Pages

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തുടക്കമായി.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തുടക്കമായി. ആദ്യ ദിവസം തന്നെ പ്രതിപക്ഷം വിവിധ വിഷയങ്ങളുന്നയിച്ച് സഭയിൽ പ്രതിഷേധമുയർത്തി. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കാൻ എഴുന്നേറ്റതോടെ പ്രതിപക്ഷം ലോക് സഭയിൽ പ്രതിഷേധം ഉയർത്തിയത്. 

ഫോൺ ചോർത്തൽ, കർഷക പ്രക്ഷോഭം, ഇന്ധന വില വർധനവ്, കൊവിഡ് പ്രതിരോധത്തിലെ പാളിച്ച, ഫാ. സ്റ്റാൻ സ്വാമിയുടെ മരണം തുടങ്ങിയ പ്രധാന വിഷയങ്ങൾ സഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് സൈക്കിൾ ചവിട്ടിയാണ് തൃണമൂൽ അംഗങ്ങൾ സഭയിലേക്ക് എത്തിയത്.

ഇന്നലെ പുറത്ത് വന്ന പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ ആർഎസ്പി എംപി എൻ കെ പ്രേമചന്ദ്രനും കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷും അടിയന്തിര പ്രമേയത്തിന് അവതരാണാനുമതി തേടി നോട്ടീസ് നൽകിയിട്ടുണ്ട്. ദില്ലിയിൽ സിറോ മലബാർസഭയുടെ  പള്ളി പൊളിച്ചുനീക്കിയ സംഭവത്തിലും ഭീമ കൊറേഗ്വാവ് കേസിൽ ജയിലിൽ കഴിയവേ മുനഷ്യാവകാശപ്രവർത്തകൻ കൂടിയായ ഫാ സ്റ്റാൻ സ്വാമി മരിച്ച സംഭവത്തിലും ചർച്ചയാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപിയാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്. 

കർഷക പ്രക്ഷോഭം ചട്ടം 267 പ്രകാരം ചർച്ച എന്ന് ആവശ്യപ്പെട്ട് ഇടത് എംപിമാരായ എളമരം കരീം, വി ശിവദാസൻ എന്നിവരും  രാജ്യസഭയിൽ നോട്ടീസ് നൽകി. ഫോൺ ചോർത്തലിൽ ചർച്ചയാവശ്യപ്പെട്ടും ബിനോയ് വിശ്വം രാജ്യസഭയിൽ നോട്ടീസ് നൽകിയിട്ടുണ്ട്. 

പാർലമെന്റിൽ ക്രിയാത്മകമായ ചർച്ചക്ക് പ്രതിപക്ഷം തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. സഭാ നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ അനുവദിക്കണം, കൊവിഡ് വ്യാപനത്തെ കുറിച്ച് പാർലമെന്റിൽ ചർച്ചയാകാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

ഓഗസ്റ്റ് 13 വരെ 19 സിറ്റിംഗാണ് ഈ സമ്മേളനത്തിലുള്ളത്. കൊവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രണങ്ങളോടെയാകും സമ്മേളനം നടക്കുക. പഞ്ചാബിൽ നിന്നുള്ള അംഗങ്ങൾ ഇരുസഭകളിലും കർഷക സമരം ഉയർത്തിയാകും സർക്കാരിനെതിരെ നീങ്ങുക. ഇതോടെ വർഷകാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ സഭാനടപടികൾ പ്രക്ഷുബ്ധമാകും