ആദായ നികുതി നിയമത്തിലെ 80 പി വകുപ്പ് അനുസരിച്ചുള്ള കിഴിവുകൾക്ക് റിസർവ് ബാങ്കിന്റെ ലൈസെൻസോടു കൂടി പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളല്ലാത്ത മറ്റു എല്ലാ സഹകരണ സംഘങ്ങൾക്കും അർഹത ഉണ്ടെന്നുള്ള ചരിത്ര പ്രധാന്യമുള്ള വിധി ബഹു. സുപ്രീം കോടതിയിൽ നിന്നുണ്ടായത് ഈ മേഖലയിലുള്ളവർക്ക് ഏറെ ആശ്വാസം നൽകുന്നതാണ്. ഈ വിധിയുടെ പശ്ചാത്തലം അറിയാൻ ഒട്ടേറെ പേർ ആവശ്യപ്പെട്ടതിനാലാണ് ചുരുങ്ങിയ വാക്കുകളിൽ ഈ പോസ്റ്റിടുന്നത്.
വർഷം 2006 -
80 പി വകുപ്പിലെ കിഴിവുകൾ പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങളോ(PACS), പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കുകളോ (PCARDB) അല്ലാത്ത "സഹകരണ ബാങ്കുകൾ" ക്ക് ലഭിക്കുകയില്ലെന്ന നിയമഭേദഗതി [80 പി (4)] ഫിനാൻസ് ബില്ലിലൂടെ പാര്ലമെന്റ് പാസ്സാക്കുന്നു.
വർഷം 2007 മുതൽ ആദായ നികുതി വകുപ്പ് പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങളോ (PACS), പ്രാഥമിക കാർഷിക ഗ്രാമവികസന സഹകരണ ബാങ്കുകളോ (PCARDB) അല്ലാത്ത സഹകരണ സംഘങ്ങൾക്കെല്ലാം 80 പി വകുപ്പിലെ കിഴിവുകൾ നിഷേധിക്കുന്നു.
വർഷം 2008 -
ആദായ നികുതി വകുപ്പിന്റെ നിയന്ത്രണം കയ്യാളുന്ന CBDT 133/6 നമ്പറായി ഇറക്കിയ വിശദീകരണ കുറിപ്പിൽ RBI യുടെ നിയന്ത്രണത്തിലല്ലാത്ത സഹകരണ സംഘങ്ങൾക്ക് 80 പി വകുപ്പിലെ കിഴിവുകൾക്ക് അർഹതയുണ്ടെന്ന് അർത്ഥ ശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നു. (ഈ കുറിപ്പ് പൊതു മാദ്ധ്യമങ്ങളിൽ ലഭ്യമല്ലെന്നതാണ് സ്ഥിതി ഗതികൾ വഷളാക്കിയത്.)
വർഷം 2009 മുതൽ സഹകരണ സംഘങ്ങളുടെ വിവിധ കേസുകളിൽ, CBDT യുടെ വിശദീകരണ കുറിപ്പിന്റെ അടിസ്‌ഥാനത്തിൽ PACS, PCARDB എന്നുനോക്കാതെ RBI യുടെ നിയന്ത്രണത്തിലല്ലാത്ത എല്ലാ സംഘങ്ങൾക്കും 80 P യുടെ കിഴിവുകൾ അനുവദിച്ച് ഹൈകോടതികളും ട്രിബുണലുകളും ഒരേ സ്വരത്തിൽ വിധികൾ
പുറപ്പെടുവിക്കുക ഉണ്ടായി. Jafari momin credit cooperative society, Quepem urban Credit Society എന്നിവയുടെ വിധികൾ എടുത്തു പറയേണ്ടവയാണ്. (ഇൻറർനെറ്റിൽ ഇവ ലഭ്യമാണ്).
വർഷം 2012 -
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ സംഭവ വികാസങ്ങൾ അറിഞ്ഞോ അറിയാത്തതായി നടിച്ചോ കേരളത്തിലെ ആദായനികുതി വകുപ്പ് PACS, PCARDB എന്നിവക്ക് മാത്രമേ 80 പി വകുപ്പിലെ കിഴിവുകൾക്ക് അർഹതയുള്ളു എന്ന നിലപടെടുക്കുകയും, നികുതി നിർണയിക്കുകയും,തുടർനടപടികളെടുക്കുകയും ചെയ്തുകൊണ്ടിരു ന്നു. പാലക്കാടുള്ള ഏതാനും സംഘങ്ങൾ ഫയൽ ചെയ്ത കേസിൽ [തത്തമംഗലം സർവീസ് സഹകരണ ബാങ്ക് vs ITO]. ഇതേ നിലപാട് ബഹു. കേരള ഹൈ കോടതിയും സ്വീകരിച്ചതോടെ സംഘങ്ങൾക്ക് ശനിദശ തുടങ്ങി. കാർഷിക വായ്പ കുറഞ്ഞു പോയാൽ ആ സംഘത്തെ PACS ആയി കണക്കാക്കാൻ ആകില്ലെന്നും കൂടി കോടതി പറഞ്ഞു വെച്ചു.
