ഇന്ത്യന്‍ ഹാക്കര്‍മാരുടെ 'മറുപണി'യില്‍ പൊറുതിമുട്ടി ചൈനയും പാകിസ്താനും


5 Nov 2021

ന്ത്യ ഏറ്റവും കൂടുതല്‍ സൈബർ ആക്രമണ ഭീഷണി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ചൈന.  അതിര്‍ത്തി തര്‍ക്കങ്ങള്‍ നിലനില്‍ക്കെ ചൈന നിരന്തരം പലവിധത്തില്‍ ഇന്ത്യന്‍ സൈബറിടത്തെ ലക്ഷ്യം വെക്കുന്നുണ്ട്. സര്‍ക്കാര്‍ പിന്തുണയോടെയുള്ള സൈബർ ആക്രമണ ഭീഷണിയില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ചൈനയ്‌ക്കെതിരെ ആശങ്ക ഉയര്‍ത്തുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. 

എന്നാല്‍, സൈബർ ആക്രമണങ്ങളില്‍ ഭയപ്പെടേണ്ട രാജ്യമാണ് ഇന്ത്യയെന്ന് പറയുകയാണ് ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസ്. ചൈനയുടെ സൈനിക പ്രതിരോധ യൂണിറ്റുകളേയും ചൈന, നേപ്പാള്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളേയും ലക്ഷ്യമിട്ട് ഇന്ത്യയില്‍നിന്നുള്ള സംഘങ്ങള്‍ നിരന്തരം സൈബർ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ട്. 

ചൈനയിലെ വിവിധ സൈബര്‍ സുരക്ഷാ സ്ഥാപനങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയില്‍നിന്നുള്ള വ്യാപകമായ സൈബര്‍ ആക്രമണങ്ങളെ കുറിച്ചുള്ള തെളിവുകള്‍ ലഭിച്ചത്. 

ഈവിള്‍ ഫ്‌ളവര്‍ ഇന്‍ സൗത്ത് ഏഷ്യ, ലുര്‍ ഓഫ് ബ്യൂട്ടി, ഗോസ്റ്റ് വാര്‍ എലിഫന്റ്‌സ് റോമിങ് ദി ഹിമാലയാസ് തുടങ്ങിയ വിവിധ കോഡ് നാമങ്ങളിലാണ് ഇന്ത്യയില്‍നിന്നുള്ള സംഘങ്ങള്‍ അറിയപ്പെടുന്നത്. സര്‍ക്കാര്‍ ബന്ധവും ഈ സംഘങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയില്‍നിന്നുള്ള ഹാക്കര്‍മാര്‍ ചൈനയിലെ വ്യക്തികളേയും സംഘടനകളേയും ലക്ഷ്യമിട്ട് സൈബർ ആക്രമണം നടത്തുന്നുണ്ടെന്ന് ചൈനയിലെ 360 സെക്യൂരിറ്റി ടെക്‌നോളജി പറയുന്നു. 2020-ല്‍ നൂറോളം സൈബർ ആക്രമണ ശ്രമങ്ങളാണ് കമ്പനി കണ്ടെത്തിയത്. 

2021 പകുതിയോടെയാണ് സൈബർ ആക്രമണങ്ങളില്‍ വര്‍ധനവുണ്ടായത്. വിദ്യാഭ്യാസം, ഭരണകൂടം, വ്യോമയാനം, പ്രതിരോധം തുടങ്ങിയ മേഖലകളെ ലക്ഷ്യമിട്ടായിരുന്നു അവയില്‍ ഭൂരിഭാഗവും. 

ചൈന വര്‍ഷങ്ങളായി സൈബര്‍ ആക്രമണങ്ങളുടെ ഇരയാണെന്നും ഇന്ത്യയില്‍നിന്നുള്ള  ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്തെ സൈബര്‍ സുരക്ഷാ സംവിധാനത്തിന്റെ നിര്‍മ്മാണം വേഗത്തിലാക്കേണ്ടതിന്റെ പ്രാധാന്യമേറുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ലോകത്തെ ഇന്റലിജന്‍സ് സമൂഹം ഒരു ഭീഷണിയായി കരുതിയിരിക്കാനിടയില്ലാത്ത ഒരു രാജ്യമാണ് ഇന്ത്യ. ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങള്‍ക്ക് പോലും  ഇന്ത്യയുടെ സൈബര്‍ കഴിവുകളെക്കുറിച്ച് പൂര്‍ണ്ണമായി അറിയാനിടയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം ചൈനയില്‍നിന്ന് ഏറെ കാലമായി ഇന്ത്യയും സൈബര്‍ ആക്രമണ ഭീഷണികള്‍ നേരിടുന്നുണ്ട്. സൈബര്‍ ആക്രമണ സാധ്യതയും രാജ്യസുരക്ഷയും മുന്‍നിര്‍ത്തി നിരവധി ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യ നിരോധനമേര്‍പ്പെടുത്തിയിരുന്നു. അമേരിക്കയിലും വിവിധ ചൈനീസ് കമ്പനികള്‍ അധികാരികളുടെ സംശയമുനയിലാണ്. 

കടപ്പാട് മാതൃഭൂമി ന്യൂസ്