കൊച്ചി: ചലച്ചിത്ര നടിയും തിരുവല്ല സ്വദേശിയുമായ കാവേരിയുടെ പക്കല്‍ നിന്ന് ആള്‍മാറാട്ടം നടത്തി പണംതട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റവിമുക്തയാക്കിയ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് നടി പ്രിയങ്ക അനൂപ്.
കേസില്‍ നടിയെ വെറുതെ വിട്ടുകൊണ്ട് തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.
കേസിന്റെ പേരില്‍ മാനസീകമായും തൊഴില്‍പരമായും നിരവധി ബുദ്ധിമുട്ടുകള്‍ നേരിട്ടു.
നിരപരാധിത്വം തെളിയിക്കാന്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും കേസിന്റെ പേരില്‍ തന്റെ വിലപ്പെട്ട വര്‍ഷങ്ങളാണ് നഷ്ടമായതെന്നും പ്രിയങ്ക വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
2004 ലായിരുന്നു കേസിനാസ്പദമായ സംഭവം. ആള്‍മാറാട്ടം നടത്തിയും ഭീഷണിപ്പെടുത്തിയും കാവേരിയില്‍ നിന്നും പണംതട്ടാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. പ്രിയങ്കയെ പ്രതിയായാക്കി 2004 ലാണ് തിരുവല്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രിയങ്കയ്ക്ക് വേണ്ടി അഡ്വ. അഭിലാഷ് അനന്തഗോപനാണ് കോടതിയില്‍ ഹാജരായത്.
കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രിയങ്കയെ വെറുതെ വിട്ടത്.