വാഹനങ്ങളില്‍ ലൊക്കേഷന്‍ ട്രാക്കിങ്ങും, എമര്‍ജന്‍സി ബട്ടണും: രണ്ട് മാസം കൂടി സമയം




പൊതുഗതാഗത വാഹനങ്ങളില്‍ ലൊക്കേഷന്‍ ട്രാക്കിങ്ങും എമര്‍ജന്‍സി ബട്ടണും ഘടിപ്പിക്കാനുള്ള സമയം ഡിസംബര്‍ 31 വരെ ഹൈക്കോടതി നീട്ടി. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സി. ജയചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

പൊതുഗതാഗത വാഹനങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി ജാഫര്‍ഖാനാണ് ഹര്‍ജി നല്‍കിയത്. തുടര്‍ന്നാണ് വാഹനങ്ങള്‍ എവിടെയെത്തിയെന്ന് കണ്ടെത്താനുള്ള ലൊക്കേഷന്‍ ട്രാക്കിങ്ങും അടിയന്തര ഘട്ടത്തില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ ആവശ്യപ്പെടാനുള്ള എമര്‍ജന്‍സി ബട്ടണും ഘടിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

കഴിഞ്ഞ ജനുവരി ഒന്നുമുതല്‍ നിര്‍ബന്ധമാക്കാനായിരുന്നു നിര്‍ദേശം. പിന്നീട് നവംബര്‍ 23 വരെ നീട്ടി. ഇതിനുള്ള ഉപകരണങ്ങള്‍ വാങ്ങിയെന്നും വാഹനങ്ങളില്‍ ഘടിപ്പിക്കാന്‍ കൂടുതല്‍സമയം വേണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി. ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഉപഹര്‍ജിയിലാണ് സമയം നീട്ടിയത്.

Content Highlights: Emergency button and location tracking device in public transport vehicle, GPS in taxi vehicle

കടപ്പാട് : മാതൃഭൂമി ന്യൂസ്