Pages

*പെട്രോൾ-ഡീസൽ വില ഇനിയും കുതിക്കും; ക്രൂഡ് ഓയിൽ 80 ഡോളറിലേക്ക്*


28-Sep-2021

രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിക്കാൻ സാധ്യത. രാജ്യാന്തര വിപണിയിൽ ഒരു ബാരൽ ബ്രന്റ് ക്രൂഡ് ഓയിലിന്റെ വില 80 രൂപയിലേക്ക് അടുക്കുന്നു. 79.25 ഡോളറാണ് ഇന്നത്തെ വില. ആഗോള തലത്തിൽ ഉണ്ടാകുന്ന വിലക്കയറ്റം ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ന് മാത്രം ഡീസലിന് 22 പൈസയാണ് കൂടിയത്. പെട്രോളിന് 26 പൈസയും കേരളത്തിൽ കൂടി.

ലോക രാഷ്ട്രങ്ങളിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൊണ്ടുവന്ന ഇളവുകളിലൂടെ ഇന്ധന ഉപഭോഗം വർധിച്ചതാണ് വില വർധിക്കാൻ കാരണം. തുടർച്ചയായ അഞ്ചാം ദിവസമാണ് ബ്രന്റ് ക്രൂഡ് ഓയിലിന്റെ വില വർധിക്കുന്നത്. ഒരു ബാരൽ ക്രൂഡ് ഓയിലിന്റെ വില 100 ഡോളറിലെത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ക്രൂഡ് ഓയിൽ വില ഉയർന്നാൽ ഇന്ത്യയിലും വില വർധിക്കാൻ കാരണമാകും.

കഴിഞ്ഞ വർഷം ഏപ്രിലിൽ ഒരു ബാരൽ ബ്രന്റ് ക്രൂഡ് ഓയിലിന്റെ വില വെറും 19.33 ഡോളർ മാത്രമായിരുന്നു. എന്നാൽ അത് 80 ഡോളറിലേക്ക് അടുക്കുന്നതായാണ് വിപണി സൂചിപ്പിക്കുന്നത്. അമേരിക്കയിൽ ക്രൂഡ് ഓയിൽ ഉത്പാദനം കുറഞ്ഞതും അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില വർധിക്കാൻ കാരണമാകുന്നുണ്ട്.

ഇന്ന് കേരളത്തിലെ ഒരു ലിറ്റർ പെട്രോൾ വില ശരാശരി 101 രൂപയാണ്. ഡീസൽ വില 95 രൂപയും. കുതിച്ചുയരുന്ന ഇന്ധന വില നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇന്ധന വില വീണ്ടും ഉയരാൻ സാധ്യതയുണ്ട്. പെട്രോൾ,ഡീസൽ വിലയെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരാൻ നടന്ന ചർച്ചയിൽ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങൾ എതിർക്കുകയായിരുന്നു.
➖➖➖➖➖➖➖➖➖➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*