3 Nov 2021
ന്യൂഡല്‍ഹി: കുതിച്ചുയരുന്ന ഇന്ധനവിലക്ക് നേരിയ ആശ്വാസം. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയില്‍ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്സൈസ് തീരുവയില്‍ ഇളവ് വരുത്തിയത്. ഇതുമൂലം ഉണ്ടാകുന്ന വിലക്കുറവ് ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.
ഇന്ധന വില കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി. ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതിന് പെട്രോളിന്റേയും ഡീസലിന്റേയും വാറ്റ് ആനുപാതികമായി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് ധനമന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതല്‍ ആശ്വാസം നല്‍കുന്നതിനായി, ഡീസലിനും പെട്രോളിനും എക്‌സൈസ് തീരുവ ഗണ്യമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ കുറവ് ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും പണപ്പെരുപ്പം കുറയ്ക്കുകയും ചെയ്യും. പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും ഇത് സഹായകമാകും. രാജ്യത്ത് ഊര്‍ജ ക്ഷാമം ഉണ്ടാകാതിരിക്കാനും പെട്രോളിന്റേയും ഡീസലിന്റേയും ആവശ്യകത ഉറപ്പുവരുത്താനുള്ള ശ്രമങ്ങളും കേന്ദ്രം നടത്തിയിട്ടുണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
കടപ്പാട് മാതൃഭൂമി ന്യൂസ്