*മുനിസിപ്പൽ പ്രദേശത്തെ വീടും, വീട്ടുവളപ്പും മറ്റുള്ളവർക്ക് ശല്യമായാൽ എന്തു ചെയ്യണം?*




കബീറിന്റെ വീട്ട് വളപ്പിനോട്‌ ചേർന്ന് കിടക്കുന്ന 50 സെന്റ് സ്ഥലത്തുള്ളത് പൊളിഞ്ഞു വീഴാറായ ഒരു വീടും, അതിനു ചുറ്റും കാടുകളുമാണ്. സന്ധ്യയായാൽ സാമൂഹ്യവിരുദ്ധരുടെ ശല്യവും, ഒപ്പം ഇഴജന്തുക്കളും. മരങ്ങൾ വലുതായി അവയുടെ ഇലകൾ കിണറ്റിലേക്ക് വീഴുന്നതു കൊണ്ടുള്ള ശല്യം വേറെയും. ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് കോടതിയിൽ നിലനിൽക്കുന്നതിനാൽ ഉടമസ്ഥർ ആരുംതന്നെ വസ്തുവിലേക്ക് തിരിഞ്ഞുനോക്കുന്നില്ല. സഹികെട്ട കബീർ മുൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകി.

കേരള മുനിസിപ്പാലിറ്റി ആക്ട് 1994, സെക്ഷൻസ് 426 427, 428,429, 430 പ്രകാരം മുൻസിപ്പൽ/ കോർപ്പറേഷൻ സെക്രട്ടറിക്ക് തന്റെ അധികാരപരിധിയിൽ ഒഴിഞ്ഞുകിടക്കുന്ന പൊളിയാറായ കെട്ടിടങ്ങൾ ഉണ്ടെങ്കിൽ അവ മറ്റുള്ളവർക്ക് ശല്യം ഉണ്ടാകാത്ത രീതിയിൽ പരിപാലിക്കാൻ ടി വസ്തുവിന്റെ ഉടമസ്ഥനോട് ആവശ്യപ്പെടാൻ അധികാരമുള്ളതാകുന്നു. ടി കെട്ടിടത്തിന്റെ ചുറ്റുപാടുകളിലുള്ള കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കേണ്ട ഉത്തരവാദിത്വവും വസ്തുവിന്റെ ഉടമയ്ക്കാണ്.

ചില സാഹചര്യങ്ങളിൽ ഉടമസ്ഥാവകാശം അവകാശപ്പെട്ട് കോടതിയിൽ കേസ് നിലനിൽക്കുകയാണെങ്കിൽ തർക്കത്തിലുള്ള വസ്തുവിന്റെ ചുറ്റുപാടും കാട് പടർന്നുപന്തലിച്ചു മറ്റുള്ളവർക്ക് ശല്യം ഉണ്ടാകാറുണ്ട്. ഉടമസ്ഥാവകാശം അവകാശപ്പെട്ടുകൊണ്ട് കോടതിയിൽ കേസ് നടത്തുന്ന ആൾക്കായിരിക്കും ഇത്തരത്തിലുള്ള വീട്ടുവളപ്പുകളെ വൃത്തിയാക്കി സൂക്ഷിക്കുവാനുള്ള ഉത്തരവാദിത്വം.

പരാതി ലഭിച്ചാൽ മുൻസിപ്പാലിറ്റിയുടെ സ്വന്തം ചെലവിൽ വീടും വളപ്പും വൃത്തിയാക്കി ആയതിനുള്ള ചെലവ് ഉടമസ്ഥരിൽ നിന്നും വസൂലാക്കുവാനുള്ള ഉത്തരവാദിത്വവും അധികാരവും മുനിസിപ്പാലിറ്റിക്കുള്ളതാകുന്നു.

മുനിസിപ്പാലിറ്റി നടപടി എടുക്കുന്നില്ലെങ്കിൽ പരാതി ഓംബുഡ്സ്മാന് സമർപ്പിക്കാം.
..............................................