സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപകർക്ക് ആശങ്ക വേണ്ട, Packs ജില്ലകമ്മിറ്റിയുടെ കത്ത് വൈറൽ ആകുന്നു.
സോഷ്യൽ മീഡിയയിലൂടെ ആയിരിക്കണക്കിന് ആളുകൾ ഷെയർ ചെയ്ത Packs പാലക്കാട് ജില്ലാ കമ്മിറ്റിയുടെ കത്ത്
ആരംഭിക്കുന്നത് ഇങ്ങനെയാണ്....
ആയിരത്തി അറുനൂറോളം പ്രാഥമിക സംഘങ്ങൾ ഉൾപ്പെടെ 5000ത്തിലധികം സംഘങ്ങളുംആരോഗ്യം, ടൂറിസം, തുടങ്ങി സമസ്ത മേഖലകളിലും മികച്ച പ്രകടനം നടത്തുന്ന ബൃഹത്തായ ഒന്നാണ് കേരളത്തിലെ സഹകരണ മേഖല. ഒറ്റപ്പെട്ട ചില സംഭവങ്ങളെ പെരുപ്പിച്ച് കാട്ടി ഈ മേഖലയെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി നടന്നു വരികയാണ്. അപൂർവ്വം ചില സർവ്വീസ് സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടന്നു എന്നതിനാൽ സംസ്ഥാനത്തെ മുഴുവൻ സഹകരണ സംഘങ്ങളിലും വലിയ സാമ്പത്തിക ക്രമക്കേട് നടക്കുന്നു എന്ന ചില മാധ്യമങ്ങളുടേയും തൽപരകക്ഷികളുടേയും പ്രചരണത്തെ തള്ളിക്കളയണം. കേരളത്തിലെ സാധാരണ മനുഷ്യരുടെ ഏതൊരാവശ്യവും പഞ്ചായത്തിലെ തനത് വിഭവങ്ങളുടെ സമാഹരണത്തിലൂടെ തന്നെ സാധ്യമാക്കുന്ന രീതിയാണ് പ്രാഥമിക ബാങ്കുകൾ ചെയ്യുന്നത്. നിക്ഷേപകനും വായ്പക്കാരനും ഒരേ സംഘത്തിലെ A ക്ലാസ്സ് മെമ്പർമാരായിരിക്കും. ജീവനക്കാരും ഭരണ സമിതി അംഗങ്ങളും അതേ പഞ്ചായത്തിലുള്ളവരും സമൂഹത്തിൽ ഏറെ സുപരിചിതരുമായിരിക്കും. ഒരേ ഗ്രാമത്തിൽ നിത്യവും കാണുന്നവർ ഭരണ സമിതിക്കാരും, നിക്ഷേപകരും, വായ്പക്കാരും, ജീവനക്കാരു മാകുന്ന സാധാരണക്കാർക്ക് ഏതൊരാവശ്യത്തിനും ആദ്യം ആശ്രയിക്കാവുന്നതും വിശ്വസിക്കാവുന്നതുമായ നാട്ടിലെ ഏക സ്ഥാപനമാണ് സഹകരണ ബാങ്കുകൾ. വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള വൈവിധ്യങ്ങളായ സേവനങ്ങളൊരുക്കി നല്കുന്ന ഓരോ ഗ്രാമത്തിൻ്റെയും ഐശ്വര്യമായി നിൽക്കുന്ന സ്ഥാപനങ്ങളാണ് ഇവ. സുദീർഘമായ പാരമ്പര്യം കൊണ്ടും സമ്പന്നമായ പ്രവർത്തന മികവു കൊണ്ടും അതിശയിപ്പിക്കുന്ന സേവന സന്നദ്ധത കൊണ്ടും സഹകരണ ബാങ്കുകൾ ഒട്ടേറെ പരിമിതികൾക്കിടയിലും മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്നു.രണ്ട്ലക്ഷം കോടിയിലധികം രൂപ സഹകരണ സംഘങ്ങളിൽ നിക്ഷേപമുണ്ട്.നിക്ഷേപത്തോളം തന്നെ വായ്പാ ബാക്കി നിൽപ്പും ഉണ്ട് എന്നതാണ് ഇതിൻ്റെ പ്രത്യേകത. അതത് പഞ്ചായത്തുകളിൽ തന്നെയാണ് നിക്ഷേപങ്ങൾ വായ്പയായി നല്കുന്നത്. പല വാണിജ്യ ബാങ്കുകളും ചെയ്യുന്നതു പോലെ ഷെയർ മാർക്കറ്റുകളിലൊ ഊഹക്കച്ചവടങ്ങളിലോ നിക്ഷേപിക്കുന്ന രീതി സഹകരണ ബാങ്കുകൾക്കില്ല. സ്ഥാപനം ലിക്വിഡേറ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാൽ നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടിയുമുണ്ട്. ഇത്രയും സുരക്ഷിതമായ പണമിടപാട് സ്ഥാപനങ്ങൾക്കെതിരായി നിരവധിയായ കള്ളപ്രചരണങ്ങളാണ് നടക്കുന്നത്.