Pages

സ്വർണ്ണപണയ വായ്പ: നിയന്ത്രണങ്ങൾ കടുപ്പിച്ചു ബാങ്കുകൾ, ശ്രെദ്ധിച്ചില്ലെങ്കിൽ വലിയ നഷ്ടം


സ്വർണ്ണപണയ വായ്പ: നിയന്ത്രണങ്ങൾ കടുപ്പിച്ചു ബാങ്കുകൾ, ശ്രെദ്ധിച്ചില്ലെങ്കിൽ വലിയ നഷ്ടം

 കോവിഡില്‍ വന്‍ സ്വീകാര്യതയേറിയ സ്വര്‍ണപ്പണയ വായ്‌പകള്‍ വന്‍തോതില്‍ കിട്ടാക്കടമായി മാറുന്നത് ബാങ്കുകളെയും ബാങ്കിതര ധനകാര്യ‌സ്ഥാപനങ്ങളെയും ആശങ്കയിലാഴ്‌ത്തുന്നു. തിരിച്ചടവ് മുടങ്ങിയതും സ്വര്‍ണവില തകര്‍ച്ചയുമാണ് പ്രധാന തിരിച്ചടി. നഷ്‌ടം മറികടക്കാനായി മിക്ക ധനകാര്യ സ്ഥാപനങ്ങളും കിട്ടാക്കടമായ വായ്‌പകളിലെ ഈടുവച്ച സ്വര്‍ണപ്പണയങ്ങളുടെ ലേലവും ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച്‌ പാദത്തില്‍ പ്രമുഖ എന്‍.ബി.എഫ്.സിയായ മണപ്പുറം ഫിനാന്‍സ് ലേലം ചെയ്‌തത് 404 കോടി രൂപ മതിക്കുന്ന ഒരു ടണ്‍ സ്വര്‍ണമാണ്. തൊട്ടുമുൻപത്തെ മൂന്നു പാദങ്ങളിലെ മൊത്തം ലേലം എട്ട് കോടി രൂപ മാത്രമായിരുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തെ ആകെ ലേലം 412 കോടി രൂപയും.
കോവിഡും ലോക്ക്ഡൗണും മൂലം വരുമാനം ഇടിഞ്ഞതിനാല്‍ സാമ്പത്തികത്തിനാവശ്യം നിറവേറ്റാന്‍ ജനങ്ങളും ചെറുകിട സംരംഭങ്ങളും കഴിഞ്ഞവര്‍ഷം സ്വര്‍ണപ്പണയ വായ്‌പകളെ വന്‍തോതില്‍ ആശ്രയിച്ചിരുന്നു. 2020 ആഗസ്‌റ്റില്‍ സ്വര്‍ണവില എക്കാലത്തെയും ഉയരത്തില്‍ എത്തിയതും (പവന് 42,000 രൂപ, ഗ്രാമിന് 5,250 രൂപ) സ്വര്‍ണപ്പണയ വായ്‌പകളുടെ ലോണ്‍-ടു-വാല്യു (എല്‍.ടി.വി) റിസര്‍വ് ബാങ്ക് 90 ശതമാനമാക്കി ഉയര്‍ത്തിയതും സ്വര്‍ണവായ്‌പകളെ ആകര്‍ഷകമാക്കി.
പണയംവച്ചാല്‍ കൂടുതല്‍ തുക ലഭിക്കുമെന്നതാണ് എല്‍.ടി.വി ഉയര്‍ത്തിയതിന്റെ നേട്ടം. ഡിമാന്‍ഡ് ഏറിയതോടെ, പതിവിന് വിപരീതമായി പൊതുമേഖലാ ബാങ്കുകളും സ്വര്‍ണവായ്‌പ നല്‍കാന്‍ മത്സരിച്ചു. എന്നാല്‍, പ്രതീക്ഷകള്‍ തെറ്റിച്ച്‌ കോവിഡ് രണ്ടാംതരംഗമുണ്ടായതും സാമ്പത്തിക ഞെരുക്കം രൂക്ഷമായതോടെ തിരിച്ചടവ് നിര്‍ജീവമായതും സ്വര്‍ണവില കുറഞ്ഞതും വായ്‌പകളെ കിട്ടാക്കടത്തിലേക്ക് നയിക്കുകയായിരുന്നു. തൃശൂര്‍ ആസ്ഥാനമായുള്ള സി.