//എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിരക്ക് വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്//

//എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിരക്ക് വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്//
19-07-2021


ബാങ്കുകളില്‍ നിന്ന് ഇനി പണം വലിക്കുന്നത് ചെലവേറിയതാകും. എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിരക്ക് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് അനുമതി നല്‍കി. ഒരു ട്രാന്‍സാക്ഷന് 21 രൂപയാണ് ഈടാക്കുക. ഇതിനുള്ളില്‍ നിന്നുകൊണ്ട് പണം ഈടാക്കാന്‍ ബാങ്ക് സര്‍വീസുകള്‍ക്ക് സാധിക്കും. പുതുക്കിയ നിരക്ക് 2022 ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരും.

ഒരു ബാങ്കില്‍ മാസത്തില്‍ അഞ്ച് ട്രാന്‍സാക്ഷന്‍ വരെ സൗജന്യമായി നടത്താം. അതുകഴിഞ്ഞാലാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുക. ഇത് ഫിനാന്‍ഷ്യല്‍ ആന്‍ഡ് നോണ്‍ ഫിനാന്‍ഷ്യല്‍ ഇടപാടുകള്‍ക്കും ബാധകമായിരിക്കും. അഞ്ച് തവണ കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 20 രൂപ വരെ സര്‍വീസ് ചാര്‍ജായി നല്‍കേണ്ടി വരും. മറ്റ് ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുന്നവര്‍ മൂന്ന് ഇടപാടുകള്‍ വരെ മെട്രോ നഗരങ്ങളില്‍ സൗജന്യമാണ്. നോണ്‍ മെട്രോ സെന്ററുകളില്‍ ഇത് അഞ്ചാണ്.

ഏഴ് വര്‍ഷത്തിന് ശേഷമാണ് എ.ടി.എം ഇടപാടുകലുടെ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ആര്‍.ബി.ഐ തീരുമാനിച്ചിരിക്കുന്നത്. 2012 ഓഗസ്റ്റിലായിരുന്നു അവസാന വര്‍ധന. എന്നാല്‍ ഉപഭോക്താക്കള്‍ നല്‍കേണ്ട തുക പുതുക്കി നിശ്ചയിച്ചത് 2014 ഓഗസ്റ്റിലാണ്. ഇത്രയും കാലമായത് കൊണ്ട് തന്നെ തുക പുതുക്കേണ്ടത് അനിവാര്യമാണെന്ന് ആര്‍.ബി.ഐ പറഞ്ഞു. എ.ടി.എം സ്ഥാപിക്കുന്നതും അതിന്റെ ചെലവുകളുമെല്ലാം ബാങ്കുകളാണ് വഹിക്കുന്നത്. അത് വര്‍ധിച്ച്‌ വരുന്നതും ബാങ്കുകളെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചിട്ടുണ്ട്.

2019-ല്‍ എ.ടി.എം നിരക്ക് വര്‍ധനവിനെ കുറിച്ച്‌ പഠിക്കാന്‍ ആര്‍.ബി.ഐ ഒരു സമിതിയെ നിയോഗിച്ചിരുന്നു. എസ്.ബി.ഐ നേരത്തെ എ.ടി.എമ്മുകളിലെ സര്‍വീസ് ചാര്‍ജുകള്‍ പുതുക്കിയിരുന്നു. ജൂലായ് മുതല്‍ നടപ്പാക്കിയും തുടങ്ങിയിരുന്നു. 15 രൂപയും ഒപ്പം ജി.എസ്.ടിയുമാണ് പരിധി കഴിഞ്ഞാല്‍ എസ്.ബി.ഐ ഈടാക്കുക. കോവിഡ് സമയത്ത് ഇത്തരം കാര്യങ്ങളില്‍ മാറ്റം വരേണ്ടത് പിടിച്ച്‌ നില്‍ക്കാന്‍ അത്യാവശ്യമാണെന്ന് ബാങ്കുകള്‍ പറഞ്ഞു.