ദാരിദ്ര്യം
എന്താണെന്നു
മലയാളിക്ക് അറിയില്ല.
അവന്റെ കാഴ്ചപ്പാടിൽ മകളെ കെട്ടിക്കാൻ കാശ് തികയാത്തതാണു വലിയ ദാരിദ്ര്യം.
ഐ ഫോൺ വാങ്ങാനും പുതിയ ബൈക്ക് വാങ്ങാനും പണമില്ലാത്തതാണ് മലയാളി യുവാക്കളുടെ കാഴ്ചയിൽ ഏറ്റവും വലിയ ദാരിദ്ര്യം.
ദാരിദ്ര്യം കേട്ടറിവു മാത്രമേയുള്ളു.
അവർക്കനുഭവ പാഠമില്ല....!
ദാരിദ്ര്യം എന്തെന്നു അറിയണമെങ്കിൽ,
അതിന്റെ അവസ്ഥാവിശേഷങ്ങളെ ഗണിച്ചെടുക്കണമെങ്കിൽ
സുഡാനിലെയോ ഏത്യോപ്യയിലെയോ വർത്തമാന ചിത്രം വായിക്കേണ്ടതില്ല.
ഒരു വട്ടം നമ്മുടെ ഇന്ത്യാ മഹാരാജ്യം ചുറ്റി സഞ്ചരിച്ചാൽ മാത്രം മതി.
ദാരിദ്ര്യത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ നേർച്ചിത്രം ആ ഒരൊറ്റ കാഴ്ചയിൽ വരച്ചെടുക്കാൻ കഴിയും.
ഒരുനേരത്തെ ആഹാരത്തിന് വകയില്ലാത്തവര്‍,
തലചായ്ക്കാന്‍ വീടിന്റെ സുരക്ഷിതത്വം ഇല്ലാത്തവര്‍,
എഴുത്തും വായനയും അറിയാതെ പ്രയാസപ്പെടുന്നവര്‍,
ആരോഗ്യ പരിപാലനത്തിനും വിദ്യാഭ്യാസത്തിനും അവസരം ലഭിക്കാത്തവര്‍..
ഇതാണ് മലയാളിക്ക് തീർത്തും അന്യമായ ദാരിദ്ര്യം.
ദാരിദ്ര്യം മൂലം കുടുംബം പോറ്റാന്‍ വഴിയില്ലാതെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി ആത്മഹത്യ ചെയ്ത കുടുബനാഥയായ സ്ത്രീ,
ഭാര്യക്ക് മരുന്നു വാങ്ങാൻ പണമില്ലാത്തതിനാൽ സ്വന്തം കുഞ്ഞിനെ എഴുന്നൂറ് രൂപയ്ക്ക് വിറ്റ കുടുംബനാഥൻ..
ഇതാണു മലയാളിക്ക് കേട്ടുകേൾവിപോലുമില്ലാത്ത ദാരിദ്ര്യം.
തൂക്കി കൊല്ലാന്‍ വിധിക്കപ്പെട്ട കുറ്റവാളിയോട് അവസാനത്തെ ആഗ്രഹമെന്താണെന്നു ജയില്‍ അധികൃതര്‍ ചോദിച്ചപ്പോൾ ചപ്പാത്തിയും ചിക്കൻ കറിയും കഴിക്കണമെന്നായിരുന്നു മറുപടി.
ജയില്‍ അധികൃതര്‍ കൊടുത്ത ചപ്പാത്തിയും ചിക്കൻ കറിയും പകുതി കഴിച്ച ശേഷം ബാക്കി പൊതിഞ്ഞു കെട്ടി തിരിച്ചു കൊടുത്തു.
_‘എന്റെ മകന്‍ ജയിലിനു പുറത്തുണ്ട്._
_ഇതവന് കൊടുക്കണം._
_ഇത്രയും സ്വാദുള്ള ഭക്ഷണം അവന്‍ ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല.’_
ഇതാണ് മലയാളിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ദാരിദ്ര്യം.
ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ ദയനീയമായ ജീവിത യാഥാർഥ്യങ്ങളെ നേരിട്ട് കാണുക.
അവരുടെ ഭക്ഷണം,
അവരുടെ വസ്ത്രം,
അവരുടെ പാർപ്പിടം..
മലയാളിയുടെ ഭാഗ്യജീവിതത്തിന്റെ ഏഴയലത്തുപോലും എത്താൻ സാധിക്കാത്ത ആ കാഴ്ച നമ്മുടെ ചിന്തകളെ മാറ്റിമറിച്ചേക്കാം.
ഒരുവേള കണ്ണുകളെ ഈറനണിയിച്ചേക്കാം.
