Fuel | ഡീസല്‍ ലിറ്ററിന് 80 രൂപ ! കേരളത്തിനടുത്ത് ഇങ്ങിനെയൊരു സ്ഥലമുണ്ട്


5 Nov 2021

മാഹി: കേന്ദ്ര സര്‍ക്കാര്‍ നികുതി(tax) കുറച്ചതോടെ ഇന്ധന വില കുത്തനെ കുറഞ്ഞൊരു സ്ഥലമുണ്ട് കേരളത്തിനടുത്ത്(.kerala) മറ്റ് എവിടെയും അല്ല മാഹിയിലാണ് ഇന്ധന വിലയില്‍ വലിയ വ്യത്യാസം സംഭവിച്ചിരിക്കുന്നത്.

മാഹിയില്‍ ഡീസലിന് 80.94 രൂപ പെട്രോളിന് 92.52 രൂപയുമാണ് വില കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ചതിന് പിന്നാലെ പുതുച്ചേരി സര്‍ക്കാറും നികുതി ഇളവ് പ്രഖ്യാപിച്ചതാണ് മാഹിയില്‍ ഇന്ധനവിലയില്‍ ഇത്രയും കുറവ് സംഭവിക്കാന്‍ കാരണം.എന്തായാലും നിരവധി മലയാളികളാണ് മയ്യഴിപുഴ കടന്ന് ഇന്ധനം വാങ്ങാന്‍  മാഹിയില്‍ എത്തുന്നത്‌.

ദീപാവലി ദിനത്തില്‍ രാജ്യത്ത് പെട്രോളിന്റെ വില 5 രൂപയും ഡീസലിന്റെ വില 10 രൂപയുമാണ് കുറഞ്ഞത്. ഈ അവസരത്തില്‍ ബിജെപിയും എന്‍ഡിഎ സഖ്യവും ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങള്‍ ഇന്ധനങ്ങള്‍ക്ക് മേലുള്ള മൂല്യവര്‍ദ്ധിത നികുതിയും (VAT) കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ജനങ്ങള്‍ക്ക് കൂടുതല്‍ വിലക്കുറവില്‍ പെട്രോളും ഡീസലും ലഭ്യമാക്കുക എന്നതായിരുന്നു ഈ സംസ്ഥാനങ്ങളുടെ നീക്കത്തിന് പിന്നിലെ ലക്ഷ്യം. എന്നാല്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇക്കാര്യത്തില്‍ തീരുമാനമൊന്നും വന്നിട്ടില്ല.

ബിജെപി ഭരിക്കുന്ന ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, കര്‍ണാടക, ത്രിപുര, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ആസാം, ബീഹാര്‍, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ ബുധനാഴ്ച വൈകുന്നേരം തന്നെ ഇന്ധനങ്ങള്‍ക്ക് മേലുള്ള മൂല്യവര്‍ദ്ധിത നികുതി കുറയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനുമുള്ള എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെയാണ് ഈ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും നികുതി കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പൊതുവില്‍ മൂല്യവര്‍ധിത നിരക്ക് കുറയ്ക്കുമോ എന്ന കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. എന്നാല്‍ കേരളത്തിലെ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാനത്തിന് ഇന്ധനങ്ങളുടെ മൂല്യവര്‍ധിത നികുതി കുറയ്ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. ഇന്ധനവില കുറയ്ക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം മുഖം രക്ഷിക്കാനുള്ള താല്‍ക്കാലിക ശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു.

പെട്രോളിനും ഡീസലിനും മൂല്യവര്‍ധിത നികുതി കുറച്ച സംസ്ഥാനങ്ങൾ

ഗുജറാത്ത്: പെട്രോള്‍ 7 രൂപ/ലിറ്റര്‍; ഡീസല്‍ 7 രൂപ/ലിറ്റര്‍
ഉത്തര്‍ പ്രദേശ്: പെട്രോള്‍ 12 രൂപ/ലിറ്റര്‍; ഡീസല്‍ 12 രൂപ/ലിറ്റര്‍
ഉത്തരാഖണ്ഡ്: പെട്രോള്‍ 2 രൂപ/ലിറ്റര്‍; ഡീസല്‍ 2 രൂപ/ലിറ്റര്‍
ആസാം: പെട്രോള്‍ 7 രൂപ/ലിറ്റര്‍; ഡീസല്‍ 7 രൂപ/ലിറ്റര്‍
കര്‍ണാടക: പെട്രോള്‍ 7 രൂപ/ലിറ്റര്‍; ഡീസല്‍ 7 രൂപ/ലിറ്റര്‍
ഗോവ: പെട്രോള്‍ 7 രൂപ/ലിറ്റര്‍; ഡീസല്‍ 7 രൂപ/ലിറ്റര്‍
മണിപ്പൂര്‍: പെട്രോള്‍ 7 രൂപ/ലിറ്റര്‍; ഡീസല്‍ 7 രൂപ/ലിറ്റര്‍
ത്രിപുര: പെട്രോള്‍ 7 രൂപ/ലിറ്റര്‍; ഡീസല്‍ 7 രൂപ/ലിറ്റര്‍


കടപ്പാട് News 18