Pages

എന്താണ് ഇ -റുപ്പി...? അതുവഴി പണമില്ലാതെ എങ്ങനെ സർക്കാർ സേവനങ്ങൾ ലഭ്യമാക്കാം

എന്താണ് ഇ -റുപ്പി...? അതുവഴി പണമില്ലാതെ എങ്ങനെ സർക്കാർ സേവനങ്ങൾ ലഭ്യമാക്കാം

 ഇടനിലക്കാരുടെയും മധ്യസ്​ഥന്‍മാരുടെയും മറ്റും ഇടപെടലിന്‍റെ ഫലമായി സര്‍ക്കാര്‍ സഹായം ജനങ്ങളിലേക്ക്​ ഫലപ്രദമായി എത്തുന്നില്ലെന്ന പരാതി വ്യാപകമായി ഉയരാന്‍ തുടങ്ങിയിട്ട്​ നാളുകള്‍ ഏറെയായി.
ക്ഷേമപദ്ധതികളിലെ അഴിമതിയും വഞ്ചനയും കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പായാണ്​ ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.ടി) ആരംഭിച്ചത്. ആധുനിക സാങ്കേതികവിദ്യയും ഐ.ടി ഉപകരണങ്ങളും ഉപയോഗപ്പെടുത്തി വേഗത്തില്‍ ഫണ്ട്​ ഒഴുകാനും കൃത്യമായ ഗുണഭോക്താക്കളില്‍ എത്തിക്കാനുമാണ്​ ഇതിലൂടെ ലക്ഷ്യമിടുന്നത്​.
ഫണ്ട്​ വിതരണത്തിലെ ഈ 'ചോര്‍ച്ച' തടയാന്‍ കേന്ദ്ര സര്‍ക്കാറിന്‍റെ ഏറ്റവും പുതിയ സംരംഭമായ ഇ-റുപ്പി ഇന്നലെ ​ പ്രധാനമന്ത്രി അവതരിപ്പിച്ചു.
ഇ-റുപ്പിയെ കുറിച്ച്‌​ അറിയേണ്ടതെല്ലാം വിവരിക്കുകയാണ്​ ചുവടെ.

എന്താണ്​ ഇ-റുപ്പി...?

രാജ്യത്ത്​ ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായായാണ്​ ഇ -റുപ്പി അവതരിപ്പിക്കുന്നത്​. ഇലക്​ട്രോണിക്​ വൗച്ചര്‍ അടിസ്​ഥാനമാക്കിയുള്ള ഡിജിറ്റല്‍ പേമെന്‍റ്​ സിസ്റ്റം നാഷനല്‍ പേമെന്‍റ്​സ്​ കോര്‍പ​റേഷനാണ്​ (എന്‍.പി.സി.ഐ) വികസിപ്പിച്ചത്​.
ദേശീയ സാമ്പത്തിക സേവന വകുപ്പ്​, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ്​ യു.പി.ഐ പ്ലാറ്റ്​ഫോമില്‍ ഇത്​ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഡിജിറ്റല്‍ പേമെന്‍റിന്‍റെ പണ -സമ്പർക്കരഹിത രൂപമാണ്​ ഇ-റുപ്പി.

ഇ -റുപ്പി സേവനം എങ്ങനെ ഉപയോഗപ്പെടുത്താം?

