Pages

‘വാചകമടി നിർത്താം, പ്രവർത്തിച്ചുതുടങ്ങാം...’ തരംഗമായി വിനിഷയുടെ പ്രസംഗം


ഗ്ലാസ്ഗോ: പൊള്ളയായ വാഗ്ദാനങ്ങളും വാചകമടിയും നിർത്തി പ്രവർത്തിച്ചുതുടങ്ങാൻ ലോകനേതാക്കളെ ആഹ്വാനംചെയ്ത് കാലാവസ്ഥാ ഉച്ചകോടിയിൽ പതിന്നാലുകാരിയായ ഇന്ത്യൻ സ്കൂൾവിദ്യാർഥിനി. പരിസ്ഥിതി ഓസ്കർ എന്നറിയപ്പെടുന്ന ‘എർത്ത്ഷോട്ട്’ പുരസ്കാരത്തിന്റെ അന്തിമപട്ടികയിൽ ഇടംപിടിച്ച തമിഴ്നാട് സ്വദേശിനി വിനിഷ ഉമാശങ്കറാണ് ഉച്ചകോടിയിലെ തകർപ്പൻ പ്രസംഗത്തിലൂടെ തരംഗമായത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ തുടങ്ങിയവർ വേദിയിലിരിക്കെയായിരുന്നു വിനിഷയുടെ പ്രസംഗം. “വെറുംവാക്കുപറയുന്ന ലോകനേതാക്കളോട് ഞങ്ങൾ പുതുതലമുറയ്ക്ക് ദേഷ്യമാണ്, ഒപ്പം നിരാശയുമുണ്ട്. ഭൂമിയെ സംരക്ഷിക്കാൻ നേരിട്ടിറങ്ങണം. ഫോസിൽ ഇന്ധനങ്ങളിലും പുകയിലും മലിനീകരണത്തിലും കെട്ടിപ്പടുത്ത സമ്പദ്‌വ്യവസ്ഥയിലല്ല ശ്രദ്ധ പതിപ്പിക്കേണ്ടത്. ഞങ്ങൾ എർത്ത്ഷോട്ട് പുരസ്കാരജേതാക്കളും അന്തിമപട്ടികയിൽ ഇടംപിടിച്ചവരും മുന്നോട്ടുവെച്ച കണ്ടുപിടിത്തങ്ങളെയും പരിഹാരങ്ങളെയും പിന്തുണയ്ക്കണം. പഴയ സംവാദങ്ങൾ നിർത്തൂ, പുതിയ ഭാവിക്കായി പുതിയ ലക്ഷ്യമാണിവിടെ വേണ്ടത്. ഭാവി വാർത്തെടുക്കാൻ നിങ്ങളുടെ സമയവും പണവും ഞങ്ങളിൽ നിക്ഷേപിക്കൂ.

മനുഷ്യരാശിക്ക് ഇതുവരെ അറിയാത്ത മഹത്തായ നൂതനമാർഗങ്ങളാണ് ഞങ്ങളുടെ പക്കലുള്ളത്. പരാതി പറയാനല്ല, ആരോഗ്യത്തിനും സമ്പത്തിനുംവേണ്ടി പ്രവർത്തിക്കാനാണ് ആഹ്വാനം. നിങ്ങൾ പ്രവർത്തിക്കാനായി ഞങ്ങൾ കാത്തിരിക്കില്ല. നിങ്ങൾ ചെയ്തില്ലെങ്കിലും ഞങ്ങളതിന് നേതൃത്വം നൽകും” -അഞ്ചുമിനിറ്റോളംനീണ്ട പ്രസംഗത്തിൽ വിനിഷ ഉറച്ചശബ്ദത്തിൽ പറഞ്ഞു.

“ഞാൻ ഇന്ത്യയിൽനിന്നുള്ള വെറുമൊരു പെൺകുട്ടി മാത്രമല്ല, ഈ ഭൂമിയിലെ ഒരു പെൺകുട്ടിയാണ്. അതിലെനിക്ക് അഭിമാനവുമുണ്ട്. ഞാനും ഒരു വിദ്യാർഥിയാണ്, പരിസ്ഥിതിവാദിയാണ്, സംരംഭകയാണ്. എല്ലാറ്റിലും പ്രധാനം ഞാനൊരു ശുഭാപ്തിവിശ്വാസിയാണെന്നതിലാണ്. പുതുതലമുറയ്ക്കൊപ്പം ചേരാൻ അന്താരാഷ്ട്ര സംഘടനകളോടും പൗരസമൂഹത്തോടും വ്യവസായസ്ഥാപനങ്ങളോടും ഞാൻ ആഹ്വാനം ചെയ്യുന്നു” -കരഘോഷങ്ങൾക്കിടയിൽ വിനിഷ പറഞ്ഞു.

സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇസ്തിരിപ്പെട്ടിയെന്ന നൂതന ആശയമാണ് വിനിഷയെ വില്യം രാജകുമാരൻ ഏർപ്പെടുത്തിയ എർത്ത് ഷോട്ട് പുരസ്കാരപ്പട്ടികയിലെത്തിച്ചത്. അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് വിനിഷ ചടങ്ങിനെത്തിയതും. വിനിഷ പ്രസംഗിക്കുന്നത് സാകൂതം വീക്ഷിച്ചുകൊണ്ട് വേദിയിൽ വില്യം രാജകുമാരനും നിന്നു. ആഗോളവേദിയിൽ വിനിഷയ്ക്ക് പ്രസംഗിക്കാൻ അവസരം ലഭിച്ചതിൽ തനിക്ക് നിറഞ്ഞ അഭിമാനമുണ്ടെന്ന് അദ്ദേഹം പിന്നീട് സന്ദേശം നൽകി.


കടപ്പാട് മാതൃഭൂമി ന്യൂസ്