ന്യൂഡൽഹി: ആധാർ ദുരുപയോഗം ചെയ്താൽ ഒരുകോടി രൂപവരെ പിഴ ഈടാക്കാൻ ആധാർ അതോറിറ്റിക്ക് (യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) അധികാരം നൽകി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. ആധാർ വിവരങ്ങൾ ഹാക്ക് ചെയ്യുകയോ മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങൾ ചോർത്തുകയോ ചെയ്താൽ മൂന്നുവർഷം തടവും 10,000 രൂപ പിഴയും ഈടാക്കും. പിഴ അടയ്ക്കാത്തവരുടെ സ്വത്തു കണ്ടുകെട്ടാനും അതോറിറ്റിയെ അധികാരപ്പെടുത്തി.
ആധാർ നിയമലംഘനങ്ങളിൽ നടപടിയെടുക്കാനും പരാതി പരിഹാരത്തിനും കേന്ദ്ര സർക്കാരിലെ ജോയന്റ് സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥനെയും അതോറിറ്റിക്ക് നിയമിക്കാം. 2019-ൽ പാർലമെന്റ് പാസാക്കിയ ആധാർ നിയമത്തിന് അനുസൃതമായാണ് ഐ.ടി. മന്ത്രാലയം ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. പരാതിപരിഹാര ഉദ്യോഗസ്ഥന് 10 വർഷത്തെ സർവീസ് വേണം. നിയമം, മാനേജ്‌മെന്റ്, ഐ.ടി., വാണിജ്യം എന്നീ വിഷയങ്ങളിലൊന്നിൽ മൂന്നുവർഷത്തെ വിദഗ്ധപരിചയം ഉണ്ടാവണം. ഇവർക്കുമുന്നിൽ ആർക്കെങ്കിലും എതിരേ പരാതി എത്തിയാൽ ഓഫീസർക്ക് വിളിച്ചുവരുത്താനും പിഴ ചുമത്താനുമുള്ള അധികാരമുണ്ട്. ഒരുകോടി രൂപ വരെ പിഴചുമത്താം. മുന്നോടിയായി കാരണംകാണിക്കൽ നോട്ടീസ് നൽകണം. വിശദീകരിക്കാനും എതിർക്കാനുമുള്ള അവസരവും അനുവദിക്കണം. ആരോപണവിധേയർക്ക് നിയമനടപടിക്കെതിരേ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാം.
ഏറക്കുറെ എല്ലാ സർക്കാർ ആവശ്യങ്ങൾക്കും ആധാർ നിർബന്ധമായതിന്റെ തുടർച്ചയായി ദുരുപയോഗവും വർധിച്ചതായാണ് സർക്കാരിന്റെ വിലയിരുത്തൽ. പിന്നാലെയാണ് ചട്ടങ്ങൾ കർശനമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്.