നിക്ഷേപങ്ങൾക്ക് താരതമ്യേന ഉയർന്ന പലിശയും ഏറ്റവും ചുരുങ്ങിയ സമയത്തിനകം വായ്പ ലഭ്യമാക്കുകയും എപ്പോൾ വേണമെങ്കിലും പണം നിക്ഷേപിക്കാനും പിൻ വലിക്കാനും സൗകര്യമൊരുക്കുകയും ചെയ്യുന്ന നാടിൻ്റെ വിളക്കുകളാണ് സഹകരണ സംഘങ്ങൾ. ഒറ്റപ്പെട്ട ചില സംഭവങ്ങളെ സാമാന്യവൽക്കരിക്കാനും പർവ്വതീകരിക്കാനും ഉപജാപങ്ങൾ മെനയാനും ശ്രമിക്കുന്നവർക്ക് അവരുടെ മോഹങ്ങൾ സാർഥകമാക്കാനാകില്ല.കാരണം സാമാന്യ ജനങ്ങളുടെ ജീവിതവുമായി അത്രമേൽ ഇഴചേർന്നിരിക്കുന്നു കേരളത്തിൽ ഈ പ്രസ്ഥാനം. നിരവധി കോർപ്പറേറ്റുകൾ ദേശസാൽകൃത ബാങ്കുകളിൽ നിന്നും ലക്ഷക്കണക്കിന് കോടികൾ മുക്കി രാജ്യം വിടുന്നത് അവർക്ക് ദല്ലാൾ പണി ചെയ്യുന്ന മാധ്യമ ഭീമൻമാർ കണ്ടില്ലെന്ന് നടിക്കുന്നതും, അത്യപൂർവ്വമായി മാത്രം കേരളത്തിൽ സംഭവിച്ചിട്ടുള്ളതാണ് ഏറ്റവും വലിയ ബാങ്ക് കൊള്ളയെന്ന തരത്തിൽ പ്രചരിപ്പിക്കുന്നതും എന്തിനെന്ന് ഈ നാട് തിരിച്ചറിയുക തന്നെ ചെയ്യും. അപൂർവ്വ മെങ്കിലും സഹകരണ മേഖലക്കാകെ കളങ്കം വരുത്തുന്ന ഇത്തരം പ്രവൃത്തികളെ സാധൂകരിക്കാനല്ല ഇത് പറയുന്നത്. അത് കേവലം ഒറ്റപ്പെട്ട സംഭവമാണെന്ന യാഥാർഥ്യം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കേണ്ട ബാധ്യത ഉത്തരവാദപ്പെട്ട മാധ്യമ ധർമ്മമെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. തങ്ങൾക്ക് നേരെ വരുന്ന ഏത് അക്രമങ്ങളെയും ഭയാശങ്കകളില്ലാതെ നേരിടാൻ കേരളത്തിലെ സഹകാരി സമൂഹത്തിനാകും.പ്രതിസന്ധികളെ ജന വിശ്വാസം കൊണ്ടും നിയമപരമായി നേരിട്ടും അതിജീവിച്ച ചരിത്രമാണ് സഹകാരികൾക്ക് ഉള്ളത്.ഇവിടെയും അതു തന്നെ സംഭവിക്കും. അത്രക്ക് കരുതലോടും ജാഗ്രതയോടും സഹകാരി സമൂഹം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ ഒരു പ്രചരണത്തിനും തകർക്കാനാകാത്ത വിശ്വാസത്തോടെ ജനമനസ്സുകളിൽ ഒന്നാം സ്ഥാനത്തുള്ള സഹകരണ പ്രസ്ഥാനത്തിനും അതിന് നേതൃത്വം കൊടുക്കുന്ന സഹകാരികൾക്കും അതിജീവനത്തിൻ്റെ ഉദാത്തമാതൃകകൾ സൃഷ്ടിക്കാനാകും.ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവരും അവരുടെ ബാങ്കിംഗ് ആവശ്യങ്ങൾക്ക് മാത്രമല്ല അവർ നേരിടുന്ന ഏത് പ്രശ്നങ്ങളിലും ആദ്യം ഓടിയെത്തി സാന്ത്വനവും പ്രതിക്ഷയും നല്കുന്നവരാണ് കേരളത്തിലെ സഹകാരി സമൂഹം, അതു കൊണ്ടു തന്നെ ദുഷ്പ്രചരണങ്ങളെ ഞങ്ങൾ തള്ളിക്കളയുകയും ജന വിശ്വാസത്തെ നെഞ്ചേറ്റുകയും ചെയ്യും. അപൂർവ്വം ചില കറുത്ത പുള്ളികളെ മാറ്റിനിർത്തിയാൽ കേരളത്തിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ചാലകശക്തിയായി പ്രവർത്തിക്കുന്നതും, നിക്ഷേപങ്ങൾ പഞ്ചായത്തിന് പുറത്തേക്ക് പോകുന്നില്ല എന്നതും സഹകരണ പ്രസ്ഥാനത്തിൻ്റെ മേൻമ തന്നെയാണ്.അതുകൊണ്ടുതന്നെ ആർക്കും ഒരു പൈസയും നഷ്ടമാകില്ല...
എന്നു പറഞ്ഞു കൊണ്ടാണ് Packs അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി യുടെ കത്ത് അവസാനിക്കുന്നത്.