Pages

*SSLC പരീക്ഷയിൽ തോറ്റവർക്ക് അഭിനന്ദനങ്ങൾ ; തോൽവികളാണ് വിജയത്തിന്റെ മാറ്റ് കൂട്ടുന്നത്*

*SSLC പരീക്ഷയിൽ തോറ്റവർക്ക് അഭിനന്ദനങ്ങൾ ; തോൽവികളാണ് വിജയത്തിന്റെ മാറ്റ് കൂട്ടുന്നത്*
15-07-2021


മനുഷ്യ വംശത്തിന്റെ ഓരോ ജയത്തിന് പിറകിലും പരാജിതരുടെ അദൃശ്യമായ ഒരു നിരയുണ്ട് എന്ന ഓര്‍മ്മയുടെ പേരാണ് ജനാധിപത്യമെന്ന് 
നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജി പറഞ്ഞു. തോറ്റ മനുഷ്യര്‍ ഇല്ലായിരുന്നെങ്കില്‍ നമ്മുടെയൊക്കെ ജയങ്ങള്‍ക്ക് ഇത്രയും ഭംഗിയുണ്ടാകുമായിരുന്നോ. ആരൊക്കെയോ എവിടെയൊക്കെയോ തോറ്റു പോയത് കൊണ്ടല്ലേ നമ്മുടെയൊക്കെ ഒരോ ജയങ്ങളും എല്ലായിടത്തും അടയാളപ്പെടുന്നത്. ആ പരാജിതരുടെ ഒരു നിരയുണ്ട് നമ്മുടെ ഓരോ പരീക്ഷകളിലും. അവരെ എങ്ങനെയാണ് നമ്മള്‍ കണ്ടില്ലെന്ന് നടിക്കുക. മുഴുവന്‍ വിഷയങ്ങളിലും എ-പ്ലസ് കിട്ടിയവനെ നമ്മുടെ നാട്ടുകൂട്ടങ്ങളും സംഘടനകളും അഭിനന്ദിക്കും അപ്പോള്‍ അതുകണ്ട് ദൂരെ മാറി നില്‍ക്കുന്ന തോറ്റുപോയ കുട്ടികളുണ്ട്.

അവരോട് എങ്ങനെയാണ് നമ്മുടെ സമൂഹം നീതി പുലര്‍ത്തേണ്ടത്. അവരെയും പിടിച്ചു നിര്‍ത്തി അഭിനന്ദിക്കണം. തോറ്റുപോയവര്‍ക്ക് ജയത്തിലേക്കുള്ള വഴി കാണിച്ച്‌ കൊടുക്കണം. നമ്മള്‍ ജയിച്ചത് കൊണ്ട് മാത്രം ഈ ലോകം ഭംഗിയാകുമോ..? നമുക്ക് ചുറ്റുമുള്ള ഓരോ മനുഷ്യരും ജയിക്കണം. ഒരുപാട് തോല്‍വികളെ ഒരിക്കലെങ്കിലും ജയം കൊണ്ട് മറികടക്കാമെന്ന തോന്നല്‍
സമൂഹത്തില്‍ നമ്മള്‍ സൃഷ്ടിക്കണം. ഒരു മത്സരത്തില്‍ ഒപ്പം ഓടുന്നവരാണ് നമ്മള്‍ ഓരോരുത്തരും അതുകൊണ്ട് എല്ലാവരെയും നമ്മള്‍ പരിഗണിച്ചേ മതിയാകൂ. ജയിച്ചവരുടെ സന്തോഷങ്ങളില്‍ ഇന്ന് മുങ്ങിപ്പോകുന്ന തോറ്റവരുടെ സങ്കടങ്ങളെയും നമ്മള്‍ അടയാളപ്പെടുത്തേണ്ടതുണ്ട്. ഒരുപക്ഷെ അങ്ങനെ തോറ്റു പോയവരില്‍ ഒരു അബ്ദുൾ കലാമോ, ഒരു എബ്രഹാം ലിങ്കനോ ഉണ്ടായിരിക്കാം. അതുമല്ലെങ്കില്‍ ഒരു ഐന്‍സ്റ്റീനോ, ജാന്‍സി റാണിയോ ഉണ്ടായിരിക്കും.

എല്ലാവരും അംഗീകരിക്കപ്പെടുമ്പോഴാണ് ഇവിടെ ജനാധിപത്യമുണ്ടാകുന്നത്. തോറ്റുപോയതിലല്ല ഒരു കുട്ടിയും തകര്‍ന്നു പോകാറുള്ളത്. തോല്‍വിയെ സമൂഹം കാണുന്ന രീതിയോടും തോറ്റു പോയവരോട് നമ്മള്‍ കാണിക്കുന്ന അവജ്ഞയോടുമാണ് അവര്‍ യഥാര്‍ത്ഥത്തില്‍ തോല്‍വി സമ്മതിക്കാറുള്ളത്. പഠിച്ചവര്‍ക്ക് മാത്രം മൂല്യമുള്ള ഒരു നാടായി നമ്മുടേത് മാറുമ്പോള്‍ ഇവിടെ പഠിക്കാത്ത മനുഷ്യരാണ് ചരിത്രത്തില്‍ അടയാളപ്പെട്ടതെന്ന് ആരും ഓര്‍മ്മിക്കാറില്ല. തോറ്റവര്‍ ഇപ്പോഴും നമ്മുടെയൊക്കെ ക്ലാസ്സുകളില്‍ പിന്‍ ബെഞ്ചില്‍ ഇരിക്കേണ്ടവരാണല്ലോ.

ഒരു തോല്‍വി കൊണ്ട് ഈ ഭൂമിയില്‍ ഒരു നഷ്ടവും സംഭവിക്കുന്നില്ല. ഓരോ ജയങ്ങളും അടയാളപ്പെടുത്തുന്നത് പോലെതന്നെ ഓരോ പരാജയവും ഭൂമിയില്‍ സ്വര്‍ണ്ണ ലിപികളില്‍ തന്നെ അടയാളപ്പെടുന്നുണ്ട്. ഓര്‍ക്കുക തോറ്റവരുടെ തിളക്കമാണ് ജയിച്ചവര്‍ കടം വാങ്ങുന്നത്.

ജീവിതത്തിന്റെ ഏത് മേഖലയിലായാലും തോൽവിയുടെ രുചിയറിഞ്ഞവർക്ക് വീറോടും വാശിയോടും ലക്ഷ്യങ്ങൾ വെട്ടിപ്പിടിക്കാൻ ഈ ലോകത്ത് നിരവധി അവസരങ്ങൾ ഇനിയുമുണ്ട്.... സധൈര്യം മുന്നേറുക...