അഹമ്മദാബാദ്: 2011ലെ കാനേഷുമാരി കണക്കുകള്‍ പ്രകാരം ഗുജറാത്തിലെ 43 ശതമാനം ജനങ്ങള്‍ ജീവിക്കുന്നത് നഗരപ്രദേശങ്ങളിലാണ്. ലോക്‌നീതി-സിഎസ്ഡിഎസ് കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ആകെ 182 സീറ്റുകളില്‍ 84 എണ്ണം അര്‍ദ്ധ നഗര-നഗര സീറ്റുകളും 98 എണ്ണം ഗ്രാമീണ മേഖല സീറ്റുകളുമാണ്. 2017ലെ തെരഞ്ഞെടുപ്പ് ഫലം ഈ വ്യത്യാസം കൃത്യമായി കാണിക്കുന്നുണ്ട്. നഗരമേഖലകളില്‍ ബിജെപിയും ഗ്രാമീണ മേഖലകളില്‍ കോണ്‍ഗ്രസും കൃത്യമായ ലീഡ് നേടി.
2017ല്‍ മാത്രമല്ല കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളിലായി ഇതാണ് ഗുജറാത്തിലെ ട്രെന്‍ഡ്. ഇത്തവണ ഈ ട്രെന്‍ഡില്‍ മാറ്റം വരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 1998 മുതല്‍ സംസ്ഥാനത്ത് ബിജെപിയാണ് അധികാരത്തില്‍. അവരവരുടെ ശക്തികേന്ദ്രങ്ങളില്‍ മൂന്നില്‍ രണ്ട് സീറ്റുകള്‍ നേടിയാണ് ബിജെപിയും കോണ്‍ഗ്രസും മുന്നേറാറുള്ളത്. 2017ല്‍ ബിജെപിയെ രക്ഷപ്പെടുത്തിയത് നഗരമേഖലകളാണ്. 84 സീറ്റുകളില്‍ 63 സീറ്റുകളിലും ബിജെപി വിജയിച്ചു. ഗ്രാമീണ മേഖലയിലെ 98 സീറ്റുകളില്‍ 36 എണ്ണത്തില്‍ മാത്രമേ ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞുള്ളൂ.
ബിജെപിക്ക് ലഭിക്കുന്ന ഭൂരിപക്ഷം സീറ്റുകളും നഗരമേഖലകളില്‍ നിന്ന് മാത്രമല്ല നാല് വലിയ നഗരങ്ങളില്‍ നിന്ന് കൂടിയാണ്. അഹമ്മദാബാദ്, രാജ്‌ക്കോട്ട്, സൂററ്റ്, വഡോദര എന്നീ നഗരങ്ങളിലായി ഗുജറാത്തി ജനസംഖ്യയുടെ 22 ശതമാനം ജനങ്ങളാണ് ജീവിക്കുന്നത്. 55 സീറ്റുകളാണ് ഈ നഗരങ്ങളിലായുള്ളത്. ഇതില്‍ 42 എണ്ണം നഗരസീറ്റുകളും ബാക്കിയുള്ളവ അര്‍ദ്ധ നഗര സീറ്റുകളുമാണ്. 2017ല്‍ ഇതില്‍ 45 സീറ്റുകളിലും 2012ല്‍ 44 സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്. 15 അതിര്‍ത്തി ജില്ലകളിലായുള്ള ഗ്രാമമേഖലകളിലെ 45 ഗ്രാമീണ സീറ്റുകളില്‍ ബിജെപിക്ക് എട്ട് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്.
ഗ്രാമീണ മേഖലകളിലെ സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വോട്ട് ശതമാന വ്യത്യാസം ഒരു ശതമാനം മാത്രമാണ്. അതേ സമയം അര്‍ദ്ധ നഗരസീറ്റുകളില്‍ എട്ട് ശതമാനം വോട്ടിന്റെ മുന്‍തൂക്കം ബിജെപിക്കുണ്ട്. നഗര സീറ്റുകളില്‍ 25 ശതമാനം വോട്ടിന്റെ ലീഡ് ബിജെപിക്കുണ്ട്. ഈ കണക്കുകളില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. കോണ്‍ഗ്രസിന് നഗരമേഖലകളിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുന്നില്ല എന്നാണത്. ബിജെപി ഗുജറാത്തില്‍ തുടര്‍ച്ചയായി ഭരിക്കുന്നതിന് കാരണവും അത് തന്നെയെന്ന് വ്യക്തം.