വർഷം 2014 -
പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്കിന് 80 പി വകുപ്പിലെ കിഴിവുകൾ അനുവദിച്ചത് പുനഃപരിശോധിക്കാൻ കമ്മീഷണർ അസ്സെസ്സിങ് ഓഫീസറോട് ആവശ്യപ്പെട്ടത് ബഹു. കേരള ഹൈ കോടതിയിൽ ബാങ്ക് ചോദ്യം ചെയ്‌തെങ്കിലും ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബഞ്ച് അത് നിരസിക്കുകയാണുണ്ടായത്.
വർഷം 2015 -
കാർഷിക വായ്പ സംഘങ്ങളല്ലാത്ത സഹകരണ സംഘങ്ങൾക്ക് 80P യിലെ കിഴിവുകൾ അനുവദിച്ചുകൊണ്ടുള്ള വെളിയിലുള്ള സംസ്ഥാനങ്ങളിലെ വിധികൾക്കെതിരെ അവിടങ്ങളിലെ ആദായനികുതി വകുപ്പ് സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി. Tax effect കുറവായതിനാൽ പല കേസുകളും Revenue തന്നെ പിൻവലിക്കുകയും കോടതി തള്ളിക്കളയുകയും ചെയ്യുകയുണ്ടായി.
[CIVIL APPEAL No. 3222/2015]. കേസ് സുപ്രീം കോടതിയിൽ ഇപ്പോഴും നിലവിൽ ഉണ്ട്.
വർഷം 2016 -
ചിറക്കൽ സർവീസ് സഹകരണ ബാങ്കിന്റെ കേസിൽ, 80P യിലെ കിഴിവുകൾ അനുവദിക്കാൻ PACS ആണെന്ന സഹകരണ സംഘം രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് മതിയെന്നും അസ്സെസ്സിങ് ഓഫീസർ കൂടുതൽ ആഴത്തിൽ പരിശോധിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബഞ്ച് വിധിക്കുകയുണ്ടായി.
വർഷം2019 -
മാവിലായി സർവീസ് സഹകരണ ബാങ്കിന്റെ കേസിൽ, 80P യിലെ വകുപ്പിലെ കിഴിവുകൾ അനുവദിക്കാൻ PACS ആണെന്ന സഹകരണ സംഘം രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് മതിയാവില്ല എന്നും അസ്സെസ്സിങ് ഓഫീസർ കൂടുതൽ ആഴത്തിൽ പരിശോധിക്കേണ്ടതുണ്ടെന്നും, ചിറക്കൽ സർവീസ് സഹകരണ ബാങ്കിന്റെ കേസിലുണ്ടായ ഡിവിഷൻ ബഞ്ച് വിധി മോശം വിധിയാണെന്നും ഫുൾ ബെഞ്ച് വിധിച്ചു.
വർഷം 2020 -
ഫുൾ ബഞ്ചിന്റെ വിധിക്കെതിരെ കേരളത്തിലെ ഏതാനും സഹകരണ സംഘങ്ങൾ ബഹു. സുപ്രീം കോടതിയെ സമീപിക്കുകയും രണ്ട് ബാച്ച് പെറ്റീഷനുകളായി രെജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്തു. RBI യുടെ നിയന്ത്രണത്തിലല്ലാത്ത എല്ലാ തരത്തിലുള്ള സഹകരണ സംഘങ്ങൾക്കും 80പി ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ട് എന്ന വാദം ഉന്നയിച്ചാണ് ഒരു ബാച്ച് പെറ്റീഷൻ സമർപ്പിച്ചതെങ്കിൽ PACS ൽ മാത്രം കേന്ദ്രീകരിച്ചുള്ളതായി രുന്നു രണ്ടാമത്തേത് എന്നാണ് മനസിലാക്കുന്നത്.
