തിരുവനന്തപുരം:സുപ്രീംകോടതി നിർദേശപ്രകാരം പൊളിച്ചുനീക്കിയ മരട് ഫ്ളാറ്റിലെ ഉടമകൾക്ക് 91 കോടി രൂപ തിരിച്ചുനൽകി. കഴിഞ്ഞ വർഷം ജനുവരിയിലാണ് ഫ്ളാറ്റ് ഇടിച്ചുനിരത്തിയത്. ഫ്ളാറ്റ് നിർമാതാക്കൾ കെട്ടിട ഉടമകൾക്കു നൽകിയ 120 കോടി രൂപയിൽ 91 കോടി രൂപയാണ് ഇതിനകം തിരിച്ചുനൽകിയത്. സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് ഇതിന്റെ നടപടികൾ പൂർത്തിയാവുന്നത്. പണം തിരികെ ലഭിക്കാൻ അർഹതയുള്ള 272 ഫ്ളാറ്റുകളിൽ 110 ഫ്ളാറ്റുകളുടെ ഉടമകൾക്ക്, അവർ കെട്ടിടനിർമാതാവിനു നൽകിയ പണം പൂർണമായും തിരിച്ചുലഭിച്ചതായും ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റി അറിയിച്ചു.
ഗോൾഡൻ കായലോരം(37 ഫ്ളാറ്റുകൾ), ജെയിൻ കോറൽ കോവ്(73 ഫ്ളാറ്റുകൾ) എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളിലെ ഫ്ളാറ്റുകളുടെ ആദ്യ ഉടമകൾ നിർമാതാക്കൾക്കു നൽകിയ തുക പൂർണമായി തിരിച്ചുനൽകി. ഗോൾഡൻ കായലോരം ഉടമകൾക്ക് 13.37 കോടിയും ജയിൻ കോറൽ കോവ് ഉടമകൾക്ക് 32.16 കോടിയുമാണ് തിരികെ നൽകിയത്.
ആൽഫ സെറിൻ എന്ന ഫ്ളാറ്റ് സമുച്ചയത്തിലെ(76 ഫ്ളാറ്റുകൾ) ഉടമകൾക്ക് ഫ്ളാറ്റുകളുടെ ആദ്യത്തെ ഉടമകൾ നൽകിയ 32.10 കോടി രൂപയിൽ 25.63 കോടി രൂപ തിരികെ ലഭിച്ചു. ഇതിൽ 17.50 കോടി രൂപ കേരള സർക്കാർ ഇടക്കാല നഷ്ടപരിഹാരമായി നൽകിയതും ബാക്കി 8.13 കോടി രൂപ ആൽഫാ വെഞ്ചേഴ്‌സ് കമ്പനിയിൽനിന്നു പിരിച്ച് ഫ്ളാറ്റുടമകൾക്ക് കമ്മിറ്റി നൽകിയിട്ടുള്ളതുമാണ്. ബാക്കി തുകയായ 6.47 കോടി രൂപ കെട്ടിടനിർമാതാവിൽനിന്നു പിരിക്കുന്നതിന് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നിർമാണക്കമ്പനിയുടെതന്നെ ഉടമസ്ഥതയിൽ വല്ലാർപാടത്തു സ്ഥിതിചെയ്യുന്ന ആൽഫാ ഹൊറൈസൺ എന്ന കെട്ടിടത്തിൽ ഓഫീസുകൾക്കുള്ള സ്ഥലം വിൽപ്പന നടത്തിക്കൊണ്ടിരിക്കുകയാണ്. അടുത്ത മൂന്നുനാല് മാസത്തിനുള്ളിൽ ഇതു പൂർത്തീകരിക്കാനാകുമെന്നു കരുതുന്നു.
ഈ മൂന്നു കെട്ടിടനിർമാതാക്കളിൽനിന്നും വീണ്ടെടുത്ത് ഫ്ളാറ്റുടമകൾക്ക് കമ്മിറ്റി നൽകിയ മൊത്തം തുക 28.41 കോടി രൂപയാണ്. ഇടക്കാല നഷ്ടപരിഹാരമായി കേരള സർക്കാർ നൽകിയ 62.75 കോടി രൂപയ്ക്കു പുറമേയാണിത്.
നാലാമത്തെ കെട്ടിടനിർമാതാവായ ഹോളിഫെയ്ത്ത് ബിൽഡേഴ്‌സ് തുകയൊന്നുംതന്നെ അടച്ചിട്ടില്ല. കേരള സർക്കാരിനു നൽകേണ്ട 29 കോടി രൂപയും ഫ്ളാറ്റുടമകൾക്കു നൽകേണ്ട 22.15 കോടി രൂപയും ഉൾപ്പെടെ 42.15 കോടി രൂപയാണ് ഈ നിർമാതാവ് അടയ്ക്കാനുള്ളത്. ഹോളിഫെയ്ത്ത് എച്ച് ടു ഒയിലെ 86 ഫ്ളാറ്റുടമകൾക്ക് സർക്കാർ ഇടക്കാല നഷ്ടപരിഹാരമായി നൽകിയ 20 കോടി രൂപ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഈ കെട്ടിടനിർമാതാവിൽനിന്ന് റവന്യൂ റിക്കവറിയിലൂടെ പരമാവധി തുക തിരിച്ചുപിടിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം ജില്ലാ കളക്ടറോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. കളക്ടറുടെ റിപ്പോർട്ട് പ്രകാരം ഈ കെട്ടിടനിർമാതാവിന്റെ അസ്സൽ ആസ്തി 7.62 കോടി രൂപ മാത്രമാണ്. നവംബർ 10-ന് ഈ കേസിൽ സുപ്രീംകോടതി വീണ്ടും വാദം കേൾക്കും.
ജസ്റ്റിസ് ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതിയിൽ, റിട്ട. ചീഫ് സെക്രട്ടറി കെ.ജോസ് സിറിയക്, റിട്ട. ചീഫ് എൻജിനിയർ ആർ.മുരുകേശൻ എന്നിവർ അംഗങ്ങളാണ്. റിട്ട. ജില്ലാ ജഡ്ജി എസ്.വിജയകുമാറാണ് കമ്മിറ്റിയുടെ സെക്രട്ടറി.