19-Sep-2021
ദില്ലി: രാജ്യത്തെ വിമാനക്കമ്പനികൾക്ക് ഇനിമുതൽ 85 ശതമാനം ആഭ്യന്തര സർവീസുകളും നടത്താമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 12 മുതൽ 72.5 ശതമാനം സർവീസുകൾ നടത്താൻ വിമാനക്കമ്പനികൾക്ക് മന്ത്രാലയം അനുമതി നൽകിയിരുന്നു.
കൊവിഡ് പ്രതിസന്ധികളെ തുടർന്ന് സമ്മർദ്ദത്തിലായ മേഖലയ്ക്ക് കൂടുതൽ സർവീസുകൾ നടത്താൻ അനുമതി ലഭിക്കുന്നത് ഗുണകരമാകുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് പിന്നാലെ 33 ശതമാനം സർവീസുകൾക്ക് മാത്രമാണ് അനുമതി ലഭിച്ചിരുന്നത്.
രോഗവ്യാപന സാധ്യതയും യാത്രക്കാരുടെ കുറവും പരിഗണിച്ചായിരുന്നു ഇത്. എന്നാൽ, പിന്നീട് ഡിസംബറോടെ ആഭ്യന്തര സർവീസുകൾ 80 ശതമാനമാക്കി ഉയർത്തിയിരുന്നു. പിന്നീട് 2021 ജൂണിൽ സർവീസുകൾ 50 ശതമാനമാക്കി കുറച്ചു. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്നായിരുന്നു നിയന്ത്രണം.
രണ്ടാം തരംഗത്തെ തുടർന്നുളള നിയന്ത്രണങ്ങൾക്ക് ശേഷം, ജൂലൈ അഞ്ചിന് ആകെ സർവീസുകൾ 65 ശതമാനത്തിലേക്ക് ഉയർത്തി. പിന്നീട് കൂടുതൽ ഇളവുകൾ സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ ഓഗസ്റ്റ് 12 ന് ശേഷം സർവീസുകൾ 72.5 ശതമാനമാക്കി നിശ്ചയിക്കുകയായിരുന്നു.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*