ഇങ്ങനെയൊരു രാഷ്ട്രീയ സവിശേഷത നിലനില്‍ക്കുന്ന സംസ്ഥാനത്താണ് ആംആദ്മി പാര്‍ട്ടി മത്സര രംഗത്ത് സജീവമായിരിക്കുന്നത്. നഗരമേഖലകളിലാണ് അവരുടെ പ്രചരണവും പ്രവര്‍ത്തനങ്ങളും വളരെ സജീവമായി നടക്കുന്നത്. നഗരങ്ങളിലേത് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഗ്രാമങ്ങളില്‍ നടക്കുന്നില്ല. ഈ പ്രവര്‍ത്തനങ്ങള്‍ ബിജെപിയെ പിന്തുണക്കുന്ന നഗരവോട്ടര്‍മാരില്‍ ഇളക്കങ്ങള്‍ ഉണ്ടാക്കുമോ എന്നതാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്ന കാര്യം. മെച്ചപ്പെട്ട വിദ്യാഭ്യാസം എന്ന ആംആദ്മി പാര്‍ട്ടി പ്രചരണത്തിന് വലിയ ശ്രദ്ധ ആകര്‍ഷിക്കാന്‍ നഗരങ്ങളില്‍ കഴിഞ്ഞെന്നാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്. നഗരങ്ങളിലെ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസും ഏറെ പ്രതീക്ഷ പുലര്‍ത്തുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പരേഷ് ധനാനി അത് തുറന്ന് പറയുകയും ചെയ്തു.
ആംആദ്മി പാര്‍ട്ടി ബിജെപിക്ക് വോട്ട് ചെയ്യുന്ന നഗര, അര്‍ധ നഗര വോട്ടര്‍മാരെയാണ് കൂടുതല്‍ ആകര്‍ഷിക്കുകയെന്നാണ് പരേഷ് ധനാനി പറഞ്ഞത്. അത് ആത്യന്തികമായി കോണ്‍ഗ്രസിനാണ് ഗുണം ചെയ്യുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഗ്രാമ മേഖലകളില്‍ ആപ്പിന് അടിസ്ഥാന സംഘടനയില്ല. കഴിഞ്ഞ 30 വര്‍ഷമായി കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിയാത്ത 66 നഗര-അര്‍ധ നഗര മണ്ഡലങ്ങളില്‍ ബിജെപിക്ക് ആപ്പ് വെല്ലുവിളി ഉയര്‍ത്തും. ഭരണ വിരുദ്ധ വികാരം അതിതീവ്രമാണ്. ബിജെപിയുടെ ഭരണത്തില്‍ ജനങ്ങള്‍ തളര്‍ന്നിരിക്കുകയാണെന്നും പരേഷ് ധനാനി പറഞ്ഞു. മൂന്നാം ശക്തിയായുള്ള ആപ്പിന്റെയും കെജ്‌രിവാളിന്റെയും വരവ് ആത്യന്തികമായി കോണ്‍ഗ്രസിനാണ് ഗുണം ചെയ്യുക. കഴിഞ്ഞ 27 വര്‍ഷമായി സംസ്ഥാനത്തെ 66 നഗരഅര്‍ധ നഗര മണ്ഡലങ്ങളില്‍ വിജയിക്കാന്‍ കഴിയാത്തതിനാലാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടത്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഈ 66 സീറ്റില്‍ രാജ്‌ക്കോട്ടില്‍ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് രണ്ട് തവണ വിജയിക്കാന്‍ കഴിഞ്ഞതെന്നും പരേഷ് ധനാനി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ നഗര സീറ്റുകള്‍ ബിജെപി, ആപ്പ് എന്ന നിലക്ക് മാറിയാല്‍ അതിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസ് ആയിരിക്കും. സൂറത്ത് മുനിസിപ്പാലിറ്റിയിലെ ഫലം നോക്കൂ. അവിടെ 27 സീറ്റില്‍ ആപ്പ് വിജയിച്ചു. ഇതിലൊരു സീറ്റ് പോലും കോണ്‍ഗ്രസിന്റേതല്ല. ബിജെപി പരാജയപ്പെട്ടു, ആപ്പ് വിജയിച്ചു. കോണ്‍ഗ്രസിനെ അത് ബാധിച്ചില്ലെന്നും പരേഷ് ധനാനി പറഞ്ഞു.
ഗ്രാമീണ വോട്ടര്‍മാര്‍ കോണ്‍ഗ്രസിനോടൊപ്പമാണ് അവസാന തെരഞ്ഞെടുപ്പിലും നിന്നത്. ആപ്പിന് കോണ്‍ഗ്രസിന്റെ ഗ്രാമീണ വോട്ടര്‍മാരെ നേടാന്‍ കഴിഞ്ഞിട്ടില്ല. 2017ല്‍ തങ്ങളുടെ പാര്‍ട്ടിയാണ് ഗ്രാമീണ സീറ്റുകളില്‍ വിജയിച്ചത്. 78 സീറ്റുകള്‍ ലഭിച്ചു. ഇതിലേറെയും ഗ്രാമീണ മേഖലകളില്‍ നിന്നായിരുന്നുവെന്നും പരേഷ് ധനാനി പറഞ്ഞു.
കടപ്പാട് : റിപ്പോർട്ടർ നെറ്റ്‌വർക്ക്