*ടി.പി.ആർ 18 കഴിഞ്ഞാൽ ട്രിപ്പിൾ ലോക്ക് ഡൗൺ ; സംസ്ഥാനത്ത് നിയന്ത്രണ മാനദണ്ഡങ്ങൾ പുതുക്കി*
30-06-2021
➖➖➖➖➖➖➖➖➖
കോവിഡ് ഭീഷണിക്ക് അയവില്ലാത്ത സാഹചര്യത്തില്‍ ലോക്ക്‌ഡൗണ്‍ മാനദണ്ഡങ്ങള്‍ പുനഃക്രമീകരിക്കാന്‍ തീരുമാനം. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) 18ല്‍ കൂടുതലുള്ള തദ്ദേശ ഭരണ പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍. മറ്റു സ്ഥലങ്ങളില്‍ ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. ശനി, ഞായര്‍ ദിവസങ്ങളിലെ സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ ഒരാഴ്‌ച കൂടി തുടരുമെന്നും അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
സംസ്‌ഥാനത്ത് ജൂണ്‍ 12ന് ശേഷം ഏറ്റവും കൂടുതല്‍ പേരില്‍ രോഗം സ്‌ഥിരീകരിച്ച ദിവസമായിരുന്നു ഇന്നലെ. ടി.പി.ആര്‍ പത്തിന് മുകളിലുള്ള വിരലിലെണ്ണാവുന്ന സംസ്‌ഥാനങ്ങളുടെ പട്ടികയിലാണ് കേരളം.
ഇത് കണക്കിലെടുത്താണ് മാനദണ്ഡങ്ങള്‍ പുനഃക്രമീകരിക്കുന്നത്. പുതുക്കിയ നിയന്ത്രണങ്ങള്‍ ഇന്ന് നിലവില്‍ വരും. കഴിഞ്ഞ ഏഴ് ദിവസത്തെ ശരാശരി ടി.പി.ആര്‍. ആറ് ശതമാനത്തില്‍ താഴെയുള്ള (എ വിഭാഗം) 165 പ്രദേശങ്ങളുണ്ട്. ആറിനും പന്ത്രണ്ടിനുമിടയിലുള്ള ബി വിഭാഗത്തില്‍ 473 തദ്ദേശ പ്രദേശങ്ങളാണുള്ളത്. പന്ത്രണ്ടിനും പതിനെട്ടിനും ഇടയില്‍ ടി.പി.ആറുള്ള 316 പ്രദേശങ്ങളുണ്ട് (സി വിഭാഗം). 18 ശതമാനത്തിന് മുകളിലുള്ള 80 പ്രദേശങ്ങളിലാണ് ഇന്നു മുതല്‍ ഒരാഴ്‌ചത്തേക്ക് ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. ബി വിഭാഗത്തില്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഓട്ടോറിക്ഷ ഓടിക്കാന്‍ അനുവദിക്കും.
സംസ്‌ഥാനത്ത് 29.75 വരെയെത്തിയ ടി.പി.ആര്‍. പത്ത് ശതമാനം വരെ കുറഞ്ഞെങ്കിലും അതില്‍നിന്ന് താഴേക്ക് വരുന്നില്ല. ഒരാഴ്‌ചയായി രോഗികളുടെ എണ്ണം കാര്യമായി കുറയുന്നുമില്ല.
➖➖➖➖➖➖➖➖