*സർക്കാർ ആശുപത്രികൾക്കെതിരെ പരാതികളേറുന്നു ; പ്രത്യേക വിജിലൻസ് വിഭാഗത്തെ രൂപീകരിക്കും*


01-11-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളെ സംബന്ധിച്ച്‌ പരാതികള്‍ വര്‍ധിച്ചതോടെ ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നീക്കവുമായി ആരോഗ്യ വകുപ്പ്. പ്രത്യേക വിജിലന്‍സ് വിഭാഗം ആരോഗ്യ വകുപ്പില്‍ രൂപീകരിക്കും. വകുപ്പില്‍ നിലവിലുള്ളത് ഒരു ജോയിന്റ് ഡയറക്ടര്‍ മാത്രമുള്ള വിജിലന്‍സാണ്. ഇതിനു പകരം ശക്തമായ വിജിലന്‍സ് വിഭാഗം രൂപീകരിക്കുന്നത് സംബന്ധിച്ച് ശുപാര്‍ശ നല്‍കാന്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ അഡീഷനല്‍ ചീഫ് സെക്രട്ടറി ആശ തോമസിനെ ചുമതലപ്പെടുത്തി. നാല് വര്‍ഷത്തിനിടെ സര്‍വീസില്‍ നിന്ന് വിരമിച്ച സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍, ആശുപത്രി അഡ്‌മിനിസ്‌ട്രേഷന്‍ വിദഗ്ദ്ധര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാകും വിജിലന്‍സ് സംഘം.

ഇവര്‍ക്ക് മിന്നല്‍ പരിശോധന നടത്തി അപാകതകള്‍ കണ്ടെത്തി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ അധികാരം നല്‍കും. കാഷ്വല്‍റ്റിയില്‍ പ്രവേശിപ്പിച്ചിട്ട് പോലും അടിയന്തര ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതികളും മന്ത്രിക്കു കിട്ടുന്നുണ്ട്. ഇത്തരം പരാതികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറുകയാണ് ആരോഗ്യ വകുപ്പ് ചെയ്യുന്നത്. ഡി.എം.ഒ വകുപ്പിന്റെ വീഴ്ച മറച്ചുവെച്ച് റിപ്പോര്‍ട്ട് നല്‍കുന്നതായും പരാതിയുണ്ട്. മന്ത്രി ആശുപത്രികളില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇത്തരം പരാതികള്‍ നേരിട്ട് കേള്‍ക്കാനിടയായത്. പല പരാതികളിലും നടപടി ഇല്ലെന്ന് വകുപ്പിലെ ഫയലുകള്‍ പരിശോധിച്ചപ്പോഴും മനസ്സിലായി. കാഷ്വല്‍റ്റിയില്‍ മിക്കപ്പോഴും പ്രധാന ഡോക്ടര്‍മാര്‍ ഉണ്ടാകാറില്ലെന്നാണ് പരാതി.
➖️➖️➖️➖️➖️➖️➖
 കടപ്പാട് : *🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*