ഇ-റൂപ്പി സംവിധാനം മൊബൈല്‍ ഫോണുകളെ ആശ്രയിച്ചാണ്​. ഇത് തടസ്സമില്ലാത്ത ഒറ്റത്തവണ പേയ്‌മെന്‍റ്​ സംവിധാനമാണ്. ഒരു ഗുണഭോക്താവിന് അവരുടെ മൊബൈല്‍ ഫോണില്‍ ഒരു ക്യു.ആര്‍ കോഡ് അല്ലെങ്കില്‍ എസ്​.എം.എസ്​ അധിഷ്‌ഠിത ഇ-വൗച്ചര്‍ ലഭിക്കും. അത് വിവിധ സേവന ദാതാക്കളില്‍ നിന്ന് വീണ്ടെടുക്കാം. ഉദാഹരണത്തിന് ആശുപത്രിയിലോ അല്ലെങ്കില്‍ ആരോഗ്യ കേന്ദ്രത്തിലോ വൗച്ചറുകള്‍ ഉപയോഗപ്പെടുത്താം. ഇ -റുപ്പി പേമേന്‍റെ്​ സേവനത്തിന്‍റെ സഹായത്തോടെ കാര്‍ഡ്​, ഡിജിറ്റല്‍ പേമെന്‍റ്​ ആപ്പ്​, ഇന്‍റര്‍നെറ്റ്​ ബാങ്കിങ്​ ഇല്ലാതെ ഉപഭോക്താവിന്​ വൗച്ചര്‍ ഉപയോഗിക്കാന്‍ കഴിയും. ക്യാഷ്​ലെസ്​ ആയി കോവിഡ്​ വാക്​സിനേഷനുള്ള സൗകര്യവും ഇ-റുപ്പി ഒരുക്കുന്നു.
ഇ -റുപ്പി സേവനങ്ങളുടെ സ്​പോണ്‍സര്‍മാരുമായി ഉപഭോക്താക്കളെയും സേവന ദാതാക്കളെയും ഡിജിറ്റല്‍ രൂപത്തില്‍ ബന്ധിപ്പിക്കും. ഇടപാട്​ പൂര്‍ത്തിയായതിന്​ ശേഷം മാത്രമേ സേവന ദാതാവിന്​ പണം ലഭിക്കൂവെന്നും ഉറപ്പാക്കും. പ്രീ പെയ്​ഡ്​ സേവനമാണ്​ അടിസ്​ഥാനം. അതിനാല്‍ സേവന ദാതാവിന്​ കൃത്യസമയത്ത്​ പണം ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും. സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ഇന്ത്യ, എച്ച്‌​.ഡി.എഫ്​.സി ബാങ്ക്​, ആക്​സിസ്​ ബാങ്ക്​, പഞ്ചാബ്​ നാഷനല്‍ ബാങ്ക്​ എന്നിവര്‍ ഇ-റുപ്പി സംവിധാനത്തോട്​ സഹകരിക്കുന്നു.

ഇ -റുപ്പി ഗുണഭോക്താക്കള്‍ ആരൊക്കെ​?

സ്​ത്രീകള്‍ക്കും കുട്ടികള്‍ക്കും മരുന്ന്​, പോഷകാഹാര പിന്തുണ നല്‍കുന്ന പദ്ധതികളിലേക്ക്​ ഇ-റുപ്പി സേവനം ഉറപ്പുവരുത്താം. മാതൃ -ശിശു ക്ഷേമ പദ്ധതികള്‍, ക്ഷയരോഗ നിര്‍മാര്‍ജന പരിപാടികള്‍, ആയുഷ്​മാര്‍ ഭാരത്,​ പ്രധാന്‍ മന്ത്രി ജന്‍ ​ആരോഗ്യ യോജന, വളം സബ്​സിഡികള്‍ തുടങ്ങിയവയുടെ സേവനങ്ങള്‍ക്കായി ഉപ​േയാഗിക്കാം.
സ്വകാര്യ മേഖലക്കും ഈ ഡിജിറ്റല്‍ വൗച്ചറുകള്‍ അവരുടെ ജീവനക്കാരുടെ ക്ഷേമ പദ്ധതികള്‍ക്കും സി.എസ്​.ആര്‍ ഫണ്ടുകളുടെയും ഭാഗമായി പ്രയോജനപ്പെടുത്താനാകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ്​ അറിയിച്ചു.
മൊബൈല്‍ നമ്പർ മതി ബാങ്ക്​ അക്കൗണ്ട്​ ആവശ്യമില്ല
ഡി.ബി.ടി പദ്ധതികള്‍ക്കായി ജന്‍ധന്‍ അക്കൗണ്ട്​, ആധാര്‍ നമ്പർ , മൊബൈല്‍ നമ്പർ എന്നിവ ആവശ്യമാണ്​. ആധാര്‍ നമ്പർ നിര്‍ബന്ധമല്ല. എന്നാല്‍ ഇ-റുപ്പിക്ക്​ ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങള്‍ ആവശ്യമില്ല. ഗുണഭോക്താവിന്‍റെ മൊബൈല്‍ നമ്പർ മാത്രമാണ്​ ആവശ്യം. ഗുണഭോക്താക്കള്‍ക്ക് സഹായം എത്തിക്കുന്നതിനായി ഡി.ബി.ടി പദ്ധതി 100 കോടി മൊബൈല്‍ കണക്ഷനുകളെ ആശ്രയിക്കുന്നു.
ഇന്ത്യയിലെ നാഗരിക ജനസംഖ്യയുടെ 85 ശതമാനവും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി 2019ല്‍​ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.