*മാതമംഗലം വിവാദം; മന്ത്രിയുടെ വാദം പൊളിഞ്ഞു, കട നടത്താൻ വിലക്കിയിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി*


13-Feb-2022

കണ്ണൂർ: സമരം കാരണമല്ല ലൈസൻസ് ഇല്ലാത്തത് കൊണ്ടാണ് മാതമംഗലത്തെ ഹാർഡ്‍വെയർ സ്ഥാപനം പൂട്ടേണ്ടി വന്നതെന്ന തൊഴിൽ മന്ത്രിയുടെ വാദം പൊളിഞ്ഞു. ലൈസൻസ് റദ്ദാക്കിയിട്ടില്ലെന്നും സ്ഥാപനം അനുമതിയിൽ കൂടുതൽ സ്ഥലം ഉപയോഗിക്കുന്നത് ക്രമപ്പെടുത്താനുള്ള നോട്ടീസ് മാത്രമാണ് നൽകിയതെന്നും എരമം കുറ്റൂർ പഞ്ചായത്ത് വിശദീകരിച്ചു. പരാതിക്ക് പിന്നിൽ സിഐടിയു ആണെന്നും നോട്ടീസിന് മറുപടി നൽകുമെന്നും സ്ഥാപന ഉടമ വ്യക്തമാക്കി.

കണ്ണൂർ മാതമംഗലത്ത് സിഐടിയു ചുമട്ടു തൊഴിലാളികളുടെ സമരം കാരണം എസ്ആർ അസോസിയേറ്റ്സ് എന്ന ഹാർഡ്‍വെയർ കട പൂട്ടേണ്ടി വന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. സാധനം വാങ്ങാനെത്തുന്നവരെ സമരക്കാർ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണെന്നും സംരംഭം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നുമായിരുന്നു ഉടമയുടെ പരാതി. എഴുപത് ലക്ഷം മുതൽ മുടക്കി തുടങ്ങിയ സ്ഥാപനമാണ് മാസങ്ങൾക്കകം പൂട്ടേണ്ട സ്ഥിതി വന്നത്.

എന്നാൽ തൊഴിലാളി സമരം കൊണ്ടല്ല പഞ്ചായത്ത് ലൈസൻസ് ഇല്ലാത്തതിനാലാണ് സ്ഥാപനം പൂട്ടിയതെന്ന് പറഞ്ഞായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് വാർത്തയോടുള്ള തൊഴിൽ മന്ത്രിയുടെ പ്രതിരോധം. 

എന്നാൽ മന്ത്രിയുടെ വാദം സിപിഎം ഭരിക്കുന്ന എരമം കുറ്റൂർ പഞ്ചായത്ത് നിഷേധിച്ചു. സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കിയിട്ടില്ലെന്നും അനുമതിയിൽ കൂടുതൽ സ്ഥലം ഉപയോഗിച്ചു എന്ന പരാതി അന്വേഷിച്ച് നോട്ടീസ് നൽകുക മാത്രമാണ് ചെയ്തതെന്നും പഞ്ചായത്ത് സെക്രട്ടറി രമണി വ്യക്തമാക്കി. 

കെട്ടിട ഉടമയുടെ അനുമതിപത്രം വാങ്ങി ക്രമപ്പെടുത്താവുന്ന ചട്ട ലംഘനം മാത്രമാണിതെന്നും ക്രമപ്പെടുത്തേണ്ടതിന്റെ സമയ പരിധി നിശ്ചയിച്ചിട്ടില്ല എന്നുമാണ് വിശദീകരണം. ഈ പരാതിക്ക് പിന്നിലും സിഐടിയു ആണെന്ന് ഉടമ ആരോപിക്കുന്നു.

2021 ഓഗസ്റ്റ് രണ്ടാം തീയതിയാണ് മാതമംഗലത്ത് എസ്ആർ അസോസിയേറ്റ്സ് എന്ന ഹാർഡ്‍വെയർ ഷോപ്പ് റബീയ് തുടങ്ങിയത്. തൃശൂർ ആസ്ഥാനമായി സിമന്റ് വ്യാപാരം നടത്തുന്ന സ്റ്റാ‍ർ എന്റർപ്രൈസസ് ഉടമ കെ എ സബീലുമായി പാട്ണർ ഷിപ്പിലാണ് കച്ചവടം ആരംഭിച്ചത്. കടയിലേക്ക് ആവശ്യമായ സാധനങ്ങൾ ഇറക്കാൻ സ്വന്തം തൊഴിലാളികൾക്ക് ഹൈക്കോടതി മുഖാന്തിരം ലേബർ കാർഡും വാങ്ങി. എന്നാൽ അന്ന് തന്നെ സിഐടിയുക്കാർ ലോഡ് ഇറക്കുന്നത് തടയുകയും ഉടമയെ മർദിക്കുകയും ചെയ്തു. 

പൊലീസ് ഇടപെട്ട് കേസെടുത്തതോടെ തൊഴിൽ നിഷേധം എന്നാരോപിച്ച് കടയ്ക്ക് മുന്നിൽ സിഐടിയു പന്തൽ കെട്ടി സമരം ആരംഭിച്ചു. സാധങ്ങൾ വാങ്ങാൻ വരുന്നവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കാനും തുടങ്ങി. ഭീഷണി വകവയ്ക്കാതെ സാധനം വാങ്ങിയ പ്രദേശത്തെ സിസിടിവി കട ഉടമ അഫ്സലിനെ നടുറോട്ടിൽ വച്ച് ചുമട്ട് തൊഴിലാളികൾ പൊതിരെ തല്ലി. മർദ്ദനത്തിന്‍റെ സിസിടിവി ദൃശ്യം ഉണ്ടായിട്ടും അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നാണ് സിഐടിയു നേതാക്കളുടെ വിശദീകരണം.

ചുമട്ട് തൊഴിലാളികളെ ചരക്കിറക്കാൻ അനുവദിച്ചില്ലെങ്കിൽ സമരം നിർത്തില്ലെന്നും കട പൂട്ടിപ്പോകുന്നത് തങ്ങളുടെ പരിഗണ വിഷയം അല്ലെന്നുമാണ് സിഐടിയു നിലപാട്. കേരളം നിക്ഷേപ സൗഹൃദമാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പറയുമ്പോഴാണ് ഒരു ഹാർഡ് വെയർ കട ഉടമയ്ക്ക് ആറുമാസത്തിനിടെ സംരംഭം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായത്. 

➖➖➖➖➖➖➖➖➖

കടപ്പാട് *🌍പഞ്ചായത്ത് വാർത്തകൾ𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*