KSRTC പണിമുടക്ക്: അംഗീകരിക്കാനാകില്ല, കയ്യുംകെട്ടി നോക്കി നില്‍ക്കില്ല- മന്ത്രി ആന്റണി രാജു


1 hour ago

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിനിടെയുള്ള കെ.എസ്.ആര്‍.ടി.സി. യൂണിയനുകളുടെ പണിമുടക്ക് അംഗീകരിക്കാനാകില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. 30 കോടി രൂപയുടെ അധിക ബാധ്യത വരുന്ന ശമ്പള പരിഷ്‌കരണമാണ് യൂണിയനുകള്‍ ആവശ്യപ്പെട്ടത്. അത് ചര്‍ച്ച ചെയ്യാന്‍ 30 മണിക്കൂര്‍ സമയം പോലും സര്‍ക്കാരിന് നല്‍കിയില്ല. അതിനാല്‍ ഈ സമരം നടത്തിയതില്‍ ഒരു ന്യായീകരണവും ഇല്ലെന്ന് മന്ത്രി പറഞ്ഞു.

ഈ സാഹചര്യത്തില്‍ ഇനി എന്തിനാണ് സര്‍ക്കാര്‍ ശമ്പള പരിഷ്‌കരണ ചര്‍ച്ച നടത്തുന്നതെന്ന് ആന്റണി രാജു ചോദിച്ചു. ഒരു രൂപ പോലും ഇല്ലാത്ത ഘട്ടത്തില്‍ പോലും ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കി വരികയാണ്. 80 കോടി രൂപയാണ് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്നത് ശരിയാണോയെന്ന് യൂണിയനുകള്‍ ആലോചിക്കണമെന്നും ഗതാഗത മന്ത്രി പറഞ്ഞു. പൊതുജനങ്ങള്‍ ഈ സമരം അംഗീകരിക്കില്ല. 

ഇത് കയ്യും കെട്ടി നോക്കി നില്‍ക്കാനാകില്ലെന്നും ഇത്തരം പ്രവണത തുടരാനാണ് തീരുമാനമെങ്കില്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിലേയ്ക്ക് പോകുമെന്നും മന്ത്രി അറിയിച്ചു. കെ.എസ്.ആര്‍.ടി.സിയെ അവശ്യ സര്‍വീസായി പ്രഖ്യാപിക്കുന്നത് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകള്‍ തുറന്ന, ശബരിമല സീസണ്‍ ആരംഭിച്ച സമയത്ത് തന്നെയുള്ള ഈ പണിമുടക്ക് അനാവശ്യമാണ്. യൂണിയനും മാനേജ്‌മെന്റും തമ്മിലുള്ള തര്‍ക്കത്തില്‍ ജനങ്ങള്‍ എന്ത് പിഴച്ചുവെന്നും ജനങ്ങളെ ബന്ദികളാക്കരുതായിരുന്നുവെന്നും ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. 

കടപ്പാട് മാതൃഭൂമി ന്യൂസ്