാവകാശ രേഖ.
2020 മാര്‍ച്ച് 27മുതല്‍ 2021 സെപ്റ്റംബര്‍ 30വരെയുള്ള കണക്കുപ്രകാരം 830.35 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചു. ജീവനക്കാരുടെ മാറ്റിവെച്ച ശമ്പളയിനത്തില്‍ ഈവര്‍ഷം ഏപ്രില്‍ 21മുതല്‍ സെപ്റ്റംബര്‍ 30വരെ സമാഹരിച്ച 75.96 കോടി രൂപയും ഇതില്‍ ഉള്‍പ്പെടും.
കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസംപകരാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണപദ്ധതിക്ക്്് ദുരിതാശ്വാസനിധിയില്‍നിന്ന് 450 കോടി രൂപയാണ് ചെലവിട്ടത്. എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ എന്ന പേരില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച വാക്‌സിന്‍ ചലഞ്ചിലൂടെ ലഭിച്ച തുകയുടെ കണക്ക് പ്രത്യേകം സൂക്ഷിച്ചിട്ടില്ലെന്ന് ധനകാര്യവകുപ്പ് വ്യക്തമാക്കി.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് കോവിഡ് വാക്‌സിന്‍ വാങ്ങാന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് 63 കോടി രൂപ അനുവദിച്ചതായും വിവരാവകാശരേഖയില്‍ പറയുന്നു. കോവിഡുമായി ബന്ധപ്പെട്ട ആശ്വാസനടപടികള്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ 941.07 കോടി രൂപ ചെലവിട്ടിട്ടുണ്ട്.
വാക്‌സിന്‍ ചലഞ്ച്
18-44 പ്രായപരിധിയിലുള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കാനാകില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ നയത്തെത്തുടര്‍ന്നാണ് കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. ഇതിനുള്ള പണം സമാഹരിക്കാനാണ് വാക്‌സിന്‍ ചലഞ്ച് പ്രഖ്യാപിച്ചത്. വ്യക്തികളും സഹകരണ, സ്വകാര്യ സ്ഥാപനങ്ങളും സന്നദ്ധസംഘടനകളുമെല്ലാം ഇതിലേക്ക് കൈയയച്ച് സംഭാവന നല്‍കി. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ പിന്നീട് നയം തിരുത്തുകയും എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് വാക്‌സിന്‍ ചലഞ്ചിലൂടെ സമാഹരിച്ച തുക മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ അവസരമുണ്ടായത്.
സംസ്ഥാനസര്‍ക്കാരിന് മികച്ച പ്രതിച്ഛായ നേടിക്കൊടുക്കാന്‍ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം സഹായിച്ചു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഇതിന്റെ ഗുണം ലഭിച്ചതായും വിലയിരുത്തലുണ്ടായി. വാക്‌സിന്‍ വാങ്ങാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് പണം അനുവദിച്ചത് സ്വകാര്യ ആശുപത്രികള്‍ക്കുവേണ്ടിയാണെന്ന്് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആശുപത്രികള്‍ പണം വാങ്ങിയാണ് വാക്‌സിന്‍ നല്‍കുന്നതെന്നതിനാല്‍ ഈ തുക സര്‍ക്കാരിനുതന്നെ തിരിച്ചുകിട്ടും.