എസ്.ബി ബാങ്കിന്റെ മൊത്തം വായ്‌പകളില്‍ 38 ശതമാനത്തോളം സ്വര്‍ണവായ്‌പകളാണ്. എന്നാല്‍, കഴിഞ്ഞപാദത്തില്‍ ബാങ്കിന്റെ പുതിയ കിട്ടാക്കട ബാദ്ധ്യതയായ 435 കോടി രൂപയില്‍ 337 കോടി രൂപയും സ്വര്‍ണവായ്‌പകളായിരുന്നു. ഫെഡറല്‍ ബാങ്ക് കഴിഞ്ഞപാദത്തില്‍ സ്വര്‍ണവായ്‌പയില്‍ മാത്രം 50 കോടി രൂപയുടെ പുതിയ ബാദ്ധ്യത രേഖപ്പെടുത്തി.
ഡിമാന്‍ഡില്‍ കുറവില്ല
കിട്ടാക്കടം കൂടുകയാണെങ്കിലും സ്വര്‍ണപ്പണയ വായ്‌പകള്‍ക്ക് ഇപ്പോഴും മികച്ച ഡിമാന്‍ഡുണ്ട്. കഴിഞ്ഞപാദത്തില്‍ ഫെഡറല്‍ ബാങ്ക് കുറിച്ച വളര്‍ച്ച 53.90 ശതമാനമാണ്. എസ്.ബി.ഐയുടെ സ്വര്‍ണ വായ്‌പകള്‍ ഏറെവര്‍ഷം മുൻപ് വരെ 3,000 കോടി രൂപയോളമായിരുന്നത് കഴിഞ്ഞവര്‍ഷം 20,000 കോടി രൂപ കടന്നു. മറ്റു ബാങ്കുകളിലും എന്‍.ബി.എഫ്.സികളിലും കാണുന്നത് മികച്ച വളര്‍ച്ചയാണ്.
കടുപ്പമായി നിബന്ധനകള്‍
കിട്ടാക്കട വര്‍ദ്ധന ചെറുക്കാന്‍ സ്വര്‍ണപ്പണയ വായ്‌പകളിന്മേലുള്ള നിബന്ധനകള്‍ കൂടുതല്‍ കടുപ്പിച്ചിട്ടുണ്ട് ബാങ്കുകള്‍. സി.എസ്.ബി ബാങ്ക് ലോണ്‍-ടു-വാല്യു (എല്‍.ടി.വി) 90 ശതമാനത്തില്‍ നിന്ന് 75 ശതമാനത്തിലേക്ക് കുറച്ചു. കേരളത്തിലെ അര്‍ബന്‍ ബാങ്കുകളില്‍ 90 ദിവസം പിന്നിട്ട സ്വര്‍ണവായ്‌പകള്‍ പുതുക്കി നല്‍കരുതെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. മിക്ക ധനകാര്യ സ്ഥാപനങ്ങളും വായ്‌പയുടെ കാലാവധി മൂന്നുമാസമായി ചുരുക്കിയിട്ടുമുണ്ട്.
തിളക്കത്തോടെ സ്വര്‍ണവായ്‌പ
കഴിഞ്ഞവര്‍ഷത്തെ കണക്കുപ്രകാരം ഇന്ത്യയിലെ മൊത്തം സ്വര്‍ണപ്പണയ വായ്‌പാമൂല്യം ആറുലക്ഷം കോടി രൂപയാണ്. ഇതില്‍ 75 ശതമാനം അസംഘടിത മേഖലയിലാണ്.
സംഘടിത മേഖലയിലെ മൊത്തം സ്വര്‍ണപ്പണയ വായ്‌പകള്‍ കഴിഞ്ഞവര്‍ഷം 1.6 ലക്ഷം കോടി രൂപയില്‍ നിന്ന് രണ്ടുലക്ഷം കോടി രൂപയിലെത്തിയിരുന്നു.
ഇതില്‍ 1.20 ലക്ഷം കോടി രൂപ ബാങ്കുകളിലും 80,000 കോടി രൂപ എന്‍.ബി.എഫ്.സികളിലുമാണ്.