5 Nov 2021
അബുദാബി: ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 12 മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ ഓസ്‌ട്രേലിയന്‍ ബൗളര്‍ ആദം സാംപയുടെ ഹാട്രിക് നഷ്ടപ്പെടുത്തി വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡ്. ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ 13-ാം ഓവറിലാണ് ഹാട്രികിലേക്കുള്ള വഴി തുറന്നത്. എന്നാല്‍ തസ്‌കിന്‍ അഹമ്മദിന്റെ ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് വെയ്ഡ് കൈവിട്ടു.
11-ാം ഓവറിലെ അവസാന രണ്ടു പന്തില്‍ ഷമീം ഹുസൈനേയും മെഹ്ദി ഹസ്സനേയും സാംപ പുറത്താക്കി. തുടര്‍ന്ന് 13-ാം ഓവറില്‍ ഹാട്രിക് വിക്കറ്റിലേക്ക് സാംപ പന്തെറിഞ്ഞു. തസ്‌കിന്‍ അഹമ്മദ് ആയിരുന്നു ക്രീസില്‍. തസ്‌കിന്റെ ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് വിക്കറ്റ് കീപ്പര്‍ വെയ്ഡിന് കൈപ്പിടിയിലൊതുക്കാനായില്ല.
അതിനുശേഷം മാത്യു വെയ്ഡും ആദം സാംപയും ആ ക്യാച്ചിനെ കുറിച്ച് സംസാരിച്ചു. അത് തന്റെ ഹാട്രിക് ബോള്‍ ആയിരുന്നു എന്ന് സാംപ വെയ്ഡിനോട് പറഞ്ഞു. അതു ക്യാച്ച് ചെയ്യാന്‍ ശ്രമിച്ചു എന്ന് വെയ്ഡ് മറുപടിയും നല്‍കി. ഇതിന്റെ വീഡിയോ ഐസിസി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ഹാട്രിക് നഷ്ടപ്പെട്ടെങ്കിലും സാംപ മത്സരത്തില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി. സാംപയുടെ ബൗളിങ് മികവില്‍ ബംഗ്ലാദേശ് 73 റണ്‍സിന് എല്ലാവരും പുറത്തായി.
കടപ്പാട് മാതൃഭൂമി ന്യൂസ്