*വാഹന നികുതി മുടക്കിയവരെ കാണ്മാനില്ല; മോട്ടോര്‍ വാഹന വകുപ്പിന് കിട്ടാനുള്ളത് 772 കോടി*


05-Sep-2021 

വാഹനനികുതിയിൽ കുടിശ്ശിക വരുത്തിയവരെ കണ്ടെത്താൻ കഴിയാത്തതിനാൽ മോട്ടോർവാഹനവകുപ്പിന്റെ കിട്ടാക്കടം 772 കോടിരൂപ കവിഞ്ഞു. നികുതി അടയ്ക്കാതെ മുങ്ങിയ ഉടമകളെ കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്. വാഹനങ്ങൾ പിടിച്ചെടുക്കാമെന്നുവെച്ചാൽ ഇവയിൽ ഭൂരിഭാഗവും നിരത്തിലില്ല. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ കണ്ടെത്തിയാലും ജപ്തിചെയ്ത് തുക ഈടാക്കുക പ്രായോഗികമല്ല. ഭൂരിഭാഗം വാഹനങ്ങളും നാശോന്മുഖമായി.

ഉടമയെ കണ്ടെത്തി തുക ഈടാക്കുകയെന്നതാണ് അടുത്ത വഴി. എന്നാൽ, രജിസ്ട്രേഷൻ രേഖകളിലെ പല വിലാസങ്ങളും കൃത്യമല്ല. അയക്കുന്ന നോട്ടീസുകൾ വിലാസക്കാരനെ കണ്ടെത്താൻ കഴിയാത്തതിനാൽ മടങ്ങുന്നു. റവന്യൂവകുപ്പിന്റെ സഹായത്തോടെയുള്ള ജപ്തിനടപടികളും ഒരു പരിധിക്കപ്പുറം വിജയിക്കുന്നില്ല.

വാഹന രജിസ്ട്രേഷനും ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ചാൽ മറ്റെവിടെയെങ്കിലും വസ്തുവകകൾ ഉണ്ടെങ്കിൽ അതിൽനിന്നു കുടിശ്ശിക ഈടാക്കാനാകും. ഭൂരിഭാഗം കേസുകളിലും വാഹന ഉടമയുടെ പേരിൽ റവന്യൂ റിക്കവറി നടപടികളിലേക്കു കടന്നിട്ടുണ്ട്. കുടിശ്ശിക വരുത്തിയ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ അതത് വില്ലേജുകൾക്കു കൈമാറുകയാണു പതിവ്.

*നികുതിക്കുടിശ്ശിക ജില്ലതിരിച്ച് (കോടിയിൽ)*

തിരുവനന്തപുരം 51.44
കൊല്ലം 68.08
പത്തനംതിട്ട 20.05
ആലപ്പുഴ 9.73
ഇടുക്കി 11.16
കോട്ടയം 39.21
എറണാകുളം 129.58
തൃശ്ശൂർ 141.99
പാലക്കാട് 54.9
മലപ്പുറം 106.75
കോഴിക്കോട് 33.58
വയനാട് 7.76
കണ്ണൂർ 67.05
കാസർകോട് 30.89

➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*