ഹരിത നേതാക്കൾക്കെതിരെ അശ്ലീല പരാമർശം; എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനെതിരെ കുറ്റപത്രം


5 hours ago


കോഴിക്കോട്: ഹരിത മുൻ നേതാക്കൾക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരെ കുറ്റപത്രം. വെള്ളയിൽ പോലീസാണ് കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി നാലിൽ കുറ്റപത്രം സമർപ്പിച്ചത്.

സ്ത്രീകൾക്കെതിരെ ലൈംഗീകാരോപണം ഉന്നയിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകളാണ് നവാസിനെതിരെ ചുമത്തിയിരിക്കുന്നത്. എംഎസ്എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ വഹാബിനെതിരെ കേസെടുത്തിരുന്നുവെങ്കിലും കുറ്റപത്രത്തിൽ അദ്ദേഹത്തിന്റെ പേര് ഇല്ല. കേസിൽ 18 പേരാണ് സാക്ഷി പട്ടികയിലുള്ളത്.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിന്റെ അശ്ലീല പരാമർശത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തിന് നൽകിയ പരാതിയിൽ നടപടിയുണ്ടാക്കാത്തതിനെ തുടർന്ന് ഹരിത മുൻ നേതാക്കൾ വനിതാ കമ്മീഷനെയും സമീപിച്ചിരുന്നു.

ജൂൺ 22ന് കോഴിക്കോട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.