പല ഉള്‍നാടന്‍ ഗ്രാമങ്ങളുടെയും അവസ്ഥ ഇതിലും പരിതാപകരമാണ്.
ഡൽഹി, മുംബൈ തുടങ്ങിയ മെട്രൊ നഗരങ്ങളിലെ വർണ്ണ ശഭളമായ പഞ്ചനക്ഷത്ര കാഴ്ചകൾക്കും ഒരു മറുകാഴ്ചയുണ്ട്.
ഒരുനേരത്തെ ഭക്ഷണം മാത്രം ലക്ഷ്യം വെച്ച് ഒരു ദിവസത്തെ ജീവിതം തുടങ്ങുന്ന ആയിരങ്ങളെ നേരിട്ട് കാണാം.
ചൂടത്ത് പുകഞ്ഞൊലിച്ചും തണുപ്പത്ത് മരവിച്ചും മഴയത്ത് നനഞ്ഞും പാതയോരങ്ങളിലും പാലങ്ങൾക്കടിയിലും നരകിച്ചു ജീവിക്കുന്ന ആയിരക്കണക്കിനു മനുഷ്യരെ കാണാം.
ഒട്ടിയ വയറും മുഷിഞ്ഞ ഉടുപ്പും കുഴിഞ്ഞ കണ്ണുകളുമുള്ള കുഞ്ഞുങ്ങളെ കാണാം.
ചീറിപ്പായുന്ന ആഡംബര വാഹനങ്ങളുടെ ശബ്ദങ്ങളാൽ ആടിയുലയുന്ന കീറത്തുണി കൊണ്ട് കെട്ടിയ കുടിലുകൾ കാണാം.
വാഹനങ്ങളുടെ നിലയ്ക്കാത്ത ആരവങ്ങൾക്കിടയിലും കൂർക്കം വലിച്ചുറങ്ങുന്ന തെരുവിലെ കുഞ്ഞുങ്ങളെ കാണാം...
ആംബുലൻസ് ലഭിക്കാതെ ഭാര്യയുടെ മൃതദേഹം ചുമക്കേണ്ടി വന്നവനും നമുക്കിടയിൽ ഉണ്ട്...
ഇതാണു നമ്മുടെ രാജ്യം.
സമ്പന്നൻ അതിസമ്പന്നൻ ആവുകയും ദരിദ്രൻ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നും കരകയറാൻ കഴിയാത്ത വിധം കൈകാലിട്ടടിക്കുകയും ചെയ്യുന്ന കാഴ്ച.
രാജ്യത്തിന്റെ എക്കണോമിയെ കുറിച്ചോ ജി.ഡി.പി വളർച്ചാ നിരക്കിനെ കുറിച്ചോ അവരോട് ചോദിക്കരുത്.
അവർക്കറിയില്ല.
രാജ്യം സാമ്പത്തിക പുരോഗതി നേടിയ കാര്യത്തെകുറിച്ചു പറഞ്ഞാൽ കറ നിറഞ്ഞ ദന്തനിരകൾ പുറത്ത് കാട്ടി ആ പട്ടിണിക്കോലങ്ങൾ ചിരിക്കും.
ഡൈനിംഗ് ഹാളിലെ
ഗ്ലാസ്സ് പതിച്ച നീണ്ടുപരന്ന മേശയിൽ നൂറുകൂട്ടം വിഭവങ്ങൾ നിരത്തി ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന മലയാളിക്ക്
കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞ ഇലയിൽ നിന്നും അവശേഷിച്ച വറ്റെടുത്ത് ആർത്തിയോടെ വിഴുങ്ങുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ അറപ്പ് തോന്നും..
സമൃദ്ധിയുടെ കൊട്ടാരത്തിൽ കാലിന്മേൽ കാൽ കയറ്റി വെച്ച് ദാരിദ്ര്യത്തിന്റെ ജനിതക ഓര്‍മ്മകളെ കൊഞ്ഞനം കുത്തുന്ന മലയാളിക്ക്
തെരുവിലെ മുഷിഞ്ഞ തുണിക്കഷ്ണങ്ങൾ കൊണ്ട് വലിച്ചു കെട്ടിയ കുടിലുകൾ കാണുമ്പോൾ ഓക്കാനം വരും.
മലയാളി
ദാരിദ്ര്യം അറിഞ്ഞിട്ടില്ല.
അറിഞ്ഞിരുന്നെങ്കിൽ അവന്റെ പൊങ്ങച്ചത്തിനും ധൂർത്തിനും അഹങ്കാരത്തിനും അവനെന്നേ ഒരു പരിധി നിശ്ചയിച്ചേനേ