വർഷം 2021 -
Adv അരുൺ രാജ് ഡ്രാഫ്റ്റ് ചെയ്ത ഒന്നാമത്തെ SLP യിലെ വാദമുഖങ്ങളാണ് കോടതി പ്രധാനമായും പരിഗണിച്ചതായി കാണുന്നത്. 12 /1/ 2021 നുണ്ടായ സുപ്രധാനമായ വിധിന്യാത്തിൽ അത് വ്യക്തമാണ്. Citizen co-operative Society യുടെ കേസിൽ സുപ്രീം കോടതിൽ നിന്നുണ്ടായ വിധി എന്തുകൊണ്ടാണ് കേരളത്തിലെ സഹകരണ സംഘങ്ങൾക്ക് ബാധകമല്ലാത്തത് എന്ന കാര്യവും , 80 പി വകുപ്പിനെ സമ്പന്ധിച്ച CBDT യുടെ വിശദീകരണവും ബഹു. സുപ്രീം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതാണ് ഈ വിധിക്കു കാരണമായതെന്ന് വിശ്വസിക്കുന്നു. ഇക്കാര്യങ്ങൾ സമ്പന്ധിച്ചുള്ള വിവരങ്ങൾ കേസ് ഡ്രാഫ്റ്റ് ചെയ്യുന്ന വേളയിലും കേസ് നടന്നുകൊണ്ടിരിക്കുമ്പോഴും ഈയുള്ളവനെ പോലെയുള്ളവരോട് ചർച്ച ചെയ്യാൻ വക്കീൽ കാണിച്ച ഔചിത്യം ശ്ലാഹനീയമാണ്.
POST Judgment :-
PACS നും PCARDB നും മാത്രമാണ് 80 P വകുപ്പിന്റെ കിഴിവ് ലഭിക്കുക എന്ന് വിശ്വസിച്ചു വശായിയ കേരളത്തിലെ ചാർട്ടേർഡ് അക്കൗണ്ടന്റുമാർ, വക്കീലന്മാർ, നിയമ വിദഗ്ദ്ധർ, വകുപ്പുദ്യോഗസ്ഥന്മാർ, കോടതികൾ തുടങ്ങിയവർക്ക് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ നിലപാടുകൾക്കൊപ്പമെത്താൻ ഈ വിധി സഹായകമാകുമെന്ന് കരുതുന്നു. എന്നാൽ, സുപ്രീം കോടതിയിൽ നിന്നുണ്ടായിട്ടുള്ള വിധിയിൽ സഹകരണ സംഘങ്ങൾക്ക് ദോഷകരമായ പല കാര്യങ്ങളും ഒളിഞ്ഞിരിപ്പുണ്ടെന്നത് കാണാതെ പൊയ്ക്കൂട. വരും ദിവസങ്ങളിൽ ആദായ നികുതി വകുപ്പ് അവ പ്രയോജന പെടുത്തുക തന്നെ ചെയ്യുമെന്ന് വേണം കരുതാൻ. ആര് എന്ത് നിലപാട് എടുത്താലും സഹകരണ മേഖലക്ക് കോട്ടം തട്ടാതെ നോക്കാൻ സഹകാരികൾ ആർജ്ജവം കാണിക്കണം. RBI യുടെ നിയന്ത്രണത്തിലല്ലാത്ത എല്ലാ സംഘങ്ങൾക്കും 80 P യുടെ ആനുകൂല്യം ലഭിക്കും എന്നത് മാത്രമാണ് സംഘങ്ങൾക്ക് ആശ്വാസം നൽകുന്നതെങ്കിൽ സുപ്രീം കോടതിയുടെ മറ്റു പരാമർശങ്ങൾ പലതും വരും ദിവസങ്ങളിൽ സഹകാരികളുടെ ഉറക്കം കെടുത്താൻ പര്യാപ്തമാണ്. സുപ്രീം കോടതിയെ സമീപിച്ചത് വളരെ നേരത്തെ ആയി പോയതിന്റെ ഫലമാണത്. മാവിലായി വിധിയുടെ അടിസ്ഥാനത്തിൽ 80 P യുടെ ആനുകൂല്യങ്ങൾ നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിന്മേലായിരുന്നു കേസ് ഡെവലപ് ചെയ്യേണ്ടിയിരുന്നത്.
സുപ്രീം കോടതി വിധി എങ്ങിനെയാണ് സഹകരണ സംഘങ്ങൾക്ക് ദോഷകരമായി തീരാൻ പോകുന്നത് എന്നത് സമ്പന്ധിച്ചുള്ള കാര്യങ്ങൾ വിവരിച്ച് ഇപ്പോഴുള്ള സന്തോഷത്തിന്റെ മാറ്റു കുറക്കുന്നില്ല. അതെല്ലാം പിന്നീടാകാം.
കടപ്പാട് : രാധാകൃഷ്ണൻ സർ