നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ പരസ്യമാക്കരുത് - വിദ്യാഭ്യാസവകുപ്പ്
നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സൗജന്യ സഹായങ്ങള്‍, സേവനങ്ങള്‍ തുടങ്ങിയവ പരസ്യമായി നല്‍കുന്നത് വിലക്കിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. കുട്ടികളുടെ ആത്മാഭിമാനത്തിനും സ്വകാര്യതക്കും ക്ഷതമേല്‍ക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബാലവകാശ കമ്മീഷന്‍ നിര്‍ദേശ പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ട൪ ഉത്തരവ് പുറപ്പെടുവിച്ചത് .
കുട്ടികള്‍ക്ക് പി ടി എ ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ സൗജന്യമായി നല്‍കുന്ന നോട്ടുപുസ്തകം, ബാഗ്, കുട, സ്ലേറ്റ്, യൂണിഫോം തുടങ്ങിയ വൃക്തിഗത ആനുകൂല്യങ്ങള്‍ ഇനിമുതല്‍ മറ്റുള്ളവരറിയാതെ സ്വകാര്യമായി നല്‍കണം . അധ്യാപകര്‍, സഹപാഠികള്‍ ഉള്‍പ്പടെയുള്ള പൊതുസദസ്സില്‍ വെച്ച് ഇത് വിതരണം ചെയ്യാന്‍ പാടില്ല.
ആനുകൂല്യം കൈപ്പറ്റുന്ന കുട്ടികളുടെ പേരോ ചിത്രമോ പ്രസിദ്ധീക്കരുത്. ബാലാവകാശ നിയമത്തിലെ 15-ാം വകുപ്പ് പ്രകാരമുള്ള ചട്ടങ്ങളുടെ ലംഘനമാണ് ഇത്തരം പൊതുവിതരണ പരിപാടികളെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു. നിര്‍ധന വിദ്യാര്‍ഥികളെ രണ്ടാംകിട പൗരന്മാരായി കണക്കാക്കുന്നതാണ് സൗജന്യ സഹായങ്ങളുടെ പരസ്യവിതരണം. ഇത് ഒഴിവാക്കണമെന്നാണ് ഡി.പി.ഐ വിദ്യാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.