13-Feb-2022
കണ്ണൂർ: സിഐടിയുവിന്റെ സമരവും ഭീഷണിയും നേരിടേണ്ടിവന്നതിനെ തുടർന്ന് കണ്ണൂരിൽ കട അടച്ചുപൂട്ടേണ്ടി വന്നതായി പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ കടയുടമ. കണ്ണൂർ മാതമംഗലത്തെ എസ്.ആർ. അസോസിയേറ്റ്സ് എന്ന ഹാർഡ്വെയർ ഷോപ്പിന്റെ ഉടമയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കച്ചവടമെല്ലാം നിലച്ചതോടെ ഒരാഴ്ചയായി കട അടച്ചിട്ടിരിക്കുകയാണെന്നും ഉടമ റബീഹ് മുഹമ്മദ് പറയുന്നു.
രണ്ടു മാസത്തോളമായി റബീഹിന്റെ കടക്ക് മുന്നിൽ സിഐടിയു സമരം നടത്തി വരികയായിരുന്നു. കടക്ക് മുന്നിൽ പന്തൽ കെട്ടിയാണ് സമരം. കടയിലേക്ക് വരുന്ന ആളുകളെ സിഐടിയുക്കാർ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് മൂലം വ്യാപാരം ആകെ ദുരിതത്തിലായെന്നും ഇപ്പോൾ അടച്ചുപൂട്ടേണ്ടി വന്നെന്നും റബീഹ് ആരോപിച്ചു.
കടയിൽ സാധനം വാങ്ങിയ ഒരു ഉപഭോക്താവിനെ നടുറോട്ടിലിട്ട് തല്ലുന്ന സാഹചര്യവുമുണ്ടായി. എനിക്കും ഭീഷണിയുണ്ട്. സ്ഥിരമായി ഫോളോ ചെയ്യുന്നു. പോലീസ് സംരക്ഷമുണ്ടെങ്കിലും അവർ അവിടെ വന്നിരിക്കുകയല്ലാതെ ഒന്നും ചെയ്യാറില്ല. പോലീസിന്റെ മുന്നിൽവെച്ചാണ് ഭീഷണിപ്പെടുത്തലും മറ്റും. കടയിലേക്ക് സാധനങ്ങൾ കൊണ്ടുവരുന്നതിനും തടസ്സം സൃഷ്ടിക്കുന്നു. ഒരു രാഷ്ട്രീയപാർട്ടിയുമായും എനിക്ക് ബന്ധമില്ല. ചെറുപ്പം മുതൽ പ്രവാസിയാണ്. അടുത്തിടെയാണ് തിരിച്ചെത്തിയത്. പ്രശ്നം രാഷ്ട്രീയവത്കരിക്കാനും ശ്രമമുണ്ടായി'- റബീഹ് പറഞ്ഞു.
ഗൾഫിൽ നിന്ന് വന്നശേഷം കഴിഞ്ഞ വർഷമാണ് റബീഹ് കട ആരംഭിച്ചത്. കടയിലേക്ക് സാധനങ്ങൾ ഇറക്കാൻ സ്വന്തം തൊഴിലാളികൾക്ക് ഹൈക്കോടതി മുഖാന്തിരം ലേബർകാർഡ് വാങ്ങിയിരുന്നു. ഇതേ തുടർന്നുണ്ടായ തർക്കമാണ് സിഐടിയു സമരത്തിലേക്ക് നയിച്ചത്.
അതേ സമയം തങ്ങൾ ഗാന്ധിയൻ മാർഗത്തിൽ നിരഹാര സമരം മാത്രമാണ് നടത്തുന്നതെന്നും മറ്റൊരു ഇടപെടലും നടത്തുന്നില്ലെന്നും സിഐടിയു പ്രതികരിച്ചു. സ്ഥാപന ഉടമ കള്ളം പറയുകയാണെന്നും അവർ ആരോപിച്ചു.
എന്നാൽ സ്ഥാപനം അടച്ചിട്ടിരിക്കുന്നത് തൊഴിൽ തർക്കംമൂലമല്ലെന്നും പഞ്ചായത്ത് ലൈസൻസുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണെന്നും തൊഴിൽ മന്ത്രി വി.ശിവൻകുട്ടി പ്രതികരിച്ചു. ഒരു ലൈസൻസിൽ ഇവർ മൂന്ന് സ്ഥാപനങ്ങൾ പ്രവർത്തിപ്പിച്ചു. ഇത് പഞ്ചായത്തിന് പരാതിയായി കിട്ടി. ഇതേ തുടർന്ന് പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നതായും മന്ത്രി വ്യക്തമാക്കി.
➖➖➖➖➖➖➖➖➖
കടപ്പാട് *🌍പഞ്ചായത്ത് വാർത്തകൾ𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*