Pages

കേരള ഭാ​ഗ്യകുറികൾ ഓൺലൈനായി ലഭിക്കുമോ? ‘ടിക്കറ്റ് കിട്ടിയാലും സമ്മാനം കിട്ടില്ല‘; ശ്രദ്ധിക്കണം


കേരള ഭാ​ഗ്യകുറികൾ ഓൺലൈനായി ലഭിക്കുമോ? ‘ടിക്കറ്റ് കിട്ടിയാലും സമ്മാനം കിട്ടില്ല‘; ശ്രദ്ധിക്കണം

കേരളത്തിലെ ഭാ​ഗ്യകുറിയുടെ സ്വീകാര്യത വളരെ വലുതാണ്. 50 രൂപ മുടക്കിയാൽ കോടീശ്വരനാകാൻ വരെ സാധിക്കുന്നതിനാൽ ഭാ​ഗ്യപരീക്ഷണത്തിന് ഇറങ്ങുന്നവർക്ക് ചെലവ് കുറഞ്ഞ മാർ​ഗം കേരള ലോട്ടറിയാണ്. ദിനംപ്രതി നറുക്കെടുക്കുന്ന കേരള ലോട്ടറിയിൽ 70 ലക്ഷം മുതൽ 1 കോടി വരെയാണ് ഒന്നാം സമ്മാനം. ബംബർ നറുക്കെടുപ്പുകൾ വേറെയും.

വലിയ തുകയുടെ ഇടപാടുകൾ നടക്കുന്ന മേഖലയിൽ ഒന്ന് കണ്ണ് തെറ്റിയാൽ കുഴിലേക്ക് വീഴാം. ഇത്തരത്തിൽ ലോട്ടറി താൽപര്യക്കാരെ പറ്റിക്കുന്നൊരു മാർ​ഗമാണ് ഓൺലൈൻ ലോട്ടറി. കേരള ലോട്ടറി ഓൺലൈനിലൂടെ വില്പന നടത്തിയാണ് തട്ടിപ്പ്.

കേരള ലോട്ടറി ഓൺലൈനിൽ കിട്ടുമോ?

കേരള സര്‍ക്കാറിന്റെ ഉത്തരവ് പ്രകാരം 2005 ജനുവരി 13 മുതല്‍ കേരളത്തില്‍ ഓണ്‍ലൈന്‍ ലോട്ടറി വില്പനയ്ക്ക് നിരോധനമുണ്ട്. കേരള ലോട്ടറികള്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ചും മറ്റ് സാധ്യതകള്‍ ഉപയോഗിച്ചും ലോട്ടറി ടിക്കറ്റുകൾ വാങ്ങാന്‍ പാടില്ല. ഏജന്റുമാര്‍ക്ക് നേരിട്ട് ടിക്കറ്റ് വില്പന മാത്രമെ അനുവദിക്കുന്നുള്ളൂ. ഇതിനാല്‍ കേരള ഭാഗ്യകുറികളും ഓണ്‍ലൈനായി വാങ്ങാന്‍ സാധിക്കില്ല. ഇത്തരത്തില്‍ വാങ്ങുന്നവയ്ക്ക് സാധുതയുണ്ടാകില്ല.


ഓൺലൈനിൽ കേരള ലോട്ടറി തട്ടിപ്പ്

സമൂഹമാധ്യമങ്ങളും വെബ്സൈറ്റുകളും മൊബൈൽ ആപ്പുകളും വഴിയാണ് കേരള ഭാ​ഗ്യകുറിയെന്ന പേ‌രിൽ ഓൺലൈൻ തട്ടിപ്പ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പണം നഷ്ടമായവരിൽ ഏറെയും. വാജ്യ വെബ്‌സൈറ്റുകൾ തയ്യാറാക്കി, സർക്കാർ വെബ്‌സൈറ്റ് എന്ന തോന്നിപ്പിക്കുന്ന തരത്തിൽ കേരള സർക്കാരിന്റെ എംബ്ലവും ക്യുആർ കോഡും ഉപയോ​ഗിച്ചാണ് തട്ടിപ്പ്.

മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുന്നവർക്ക് ഗൂഗിൾ പേ വഴിയോ മറ്റ് മൊബൈൽ ബാങ്കിംഗ് ഓപ്ഷനുകൾ വഴിയോ ലോട്ടറി വില അടയ്ക്കാം. ലോട്ടറി ടിക്കറ്റിന്റെ തെളിവ് സഹിതമാണ് സമ്മാനത്തുക നേടുന്നതിനെക്കുറിച്ചുള്ള അറിയിപ്പുകൾ മിക്കവർക്കും ലഭിക്കുന്നത്.


പണം ലഭിക്കില്ല

ലോട്ടറിയിൽ സമ്മാന തുക നൽകാൻ ആദായനികുതി എന്ന പേരിൽ പണം മുൻകൂറായി വാങ്ങുകയാണ് തട്ടിപ്പ് സംഘം. ശേഷം സമ്മാനതുക ലഭിക്കാൻ കേരള ലോട്ടറി നറുക്കെടുക്കുന്ന തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ നേരിട്ടെത്താൻ ആവശ്യപ്പെടും. സ്ഥലത്തേക്കുള്ള ലൊക്കേഷൻ മാപ്പും സമ്മാനർഹർക്ക് അയച്ചു നൽകും. തട്ടിപ്പ് വിശ്വസിച്ച് പലരും തിരുവനന്തപുരത്ത് സമ്മാനതുക വാങ്ങാൻ എത്തിയിരുന്നു.


'കേരളത്തിന് ഓൺലൈൻ ലോട്ടറി ഇല്ല'

ഓൺലൈൻ ലോട്ടറി തട്ടിപ്പു വ്യാപകമായതോടെ അയൽസംസ്ഥാനങ്ങളിൽ പ്രാദേശിക ഭാഷയിൽ ബോധവത്കരണത്തിനാണ് ലോട്ടറി വകുപ്പ് ഒരുങ്ങുന്നത്. തമിഴ്നാട്, ആന്ധ്ര, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളിൽ 'കേരളത്തിന് ഓൺലൈൻ ലോട്ടറി ഇല്ല' എന്ന പരസ്യം നൽകും.

ഓൺലൈൻ തട്ടിപ്പിനെതിരെ നടപടി സ്വീകരിക്കണമെന്നു വിവിധ സംസ്ഥാന പൊലീസ് മേധാവികൾക്കു ലോട്ടറി ഡയറക്ടർ കത്തയച്ചു. ഓൺലൈൻ ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരു വർഷത്തിനിടെ കേരള സൈബർ വിഭാഗം 76 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലാണ് കേസുകളുടെ എണ്ണം കൂടുതലുള്ളത്.

കേരള ലോട്ടറി കേരളത്തിൽ മാത്രം

കേരള ലോട്ടറി കേരളത്തിൽ മാത്രമുള്ളത്. കേരള സംസ്ഥാന ഭാഗ്യകുറി സംസ്ഥാനത്തിന് വില്പന നടത്താന്‍ പാടില്ല. നേരിട്ടോ അല്ലാതെയോ ഏജന്റുമാര്‍ കേരളത്തിന് പുറത്ത് ടിക്കറ്റ് വില്പന നടത്തുന്നത് തെറ്റാണ്. ഇതിനാൽ കേരളത്തിന് പുറത്തുള്ളൊരാള്‍ക്ക് സമ്മാനം അടിച്ചാല്‍ സമ്മാനം വാങ്ങിയെടുക്കാൻ കൂടുതൽ നടപടികളുണ്ട്.

സമ്മാനാർഹൻ കേരള സംസ്ഥാനത്തിന് പുറത്തുളള ആളാണെങ്കിൽ ഒരു ലക്ഷം രൂപക്ക് മുകളിൽ സമ്മാനാർഹമായ ടിക്കറ്റ് ഹാജരാക്കുമ്പോൾ സമ്മാനാർഹൻ കേരളത്തിൽ വരാനുണ്ടായ കാരണവും ടിക്കറ്റ് എടുക്കുവാനുണ്ടായ സാഹചര്യവും കാണിച്ചുകൊണ്ടുള്ള കത്ത് സമർപ്പിക്കണം.