Pages

*യു.എ.ഇയിൽ വിദേശികള്‍ക്ക് വിവാഹം ; പുതിയ നിയമം പ്രാബല്യത്തില്‍*


*12-02-2022*
➖➖➖➖➖➖➖➖➖➖

ദുബായ് : ഗള്‍ഫ് രാഷ്ട്രങ്ങളെ എടുത്തുനോക്കിയാല്‍ കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങള്‍ക്കുള്ളില്‍ അതിവേഗം വളര്‍ച്ച കൈവരിക്കുന്ന രാജ്യമായി യുഎഇയെ എടുത്തുപറയുവാന്‍ സാധിക്കും. നിയമങ്ങളിലും നിയന്ത്രണങ്ങളും ഇളവുകള്‍ വരുത്തി സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് അധികൃതര്‍. എണ്ണയിതര മേഖലകളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തി ഏവരെയും ആകര്‍ഷിക്കാനുള്ള വിവിധതരം പദ്ധതികളാണ് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് യു.എ.ഇയുടെ ചരിത്രത്തില്‍ തന്നെ പ്രവാസികളെ നെഞ്ചോട് ചേര്‍ത്ത് തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയത്. ഇതൊക്കെ തന്നെയാണ് ഏവരെയും യു.എ.ഇയിലേക്ക് ആകര്‍ഷിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു ചരിത്ര പ്രഖ്യാപനം പുറത്ത് വന്നിരിക്കുകയാണ്.

വിദേശികള്‍ക്ക് വിവാഹം അനുവദിച്ചുകൊണ്ടുള്ള പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ അബുദാബി അമുസ്ലിം കുടുംബ കോടതിയില്‍ ആദ്യത്തെ വിവാഹം നടന്നു. ബ്രിട്ടീഷ് യുവമിഥുനങ്ങളായ ക്രെയ്ഗ് ലിന്‍ഡ്സെയും സാറാ ഗുഡ്മാനുമാണ് അബുദാബിയില്‍ വിവാഹിതരായത്. എട്ട് വര്‍ഷം മുമ്പ് വിവാഹനിശ്ചയം നടന്നുവെങ്കിലും വിവാഹം സാക്ഷാല്‍കരിക്കാന്‍ ഇരുവരും അബുദാബിയാണ് തെരഞ്ഞെടുത്തത്. അബുദാബി പുതിയ വിവാഹ നിയമം പ്രഖ്യാപിച്ചതോടെ ഇവര്‍ ബ്രിട്ടനില്‍നിന്ന് അബുദാബിയിലേക്ക് പറന്നെത്തുകയായിരുന്നു ഇവര്‍. ഇംഗ്ലണ്ടിലെ എസ്സെക്‌സില്‍ നിന്നുള്ളവരാണ് നവദമ്പതികള്‍. കഴിഞ്ഞ നവംബറില്‍ സിവില്‍ വിവാഹം അനുവദിച്ചുകൊണ്ട് അബുദാബി നിയമം പാസാക്കിയതോടെ ഇരുവരും ഓണ്‍ലൈനില്‍ അപേക്ഷ നല്‍കുകയാണ് ചെയ്തത്. 'ഞങ്ങള്‍ ഇവിടെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു, കാരണം ഞങ്ങള്‍ മതപരമായ വിവാഹമല്ല, സിവില്‍ വിവാഹമാണ് ആഗ്രഹിക്കുന്നതെന്ന് ലിന്‍ഡ്‌സെ പറഞ്ഞു.

അതിനേറ്റവും നല്ല സ്ഥലം യു.എ.ഇ ആണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ വളരെ മനോഹരമായി ബ്രിട്ടീഷ് സമ്പ്രദായത്തോടെയുള്ള വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഇരുവരും കോടതിയില്‍ എത്തിയത്. പിന്നാലെ യു.എ.ഇ കോടതി ഉദ്യോഗസ്ഥനെയും പരിഭാഷകന്റെയും മുമ്പില്‍ വിവാഹ പ്രതിജ്ഞ ചൊല്ലുകയും കരാര്‍ ഒപ്പുവെക്കുകയും ചെയ്തത്. 'ഞങ്ങള്‍ പരസ്പരം സ്‌നേഹിക്കാനും പരിപാലിക്കാനും ആദരിക്കാനും തീരുമാനിച്ചു' എന്നുപറഞ്ഞുകൊണ്ടാണ് ഇരുവരും വിവാഹിതരാകുന്നതായി പ്രതിജ്ഞ ചെയ്തത്. അതോടൊപ്പം തന്നെ അഞ്ച് മിനിറ്റ് മാത്രം നീണ്ടു നിന്ന ചടങ്ങ് ലളിതവും എന്നാല്‍ മനോഹരവുമായിരുന്നു. പ്രതിജ്ഞയില്‍ ഒപ്പിടുകയും സീല്‍ വെക്കുകയും ചെയ്ത ശേഷം ദമ്പതികള്‍ക്ക് ഉടനെത്തന്നെ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.

➖➖➖➖➖➖➖➖➖

കടപ്പാട് *🌍പഞ്ചായത്ത് വാർത്തകൾ𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*