Pages

ശങ്കരാചാര്യരുടെ പ്രതിമാ അനാച്ഛാദനത്തിന് പ്രധാനമന്ത്രി ഇന്ന് കേദാര്‍നാഥില്‍


5 Nov 2021


ഡെഹറാഡൂണ്‍: ആദി ശങ്കരാചാര്യരുടെ സമാധിസ്ഥലത്ത് സ്ഥാപിച്ച പ്രതിമ അനാച്ഛാദനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേദാര്‍നാഥിലെത്തും. പ്രധാനമന്ത്രി കാലത്ത് ആറര മണിക്ക് ക്ഷേത്രത്തിലെത്തുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു. 2013ലെ പ്രളയത്തില്‍ ശങ്കരാചാര്യരുടെ സമാധിസ്ഥലം ഉൾപ്പടെയുള്ളവയെല്ലാം പൂര്‍ണമായി തകര്‍ന്നുപോയിരുന്നു. ഇതാണ് ഇപ്പോൾ പുനർനിർമിച്ചിരിക്കുന്നത്.

പ്രതിമാ അനാച്ഛാദനത്തിനുശേഷം പ്രധാനമന്ത്രി ക്ഷേത്രത്തില്‍ നടക്കുന്ന മഹാരുദ്രാഭിഷേകത്തിലും പങ്കെടുക്കും. ഈ ചടങ്ങുകള്‍ കാലടയിലെ ജന്മസ്ഥലത്തും ശങ്കരാചാര്യര്‍ സ്ഥാപിച്ച നാല് മഠങ്ങളിലും നടക്കുന്ന ചടങ്ങുകളില്‍ തത്സമയം സംപ്രേഷണം ചെയ്യും.

മൊത്തം 130 കോടി രൂപ ചെലവിട്ടാണ് കേദാര്‍നാഥിലെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. പ്രതിമയുടെ പുനര്‍നിര്‍മാണത്തിന് പുറമെ പുരോഹിതരുടെ താമസസ്ഥലങ്ങള്‍, വിവിധ സ്‌നാനഘട്ടങ്ങള്‍, നദിയുടെ പാർശ്വഭിത്തികൾ, പോലീസ് സ്‌റ്റേഷന്‍, ആശുപത്രി, ഗസ്റ്റ് ഹൗസുകള്‍ എന്നിവയും പുനര്‍നിര്‍മിച്ചവയില്‍ ഉള്‍പ്പെടും. മന്ദാകിനി നദിക്ക് കുറുകെ നിര്‍മിച്ച പാലവും പുനര്‍നിര്‍മിച്ചിട്ടുണ്ട്. ഇതിന് പുറമെ 400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കേദാര്‍പുരി പുനര്‍നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

മൈസൂരുവില്‍ നിന്നുള്ള ശില്‍പികളാണ് പന്ത്രണ്ടടി ഉയരവും 35 ടണ്‍ ഭാരവുമുള്ള ശങ്കരാചാര്യരുടെ പ്രതിമ തയ്യാറാക്കിയരിക്കുന്നത്. പ്രളയം ഉള്‍പ്പടെയുള്ള പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ നിര്‍മിതി.

അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു എന്നതിനാല്‍ ഏറെ രാഷ്ട്രീയ പ്രധാന്യം കൂടിയുണ്ട് പ്രധാനമന്ത്രിയുടെ ഉത്തരാഖണ്ഡ് സന്ദര്‍ശനത്തിന്.


കടപ്പാട് മാതൃഭൂമി ന്യൂസ്