Pages

*20,000 പേരുടെ ജീവനെടുത്ത് കോവിഡില്‍ ഒന്നാമതെത്തിച്ചതാണ് ഭരണനേട്ടം- കെ സുധാകരന്‍*

*20,000 പേരുടെ ജീവനെടുത്ത് കോവിഡില്‍ ഒന്നാമതെത്തിച്ചതാണ് ഭരണനേട്ടം- കെ സുധാകരന്‍*
27-Aug-2021

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ നൂറു ദിനം പിന്നിടുമ്പോൾ കോവിഡ് വ്യാപനത്തിൽ കേരളത്തെ രാജ്യത്ത് ഒന്നാമത് എത്തിച്ച് ഇരുപതിനായിരം പേരുടെ ജീവനെടുത്തു എന്നതാണ് ഭരണനേട്ടമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വൻ പരാജയമാണ്. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണത്തിൽ 65 ശതമാനവും കേരളത്തിലാണ്.

മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണം താഴെയ്ക്ക് പോകുമ്പോൾ കേരളത്തിൽ മാത്രം തുടർച്ചയായി മുകളിലോട്ട് ഉയരുകയാണ്. രാജ്യത്ത് ആകെ 3.44 ലക്ഷം രോഗബാധിതരിൽ 1.82 ലക്ഷം രോഗികളും കേരളത്തിൽ നിന്നാണ്. ടി.പി.ആർ 19 ശതമാനത്തിന് മുകളിലാണ്. കോവിഡ് മാനദണ്ഡങ്ങളിലെ പിഴവ് പലതവണ ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടിയെങ്കിലും തിരുത്താൻ സർക്കാർ തയ്യാറായില്ലെന്നും സുധാകരൻ വാർത്താക്കുറിപ്പിൽ ആരോപിച്ചു.

കോവിഡ് സംബന്ധമായ യഥാർത്ഥ കണക്കുകൾ ഇതിനും മുകളിലാണ്. കോവിഡ് പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും സർക്കാർ ഒളിച്ചുകളി നടത്തുന്നു. സർക്കാർ കണക്കുപ്രകാരം 20,000 പേർക്കാണ് ഇതുവരെ ജീവഹാനി സംഭവിച്ചത്. യാഥാർത്ഥ്യം ഇതിനും അപ്പുറമാണ്. ഇനിയെത്രപേരെക്കൂടി കേരള സർക്കാർ കുരുതികൊടുക്കുമെന്നതാണ് ജനങ്ങളുടെ ആശങ്കയെന്നും സുധാകരൻ പറഞ്ഞു.

ലോകത്തിന് തന്നെ കേരള ആരോഗ്യ രംഗം മോഡലായിരുന്നു. അതിന്റെ കടയ്ക്കലാണ് പിണറായി സർക്കാർ കത്തിവെച്ചത്. കോവിഡ് പരിശോധനയിലും കേരളസർക്കാർ പരാജയമാണ്. ആന്റിജൻ പരിശോധനയ്ക്ക് മാത്രമാണ് സംസ്ഥാന സർക്കാർ പ്രാധാന്യം നൽകുന്നത്. വാക്സിൻ വിതരണത്തിലും അലംഭാവം തുടരുകയാണ്.

രണ്ടുകോടി പേർ ആദ്യഡോസ് വാക്സിൻ എടുത്തെങ്കിലും രണ്ടാം ഡോസ് വാക്സിൻ എടുത്തവരുടെ എണ്ണം 70 ലക്ഷം മാത്രമാണ്. രണ്ടാം ഡോസ് വാക്സിൻ പലയിടത്തും ലഭ്യമല്ല. വാക്സിൻ ചലഞ്ച് ഫണ്ടിലൂടെ 800 കോടി സംഭാവാന കിട്ടിയെങ്കിലും ഇതുവരെ ചെലവാക്കിയത് 50 കോടിയിൽ താഴെമാത്രമാണ്.

സംസ്ഥാന സർക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങളുടെ പേരിലുള്ള തുഗ്ലക് പരിഷ്ക്കാരങ്ങളുടെ ഫലമായി സാമ്പത്തിക പ്രതിസന്ധി കാരണം 35 പേരാണ് ഇതുവരെ ആത്മഹത്യ ചെയ്തത്. കോവിഡ് ദുരിതം കാരണം തൊഴിലും വരുമാനവുമില്ലാതെ കടക്കെണിയിൽപ്പെട്ട് ജീവിതം പോലും വെല്ലുവിളിയായി മാറിയ ഒരു ജനതയെ കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ലെന്ന് പറഞ്ഞ് പെറ്റിക്കേസ്സുകൾ ചുമത്തുക വഴി കേരളം സ്വരൂപിച്ച കോടികളുടെ കണക്ക് പുറത്തുവിടാൻ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകുമോ? ഇനിയെങ്കിലും ദുരഭിമാനം വെടിഞ്ഞ് കേന്ദ്ര ആരോഗ്യ സംവിധാനവുമായും കേരളത്തിലെ ഡോക്ടർമാരുടെ സംഘടനകളുമായും സഹകരിച്ച് കോവിഡ് പ്രതിരോധത്തിന് ശരിയായ മാർഗ്ഗം സ്വീകരിക്കുവാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