Pages

*267 കോടി രൂപയ്ക്ക് പുറമെ ജില്ല ഒന്നിന് ഒരു കോടി രൂപ വീതം ; കേരളത്തിന്‌ കേന്ദ്രത്തിന്റെ സഹായം*

*267 കോടി രൂപയ്ക്ക് പുറമെ ജില്ല ഒന്നിന് ഒരു കോടി രൂപ വീതം ; കേരളത്തിന്‌ കേന്ദ്രത്തിന്റെ സഹായം*
18-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

രാജ്യത്ത് കോവിഡ് രോഗം രൂക്ഷമായ ഒരു സംസ്ഥാനമാണ് കേരളം. പ്രതിദിനം ദേശീയതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രോഗത്തിന്റെ പകുതിയോളം കേരളത്തിലാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിലെത്തിയത്. സംസ്ഥാനത്തെ ഓരോ ജില്ലയ്ക്കും ഒരു കോടി രൂപ വീതം അനുവദിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം. രണ്ടാം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തില്‍ 267 കോടി രൂപയുടെ പാക്കേജ് കേന്ദ്രം അനുവദിച്ചിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച 14 കോടി രൂപ ഓരോ ജില്ലകളിലെ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനാണ് ഉപയോഗിക്കുക.

നേരത്തെ കേരളത്തിന് അനുവദിച്ച പാക്കേജിന് പുറമെയാണ് ഓരോ ജില്ലയ്ക്കും ഓരോ കോടി രൂപ അനുവദിക്കുക. കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണ ജോര്‍ജും കേന്ദ്ര മന്ത്രിയോട് അഭ്യര്‍ഥിച്ചു. വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കി. അടുത്ത മാസത്തോടെ 1.11 കോടി വാക്‌സിന്‍ കേരളത്തിന് അനുവദിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. കേരളത്തിന് അടിയന്തരമായി ആവശ്യമുള്ള അത്രയുമാണ് അനുവദിക്കുക. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് മുന്‍ഗണന നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. കൂടുതല്‍ ഐസിയുവും ഓക്‌സിജന്‍ പ്ലാന്റും സ്ഥാപിക്കും. ഓണാഘോഷത്തിന്റെ വേളയില്‍ ജാഗ്രത നിര്‍ബന്ധമാണ്. ആവശ്യമുള്ള മുന്‍കരുതല്‍ എടുക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.

അതേസമയം, സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്സിന്‍ നല്‍കി. സംസ്ഥാനത്തെ വാക്സിനേഷന്‍ ചരിത്രത്തിലെ സുപ്രധാന ദിനം കൂടിയാണിത്. ജനുവരി 16ന് സംസ്ഥാനത്ത് വാക്സിനേഷന്‍ ആരംഭിച്ച്‌ 213 ദിവസം കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാനായത്. സംസ്ഥാനത്തിന്റെ വാക്സിനേഷന്‍ യജ്ഞത്തിനായി അവധി പോലും മാറ്റിവച്ച്‌ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ വീണ ജോര്‍ജ് അഭിനന്ദിച്ചു. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,45,13,225 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. 50.25 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച്‌ 61.98 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23.43 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്.

➖➖➖➖➖➖➖➖➖➖

*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*