Pages

ഇന്ധനവില കുറച്ചത് ഉപഭോഗം കൂട്ടും; പണപ്പെരുപ്പം കുറയും


2 hours ago

മുംബൈ: ഇന്ധനവില പിടിച്ചുനിർത്താൻ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച കേന്ദ്രനടപടി രാജ്യത്ത് പണപ്പെരുപ്പം കുറയാനും ഉപഭോഗം കൂട്ടാനും സഹായകമാവും. ഏതാനും വർഷങ്ങളായി സർക്കാരിന്റെ പ്രധാനവരുമാനമാർഗമാണ് ഇന്ധനവിലയിലുള്ള എക്സൈസ് തീരുവ. ഇത് കുറച്ചതോടെ നടപ്പുസാമ്പത്തികവർഷം അവശേഷിക്കുന്ന കാലയളവിൽ സർക്കാരിന് 45,000 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്ന് ഗവേഷണ ഏജൻസിയായ നോമുറ കണക്കാക്കുന്നു. അതേസമയം, മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) 0.2 ശതമാനം വരുന്ന ഈ തുക ജനത്തിന്റെ കൈവശം തുടരുന്നത്‌ രാജ്യത്തെ വാങ്ങൽശേഷി കൂട്ടുമെന്നതിനാൽ ഉപഭോഗം ഉയരാൻ സഹായകമാകും.

18 മാസത്തിനുശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് പെട്രോൾ ലിറ്ററിന് അഞ്ചുരൂപയും ഡീസൽ ലിറ്ററിന് പത്തുരൂപയും എക്സൈസ് തീരുവയിനത്തിൽ സർക്കാർ കുറച്ചത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഉപഭോഗത്തെ അടിസ്ഥാനമാക്കി നിലകൊള്ളുന്നതാണ്. അതുകൊണ്ടുതന്നെ ഇന്ധനവിലയിലെ കുറവ് സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതൽ ഉണർവേകും. തീരുവ കുറച്ചതിലൂടെ ഉപഭോക്തൃ പണപ്പെരുപ്പത്തിൽ (സി.പി.ഐ.) കാര്യമായ കുറവ് പ്രതീക്ഷിക്കുന്നു. പണപ്പെരുപ്പം കുറയുന്നതിനായി ഇന്ധനനികുതി കുറയ്ക്കണമെന്ന് റിസർവ് ബാങ്ക് കേന്ദ്രസർക്കാരിനോട് പലവട്ടം ആവശ്യപ്പെട്ടിരുന്നതാണ്.

സി.പി.ഐ. ബാസ്കറ്റിൽ പെട്രോളിന് 2.2 ശതമാനവും ഡീസലിന് 0.15 ശതമാനവുമാണ് വെയിറ്റേജ്. ഇവയുടെ ചില്ലറവില കുറയുകയും നവംബറിൽ അസംസ്കൃത എണ്ണവില വീണ്ടും ഉയരാതിരിക്കുകയും ചെയ്താൽ നവംബറിലെ പണപ്പെരുപ്പത്തിൽ 0.1 ശതമാനംവരെ കുറവുണ്ടാകുമെന്ന് കണക്കാക്കുന്നു. മാത്രമല്ല, ചരക്കുനീക്കത്തിനുള്ള ചെലവും കുറയും. നാലാംപാദത്തിൽ പണപ്പെരുപ്പ അനുമാനം അഞ്ചുശതമാനത്തിൽനിന്ന് 4.9 ശതമാനത്തിലേക്ക് കുറയ്ക്കാനാകുമെന്ന് നോമുറയുടെ വിലയിരുത്തൽ. പണപ്പെരുപ്പം കുറഞ്ഞാൽ റിസർവ് ബാങ്കിന് കൂടുതൽ കാലം പലിശനിരക്കുകുറച്ച്‌ നിലനിർത്താൻ കഴിയും. ഇത് സാമ്പത്തികവളർച്ചയ്ക്ക് കൂടുതൽ കരുത്തേകും.

നികുതിവരുമാനം

2019-’20 സാമ്പത്തികവർഷം 2.2 ലക്ഷം കോടിരൂപയാണ് ഇന്ധനവിലയിലുള്ള എക്സൈസ് തീരുവയിനത്തിൽ സർക്കാരിന് ലഭിച്ചത്. 2020-’21 സാമ്പത്തികവർഷമിത് 3.73 ലക്ഷം കോടി രൂപയായി ഉയർന്നു. ഇക്കാലത്ത് പെട്രോൾ ലിറ്ററിന് 32.9 രൂപയും ഡീസൽ ലിറ്ററിന് 31.8 രൂപയുമാണ് എക്സൈസ് തീരുവയായി ഈടാക്കിയിരുന്നത്. 2021-2022 സാമ്പത്തികവർഷം ആദ്യപകുതിയിൽ പെട്രോൾ ഉപഭോഗം 21.4 ശതമാനവും ഡീസൽ ഉപഭോഗം 15.4 ശതമാനവും ഉയർന്നിട്ടുണ്ട്.

നടപ്പുസാമ്പത്തികവർഷം ആദ്യപകുതിയിൽ നികുതിവരവും സർക്കാർ പ്രതീക്ഷിച്ചതിനെക്കാൾ ഉയർന്നനിലയിലാണ്. പ്രതീക്ഷിച്ചിരുന്നതിന്റെ 55 ശതമാനം നികുതി ഇതിനകം ലഭിച്ചു. ശരാശരി 40 ശതമാനംവരെ ലഭിച്ചിരുന്ന സ്ഥാനത്താണിത്. ബജറ്റിൽ പറഞ്ഞിരുന്നതിനെക്കാൾ 1.9 ലക്ഷം കോടി രൂപയുടെവരെ അധികവരുമാനം സർക്കാരിനുണ്ടാകുമെന്ന് റേറ്റിങ് ഏജൻസിയായ ഇക്ര പറയുന്നു. നിലവിലെ സാഹചര്യത്തിൽ വരുമാനത്തിൽ 45,000 കോടിയുടെ കുറവുണ്ടായാലും ധനക്കമ്മി സർക്കാർ ലക്ഷ്യമിട്ടതിലും താഴ്ന്ന നിലയിലാവാനാണ് സാധ്യത.


കടപ്പാട് മാതൃഭൂമി ന്യൂസ്